Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightബോളിവുഡിന്റെ ഹി മാൻ;...

ബോളിവുഡിന്റെ ഹി മാൻ; കൃഷിയെ പ്രണയിച്ച ധർമേന്ദ്ര

text_fields
bookmark_border
ബോളിവുഡിന്റെ ഹി മാൻ; കൃഷിയെ പ്രണയിച്ച ധർമേന്ദ്ര
cancel

മുംബൈ: മകനെ പ്രഫസറാക്കാനായിരുന്നു സ്കൂൾ അധ്യാപകനായ പിതാവിന്റെ ആഗ്രഹം. എന്നാൽ ധർമേന്ദ്രയുടെ യാത്ര മറ്റൊരു ട്രാക്കിലൂടെയായിരുന്നു. ദിലീപ് കുമാറിന്റെയും മധുബാലയുടെയും സിനിമകളുടെ മാന്ത്രിക വലയത്തിൽ കുടുങ്ങിയ ധർമേന്ദ്രയുടെ ഉള്ളിൽ സിനിമ മോഹം പൂവിട്ടു. സിനിമ പോസ്റ്ററുകളിൽ തന്റെ ചിത്രവും പേരും അയാൾ സ്വപ്നം കണ്ടുതുടങ്ങി.

പ്രദേശത്തെ റെയിൽവേ സ്റ്റേഷനോട്‌ ചേർന്നുള്ള പാലത്തിൽ ചെന്ന് ഫ്രണ്ടയർ മെയിൽ കടന്നുപോകുമ്പോൾ, ഒരു ദിവസം മുംബൈയിലേക്ക് ഇത് തന്നെയും വഹിച്ച് കുതിക്കുമെന്ന് ഉരുവിട്ടുകൊണ്ടിരുന്നു. 1958ൽ ഫിലിം ഫെയർ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വണ്ടി കയറുമ്പോൾ പൂവണിഞ്ഞത് ആ സ്വപ്നമാണ്. റിയാലിറ്റി ഷോ ജേതാവാകുകയും സിനിമ മേഖലയിലെ പ്രമുഖരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. സിനിമയിൽ അവസരം കിട്ടാൻ പിന്നെയും ഒരു വർഷം കാത്തുനിൽക്കേണ്ടിവന്നു.

1960ൽ ആദ്യ സിനിമ വാണിജ്യപരമായി പരാജയപ്പെട്ടെങ്കിലും ധർമേന്ദ്ര തന്റെ സാന്നിധ്യം അറിയിച്ചു. പിന്നീടുള്ളത് വിജയ കഥകൾ. എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങൾക്ക് അദ്ദേഹം വെള്ളിത്തിരയിൽ ജീവൻ നൽകി. ഓരോ സിനിമയിലൂടെയും അതുവരെ ആരാധകർ തന്നെക്കുറിച്ച് പുലർത്തിയ ധാരണകൾ തിരുത്തുകയായിരുന്നുവെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു.

മാഷ്മെല്ലോ പോലെ മൃദുലമായിരുന്നിട്ടും, ‘കരുത്തിന്റെ ഹി മാൻ’ എന്ന് ആരാധകരും സിനിമ ലോകവും ധർമേന്ദ്ര വിളിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും കരുത്തനായ കാർട്ടൂൺ കഥാപാത്രമാണല്ലോ ഹി മാൻ. ‘ഏറ്റവും സുന്ദരനായ നടൻ’ എന്ന വിശേഷണവുമുണ്ടായി. ചെറിയ വേഷത്തിലായാലും തന്നെ അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. നഷ്ട പ്രണയത്തിന്റെ ഓർമകളിൽനിന്ന് തന്റെ 88ാം വയസ്സിൽ പഴയ ‘അഭി ന ജാവോ ചോഡ്‌കർ’ പാടി ശബാന ആസ്മിക്കടുത്തേക്ക് ചെല്ലുന്ന ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലെ രംഗം ആരാധകർക്ക് മറക്കാനാകില്ല.

