60ന്‍റെ നിറവിൽ ബോളിവുഡിന്റെ സുൽത്താൻ; ആഘോഷത്തിന് മാറ്റ് കൂട്ടാൻ ധോണിയും കുടുംബവും
text_fieldsസൽമാൻ ഖാൻ
ബോളിവുഡിന്റെ ഐക്കോണിക് താരം മസിൽമാൻ സൽമാൻഖാന് അറുപത് വയസ്സ്. പ്രായമെന്നത് വെറും നമ്പറല്ലേ എന്ന ചോദ്യത്തിന് ഉത്തമോദാഹരണമാണ് സൽമാൻ. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസുമായി ബോളിവുഡിൽ തിളങ്ങുന്ന വിലയേറിയ താരമാണ് ഇന്നും സൽമാൻഖാൻ. പനവേലിലുള്ള തന്റെ ഫാംഹൗസിൽ അർധരാത്രിയായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികളുടെയും പാപ്പരാസികളുടെയും നടുവിലായി അറുപതാമത്തെ ജന്മദിനത്തിലെ കേക്ക് മുറിക്കൽ ചടങ്ങ് നടത്തിയത്. തന്റെ സഹോദരങ്ങളെയും കുടുംബത്തെയും കൂടാതെ ക്രിക്കറ്റ് ഇതിഹാസമായ മഹേന്ദ്രസിങ് ധോണിയും കുടുംബവും സന്നിഹിതരായിരുന്നു.
ഇവരെ കൂടാതെ ബോളിവുഡ് താരങ്ങളായ ആദിത്യ റോയ്, തബു, പഴയതാരം ഹെലൻ, സഞ്ജയ് ലീല ബൻസാലി, രൺദീപ് ഹൂഡ, മിഖ സിങ്, ജനീലിയ ഡിസൂസ തുടങ്ങിയവരും പാർട്ടിക്കെത്തിയിരുന്നു. വ്യവഹാരങ്ങളും വിവാദങ്ങളും ഭീഷണികളും നിറഞ്ഞ ഐതിഹാസിക ജീവിതവുമായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുകയാണ് ഖാൻ ഇപ്പോഴും. 1988ൽ ബീവി ഹോതോ യേസേ എന്ന ചിത്രത്തിലൂടെ സഹനടനായാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം റിലീസ് ചെയ്ത മേനെ പ്യാർ കിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെന്നല്ല യുവാക്കളുടെയും കൗമാരക്കാരുടെയിടയിലും ചോക്ലേറ്റ് നായകനാവുകയായിരുന്നു.

തുടർന്നങ്ങോട്ട് ബോളിവുഡിൽ സൽമാൻ ഖാനെന്ന നായകനടന്റെ പടയോട്ടമായിരുന്നു. തന്റെ 37 വർഷത്തെ ചലച്ചിത്ര സാമ്രാജ്യത്തിൽ ഒറ്റയാനായി വാഴുകയാണ്. തന്റെ അറുപതാം പിറന്നാൾ ഉപഹാരമായി എസ് കെ എഫ് ഫിലിംസിന്റെ ബാനറിൽ വരാനിരിക്കുന്ന ‘ബാറ്റിൽ ഓഫ് ഗൽവാൻ’എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയുണ്ടായി.
ഹം ആപ്കേ ഹെ കോൻ, ഹം സാത്ത് സാത്ത് ഹെ, കരൺ അർജുൻ, സാജൻ, ദബാങ്, ഏക് ഥാ ടൈഗർ, ബജ്രംഗി ഭായ്ജാൻ, സുൽത്താൻ എന്നിവയെല്ലാം എടുത്തുപറയാവുന്ന സൽമാൻ ഖാൻ ‘ടച്ച്’ ചിത്രങ്ങളാണ്. പല താരങ്ങളുമായി സ്നേഹബന്ധത്തിലാവുകയും പല പ്രശ്നങ്ങളുടെയും പേരിൽ ബന്ധങ്ങൾ വിവാഹത്തിലേക്കെത്താതാവുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങളുടെ വൻ ചുഴിയിലകപ്പെട്ട നടനെന്ന നിലയിലും കുപ്രസിദ്ധി നേടിയിരുന്നു. ’98 ൽ സിനിമാ സെറ്റിൽനിന്ന് വേട്ടക്കിറങ്ങി കൃഷ്ണമൃഗത്തെ വെടിവെച്ചു കൊന്നകേസിൽ ജയിൽവാസമനുഭവിച്ചു.
2002 ൽ മദ്യപിച്ച് വാഹനമോടിച്ച് തെരുവിലുറങ്ങിയവരുടെ മേൽ വാഹനം കയറി ഒരാൾ മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ആ കേസിലും ജയിൽവാസമനുഭവിക്കുകയുണ്ടായി. ഐശ്വര്യ റായുമായുണ്ടായ സ്നേഹബന്ധം തകർന്നശേഷം അവരെ ഭീഷണിപ്പെടുത്തിയതിന്റെ പേരിലും കേസെടുത്തിരുന്നു. ബോംബെ സ്ഫോടനക്കേസിലെ പ്രതിയുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നടത്തിയ വിവാദപ്രസ്താവനകളും തിരിച്ചടിയായിരുന്നു. ഒടുവിലായി ബിഷ്‍ണോയി ഗാങ്ങുമായി ബന്ധപ്പെട്ട് വധഭീഷണിവരെ നേരിടുകയായി ബോളിവുഡ് താരം.
ഒരു സിനിമക്ക് 100 കോടിരൂപ വാങ്ങുന്ന താരത്തിന് 2900 കോടിയുടെ ആസ്തിയുണ്ട്. ലോകോത്തര വസ്ത്ര ബ്രാൻഡായ ബീയിങ് ഹ്യൂമൻ, സിനിമാ നിർമാണ കമ്പനിയായ എസ്.കെ.എഫ് ഫിലിംസ് എന്നിവയും സൽമാന്റേതാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലും കോടികളുടെ മുതൽമുടക്കാണ് നടത്തിയിട്ടുള്ളത്. മുംബൈയിലെ ബാന്ദ്രയിലുള്ള ഗാലക്സി അപ്പാർട്മെന്റ്, പനവേലിലുള്ള 150 ഏക്കർ അർപ്പിത ഫാം ഹൗസ്, ഗോരെ ബീച്ചിന് സമീപമുള്ള ബീച്ച് ഹൗസ് കൂടാതെ ലക്ഷ്വറിവില്ലകളും സ്വന്തമായിട്ടുണ്ട്.
വാഹനങ്ങളുടെ ലോകവും ചെറുതല്ല റേഞ്ച്റോവർ, ഔഡി, ലക്സസ്, മേഴ്സിഡീസ് ബെൻസ്, തുടങ്ങിയ കാറുകളുടെ ശേഖരവും സൽമാന്റെ പക്കലുണ്ട്. ഒരു കാലത്ത് ബോളിവുഡ് വാണിരുന്ന ഖാൻ ത്രയങ്ങളിൽ അറുപത് ക്ലബിലെത്തുന്ന അവസാനയാളാണ് സൽമാൻ. ആമിർ ഖാൻ ഇൗവർഷം മാർച്ചിലും ഷാറൂഖ് ഖാൻ നവംബറിലും അറുപതിലെത്തിയിരുന്നു.


