കുട്ടിക്കാലത്തെ പ്രിയപ്പെട്ട സിനിമകളിൽ ഭൂരിഭാഗവും ഇവരുടേത്; ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് സ്വപ്നസാക്ഷാത്കാരം
text_fieldsമോഹൻലാലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം അവയവദാനത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സത്യൻ അന്തിക്കാടിനും മോഹൻലാലിനും ഒപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ബേസിൽ.
'ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ഒരു സ്വപ്നസാക്ഷാത്കാരമാണ്. തികച്ചും നൊസ്റ്റാൾജിയ. എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട സിനിമകളിൽ ഭൂരിഭാഗവും ഈ ഐക്കണിക് ജോഡികളുടേതായിരുന്നു. വർഷങ്ങൾക്ക് ശേഷം, അവരുടെ 'ഹൃദയപൂർവം' എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. സത്യൻ സർ, ലാൽ സർ, അനൂപ് സത്യൻ എന്നിവർക്ക് നന്ദി' -എന്ന കുറിപ്പിനൊപ്പമാണ് ബേസിൽ ചിത്രം പങ്കുവെച്ചത്.
ആഗസ്റ്റ് 28നായിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ചിത്രമായതിനാൽ തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രം ഇന്ത്യയിൽ ഏകദേശം 37.67 കോടി കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.
മാളവിക മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഗാനങ്ങൾ - മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യൻ.കോസ്റ്റ്യം - ഡിസൈൻ-സമീര സനീഷ് . മുഖ്യ സംവിധാന സഹായി - അനൂപ് സത്യൻ. സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി. സ്റ്റിൽസ് - അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ - മനോഹരൻ.കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ - എക്സിക്കുട്ടിവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.