പ്രായാധിക്യം നടത്തത്തിൽ തെളിയുമ്പോഴും പ്രണയം തുളുമ്പുന്ന മിഴികളും പുഞ്ചിരിയും ആരാധകരെ ആഴത്തിൽ ആകർഷിച്ചു. ഇരുളും വെളിച്ചവും നിറഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് മുതൽ ഡിജിറ്റൽ വരെയുള്ള സിനിമാക്കാലത്തിലൂടെ കടന്നുവന്ന മഹാ നടന്മാരിൽ ഒരാളാണ് ധർമേന്ദ്ര.

കൃഷിയെ പ്രണയിച്ച ധർമേന്ദ്ര

താരപ്രഭയിലായിരിക്കുമ്പോഴും കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച കർഷകൻ കൂടിയായിരുന്നു ധർമേന്ദ്ര. ലുധിയാനയിലെ ഗ്രാമജീവിതം അദ്ദേഹത്തെ പിന്തുടർന്നതിന്​ തെളിവായിരുന്നു മുംബൈ നഗരാരവങ്ങളിൽ നിന്നും അകന്നുള്ള ലോണാവാലയിലെ ഫാം ഹൗസ്​ വാസം. കൃഷി ആ ഗ്രാമജീവിതത്തിന്റെ താളമായിരുന്നു.

താരപ്രഭയിലേക്ക്​ ഉയരും മുമ്പുള്ള ജീവിതത്തെ അവസാന നാളുകളിൽ അദ്ദേഹം വീണ്ടെടുത്തു. ജൈവകൃഷിയും വളർത്തുമൃഗങ്ങളും യോഗയുമായി അദ്ദേഹം അവിടെ സജീവമായിരുന്നു. ആദ്യ ഭാര്യ പ്രകാശ്​ കൗർ ആയിരുന്നു ഫാം ഹൗസ്​ ജീവിതത്തിലെ കൂട്ട്​. ഫാം ഹൗസിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച്​ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ സജീവവുമായിരുന്നു.

ചെടികൾ നനക്കുന്നതും മാങ്ങ പറിക്കുന്നതും താറാവുകളുടെ പിന്നാലെ ഓടുന്നതുമായ വിഡിയോകൾ അദ്ദേഹം ആരാധകരുമായി പങ്കുവെച്ചു. കൃഷിയെയും ആരോഗ്യം നിലനിർത്തേണ്ടതിനെ കുറിച്ചും അദ്ദേഹം ആരാധകരോട്​ പറഞ്ഞുകൊണ്ടേയിരുന്നു. വർഷങ്ങളെടുത്താണ്​ 100 ഏക്കറിൽ കൃഷിയും മൃഗങ്ങളെ വളർത്തുന്നതും രൂപപ്പെടുത്തിയത്​​. ആകാശത്തിനും ഭൂമിക്കുമിടയിൽ തുറസ്സായ ജീവിതം ആഗ്രഹിച്ച അദ്ദേഹം ലളിതമായ നിർമിതിയിലാണ്​ അവിടത്തെ വീട്​ നിർമിച്ചത്​. എങ്കിലും, കുടുംബസംഗമത്തിന്​ പ്രാധാന്യം നൽകി സോഫകളാൽ നിറഞ്ഞ വലിയൊരു ഹാൾ ആ വീടിനുണ്ട്​. മുംബൈ നഗരത്തിൽ നിന്നും 80 കിലോമീറ്റർ​ അകലെയാണ്​ ഫാം. ഇവിടെ​ ഭൂമി വാങ്ങി റിസോർട്ട്​ തുടങ്ങാൻ അദ്ദേഹം റസ്​റ്റാറന്റ്​ ഗ്രൂപ്പുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്​.

Show Full Article
TAGS:Bollywood Dharmendra Indian cinema 
News Summary - Step inside Dharmendra’s peaceful 100-acre Lonavala farmhouse where he spent his final years surrounded by nature
Next Story