Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘വിദ്യാർഥികളെ കേൾക്കാൻ...

‘വിദ്യാർഥികളെ കേൾക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്, അവർ നാടിന്‍റെ ഭാവി വാഗ്ദാനങ്ങള്‍’; നീറ്റ് സമരത്തിന് പിന്തുണയുമായി ആസിഫ് അലി

text_fields
bookmark_border
asif ali
cancel
camera_alt

ആസിഫ് അലി

രാജ്യത്ത് വലിയ രീതിയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന, സി.ജെ.പി നേതൃത്വം നൽകുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ആസിഫ് അലി. ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുവതലമുറയാണ് ഇന്ത്യയുടെ ഭാവിയെന്നും, അവരുടെ ആവശ്യങ്ങൾ കേൾക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും താരം വ്യക്തമാക്കി.

‘ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാര്‍ഥികളും യുവജനങ്ങളും ഈ നാടിന്‍റെ ഭാവി വാഗ്ദാനങ്ങള്‍ കൂടിയാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണ്. അവര്‍ക്കൊപ്പം അണി ചേരേണ്ടത് പൊതുസമൂഹത്തിന്‍റെ കടമയും. വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’ എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ.

ആസിഫ് അലിയുടെ സോഷ്യൽ മീഡിയ കുറിപ്പിന് താഴെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. താരത്തിന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകൾ പങ്കുവെക്കുന്നുണ്ട്. വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച ആസിഫ് അലിയെ പ്രശംസിച്ചുകൊണ്ട് വലിയൊരു വിഭാഗം രംഗത്തെത്തി. അനീതിക്കെതിരെ ശബ്ദമുയർത്തിയ താരത്തിന്റെ നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇവർ വ്യക്തമാക്കുന്നു.

സമാധാനപരമായി നടന്ന സമരത്തെ പൊലീസ് അതിക്രമത്തിലൂടെ അടിച്ചമർത്താൻ ശ്രമിച്ചത് ജനാധിപത്യവിരുദ്ധവും അപലപനീയവുമാണെന്നാണ് ഇവരുടെ വാദം. അതേസമയം, താരത്തിന്റെ പ്രസ്താവനയിൽ വിയോജിപ്പ് രേഖപ്പെടുത്തി ഒരു വിഭാഗം ആളുകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആസിഫ് അലിയുടെ സിനിമകൾ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇവർ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.

അതേസമയം വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ചലച്ചിത്ര താരങ്ങൾക്ക് നേരെ പ്രതിഷേധവും സൈബർ ആക്രമണവും കനക്കുകയാണ്. സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച നടൻ ടൊവിനോ തോമസിന്റെ വീടിന് മുന്നിലേക്ക് ബി.ജെ.പിയുടെ പോഷക സംഘടനയായ യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി.

ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിലായിരുന്നു യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. വായ് മൂടിക്കെട്ടി പ്രകടനമായെത്തിയ പ്രവർത്തകർ നടന്റെ നിലപാടിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അനാവശ്യ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി നടന്റെ വീടിന് മുന്നിൽ പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച വിസ്മയ മോഹൻലാലിന് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ മോശം പരാമർശങ്ങളുമായും അധിക്ഷേപങ്ങളുമായും വലിയൊരു വിഭാഗം ആളുകളാണ് എത്തുന്നത്. വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോഴും വിദ്യാർത്ഥികളുടെ അവകാശ പോരാട്ടത്തിന് പിന്തുണയർപ്പിച്ച് കൂടുതൽ സിനിമാ താരങ്ങൾ മുന്നോട്ടുവരുന്നുണ്ട്.

ദുൽഖർ സൽമാൻ, വിസ്മയ മോഹൻലാൽ എന്നിവർക്ക് പുറമെ മലയാളത്തിലെയും ഇതര ഭാഷകളിലെയും ഒട്ടനവധി പ്രമുഖ സിനിമാ പ്രവർത്തകരാണ് വിദ്യാർഥി പ്രക്ഷോഭത്തിന് അനുകൂലമായി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രംഗത്തെത്തിയിട്ടുള്ളത്. സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് നേരെ നടക്കുന്ന അടിച്ചമർത്തലുകൾക്കെതിരെയും, വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇവർ സംസാരിക്കുന്നു.

Show Full Article
TAGS:CJP Protest Asif Ali student protest Cyber Attack Tovino Thomas Vismaya Mohanlal 
News Summary - Asif Ali Extends Support To CJP Protests
Next Story