'ഈ സ്നേഹം ഇതുപോലെ തുടരട്ടെ'; എട്ടാം വിവാഹ വാർഷിക ദിനത്തിൽ ഹൃദയം തൊടും കുറിപ്പുമായി ഭാവന
text_fieldsഎട്ടാം വിവാഹ വാർഷിക ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ ഹൃദയം തൊടുന്ന കുറിപ്പു പങ്കുവെച്ച് നടി ഭാവന. ഭർത്താവ് നവീനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് ഭാവനയുടെ കുറിപ്പ്. ചിത്രങ്ങളിൽ നവീൻ ഭാവനയെ ചേർത്തുപിടിച്ചിരിക്കുന്നത് കാണാം. നവീന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാത്തതിനെ കുറിച്ച് മുമ്പ് ഭാവനയോട് പലരും ചോദിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെക്കാത്തത് കൊണ്ട് നവീനോടുള്ള സ്നേഹം ഇല്ലാതാകുന്നില്ല എന്നായിരുന്നു അതിന് ഭാവനയുടെ മറുപടി.
'' ഈ ദിവസം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. നിന്നെ ശല്യപ്പെടുത്തുന്നത് താൻ ആസ്വദിക്കുന്നു. ഇനിയും അങ്ങനെ ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. സന്തോഷവും സ്നേഹവും തമാശകളും നിറഞ്ഞ മറ്റൊരു 365 ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ്. ...ഈ സ്നേഹം ഇതുപോലെ തുടരട്ടെ'-എന്നാണ് ഭാവന കുറിച്ചത്.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഭാവനക്കും നവീനും ആശംസകളുമായി എത്തിയത്. 2018 ജനുവരി 22നായിരുന്നു ഭാവനയും കന്നഡ നിർമാതാവും നടനുമായ നവീനും തമ്മിലുള്ള വിവാഹം.
ഭാവനയുടെ ഏറ്റവും പുതിയ ചിത്രമായ അനോമിയുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ജനുവരി 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം ഫെബ്രുവരി ആറിലേക്ക് മാറ്റിവെച്ചതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഭാവനക്കൊപ്പം റഹ്മാനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
അഭിനയത്തിന് പുറമെ നിർമാണ രംഗത്തേക്കും ഭാവന ഈ ചിത്രത്തിലൂടെ ചുവടുവെക്കുന്നു എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവന തന്നെയാണ് ചിത്രം നിർമിക്കുന്നത്. കൂടാതെ എ.പി.കെ സിനിമയുടെ ആദിത്ത് പ്രസന്ന കുമാർ, ബോളിവുഡിലെ പ്രമുഖരായ കുമാർ മങ്ങാട്ട് പഥക്, അഭിഷേക് പഥക് എന്നിവരും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. റിലീസ് തീയതി മാറിയെങ്കിലും ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
യുവനിരയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷെബിൻ ബെൻസൺ, അർജുൻ ലാൽ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2023ലെ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ 'അനിമൽ' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ് അനോമിക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സുജിത് സാരംഗ് ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങ്ങും, അർജുൻ ജോക്സ് കലാസംവിധാനവും നിർവഹിക്കുന്നു.


