അജിത്തിന്റെയും രമ്യാ കൃഷ്ണന്റെയും വീടുകൾക്ക് ബോംബ് ഭീഷണി
text_fieldsചെന്നൈ: തമിഴ് താരങ്ങളായ അജിത് കുമാറിന്റെയും രമ്യാ കൃഷ്ണന്റെയും വസതികൾക്ക് ബോംബ് ഭീഷണി. ഭീഷണി വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ഇരുവരുടെയും വീടുകൾക്ക് ബോംബ് വെച്ചതായി തമിഴ്നാട് ഡി.ജി.പി ഓഫിസിലാണ് സന്ദേശം ലഭിച്ചത്. അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധനകൾക്കൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
നടനും രാഷ്ട്രീയ നേതാവുമായ എസ്.വി. ശേഖറിന്റെ വീടിനും ഭീഷണിയുണ്ടായിരുന്നു.
നേരത്തേ നടൻ അരുൺ വിജയ് യുടെ വീടിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. അവിടെയും പരിശോധന നടത്തി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം സംഗീത സംവിധായകൻ ഇളയരാജയുടെ സ്റ്റുഡിയോക്കും താരങ്ങളായ രജനീകാന്ത്, ധനുഷ്, വിജയ്, തൃഷ എന്നിവരുടെ വീടുകൾക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. അതും വ്യാജമാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.


