യാ അലി... ഗാനത്തിനു പിന്നിലെ ശബ്ദം ഇനി ഓർമ; ഗായകൻ സുബീൻ ഗാർഗിന് സ്കൂബാ ഡൈവിങ്ങിനിടെ ദാരുണാന്ത്യം
text_fieldsപ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്കൂബ ഡൈവിങിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടു. 52 വയസ്സായിരുന്നു. സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. അപകടത്തിൽ കടലിൽ നിന്ന് സുബീനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ അസം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി അശോക് സിംഗാൽ അനുശോചനമറിയിച്ചു. സുബീൻ ഒരു ഗായകനെന്നതിനപ്പുറം അസമിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഗാനങ്ങളിലൂടെ നമ്മുടെ സംസ്കാരവും വികാരങ്ങളും ലോകത്തിന്‍റെ എല്ലാ കോണിലുമെത്തിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അസമിന് തങ്ങളുടെ പ്രിയപ്പെട്ട മകനാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് സിംഗാൽ കൂട്ടിച്ചേർത്തു.
സിംഗപ്പൂരിൽ നടക്കുന്ന നാലാമത് നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പാടുമെന്നറിയിച്ചുകൊണ്ടുള്ള വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സുബീൻ പങ്കുവെച്ചിരുന്നു. പരിപാടിയുടെ കൾച്ചറൽ അംബാസിഡറായ താൻ 20ന് വൈകുന്നേരം പരിപാടി അവതരിപ്പിക്കുമെന്നാണ് വിഡിയോയിൽ പറഞ്ഞിരുന്നത്.
അസമീസ്, ബംഗാളി, ഹിന്ദി ഉൾപ്പെടെ 40ലധികം ഭാഷകളിൽ സംഗീതത്തിന് മികച്ച സംഭാവന നൽകിയ ഗായകനാണ് സുബീൻ ഗാർഗ്. 2006ലെ ഗംങ്സ്റ്റർ സിനിമയിലെ യാ അലി ഗാനം ഏറെ പ്രശസ്തമാണ്