പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സിനിമാലോകം
text_fieldsകശ്മീരിലെ പഹൽഗാമിനടുത്തുള്ള പുൽമേട്ടിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ 29 പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. 2019 ലെ പുൽവാമ ആക്രമണത്തിനുശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. രാഷ്ട്രീയ പ്രവർത്തകർ മാത്രമല്ല, സിനിമാ താരങ്ങളും സമൂഹമാധ്യമത്തിലൂടെ ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഭയം തോന്നിയെന്നും നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരതയാണെന്നും അക്ഷയ് കുമാർ പറഞ്ഞു. അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥനകൾ എന്ന് അക്ഷയ് കുമാർ എക്‌സിൽ എഴുതി.
പഹൽഗാമിലെ ഹീനമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി കമൽ ഹാസൻ അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് തന്റെ ചിന്തകളെന്നും പരിക്കേറ്റവർക്ക് ശക്തിയും വീണ്ടെടുക്കലും നേരുന്നതായും അദ്ദേഹം കുറിച്ചു.
ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തുകൊണ്ടാണ് വിക്കി കൗശൽ പ്രതികരിച്ചത്. 'പഹൽഗാമിലെ ഭീകരതയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദന സങ്കൽപ്പിക്കാൻ കഴിയുന്നില്ല. അഗാധമായ അനുശോചനങ്ങളും പ്രാർത്ഥനകളും. ഈ ഹീനകൃത്യത്തിന് പിന്നിലെ കുറ്റവാളികളെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
'പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരയായവരെ ഓർത്ത് ഹൃദയം വേദനിക്കുന്നു. ഇത്രയും ക്രൂരതക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ് എന്നാണ് മോഹൻലാൽ എഴുതിയത്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിന് ഒരു കാരണവും ഒരിക്കലും ന്യായീകരിക്കാനാവില്ല. നിങ്ങളുടെ ദുഃഖം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ ഒറ്റക്കല്ല. രാജ്യവും മുഴുവൻ ദുഃഖത്തിൽ നിങ്ങളോടൊപ്പം നിൽക്കുന്നു. നമുക്ക് പരസ്പരം മുറുകെ പിടിക്കാം. ഇരുട്ടിലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്' മോഹൻലാൽ കുറിച്ചു.
അല്ലു അർജുനും തന്റെ ദുഃഖം പ്രകടിപ്പിച്ചു. “പഹൽഗാം ആക്രമണത്തിൽ എത്ര ഹൃദയം തകർന്നു. ദയയുള്ള ആളുകളുള്ള മനോഹരമായ സ്ഥലം. ഇരകളുടെ പ്രിയപ്പെട്ടവർക്കും എല്ലാ കുടുംബങ്ങൾക്കും അനുശോചനം. നിരപരാധികളായ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു. ശരിക്കും ഹൃദയം പൊട്ടുന്നു” എന്നാണ് അദ്ദേഹം എഴുതിയത്.
തെലുങ്ക് താരം നാനി ഷൂട്ടിങ്ങിനായി പഹൽഗാമിൽ എത്തിയ കാര്യം ഒർമിച്ചു. 'മൂന്ന് മാസം മുമ്പ് ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. 200-ലധികം പേർ ഏകദേശം 20 ദിവസത്തേക്ക് ഒരുമിച്ച് അഭിനയിച്ചു. പഹൽഗാം ഒരു സ്വപ്നം പോലെയായിരുന്നു. സ്ഥലം, ആളുകൾ, ഊഷ്മളത. ഹൃദയം തകർന്നു, വാക്കുകൾക്ക് വകയില്ല' -നാനി എക്സിൽ കുറിച്ചത്.
ഈ സമയത്ത്, ലോകത്തിന്റെ ചിന്ത തീവ്രവാദത്തെ അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കണം, കാരണം അതിന്റെ ഇരകൾ നിരപരാധികൾ മാത്രമാണ്, മനുഷ്യർ സ്വയം നോക്കേണ്ടതുണ്ട്. ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം നിൽകുന്നതായി സണ്ണി ഡിയോൾ അറിയിച്ചു.
ഹൃദയം തകർന്നു. നഷ്ടപ്പെട്ട ജീവനുകൾക്കായി പ്രാർഥിക്കുന്നു എന്ന് കരീന കപൂറും ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം ഒരു ഭീരുത്വപരമായ പ്രവൃത്തിയാണെന്ന് സിദ്ധാർഥ് മൽഹോത്രയും പറഞ്ഞു. നമ്മുടെ സായുധ സേനയിൽ പൂർണ വിശ്വാസമുണ്ട്, അവർ ആവശ്യമായത് ചെയ്യുമെന്നും നീതി ഉറപ്പാക്കുമെന്നും ഉറപ്പുണ്ടെന്ന് സിദ്ധാർഥ് കൂട്ടിച്ചേർത്തു..
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ വളരെയധികം അസ്വസ്ഥനാണെന്ന് സുനിൽ ഷെട്ടി എക്‌സിൽ എഴുതി. നിരപരാധികളായ സന്ദർശകർക്കെതിരായ അക്രമം കശ്മീരിന്റെ ആത്മാവിനും നൂറ്റാണ്ടുകൾ പഴക്കമുള്ള ആതിഥ്യമര്യാദക്കും നേരെയുള്ള ആക്രമണമാണ്. പരിക്കേറ്റവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ. ഇത്തരം ക്രൂരതകളെ അപലപിക്കുന്നതിലും വേഗത്തിലുള്ള നീതി ആവശ്യപ്പെടുന്നതിലും ഒറ്റക്കെട്ടായി നിൽക്കാമെന്ന് അദ്ദേഹം കുറിച്ചു.