സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് വിജയ തുടക്കം; കൊച്ചിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള സ്ട്രൈക്കേഴ്സ്
text_fieldsസെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2026ലെ ആവേശകരമായ ആദ്യ മത്സരവിജയത്തിന്റെ പശ്ചാത്തലത്തിൽ കേരള സ്ട്രൈക്കേഴ്സ് ഇന്ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പ്രത്യേക പത്രസമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. മുംബൈ ഹീറോസിനെതിരെ നേടിയ നിർണായകമായ അഞ്ച് വിക്കറ്റ് വിജയത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനും ടൂർണമെന്റിലെ തുടർന്നുള്ള പദ്ധതികൾ വിശദീകരിക്കുന്നതിനുമായിരുന്നു ഈ പത്രസമ്മേളനം.
ടീം ക്യാപ്റ്റനും അഭിനേതാവുമായ ഉണ്ണി മുകുന്ദൻ, സി.ഇ.ഒ ബിന്ദു ദിജേന്ദ്രനാഥ്, വൈസ് ക്യാപ്റ്റൻ ബിനീഷ് കൊടിയേരി, ടീം കോച്ച് സിന്ദോ എം. മൈക്കിൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുക്കുകയും സീസണിലെ ടീമിന്റെ മികച്ച തുടക്കത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. വിജയത്തിന്റെ ആവേശവും ആത്മവിശ്വാസവും നിറഞ്ഞ അന്തരീക്ഷത്തിൽ കേരളം മുഴുവനുമുള്ള ആരാധകരുടെ തുടർച്ചയായ പിന്തുണക്ക് ടീം നന്ദി രേഖപ്പെടുത്തി. ജനുവരി 18ന് വിശാഖപട്ടണത്തെ എ.സി.എ-വി.ഡി.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തെക്കുറിച്ച് സംസാരിക്കവെ, മത്സരത്തിന്റെ കടുപ്പവും സമ്മർദ സാഹചര്യങ്ങളിൽ ടീം പുലർത്തിയ ആത്മവിശ്വാസവും നേതൃത്വം ചൂണ്ടിക്കാട്ടി.
ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത കേരള സ്ട്രൈക്കേഴ്സ്, മുംബൈ ഹീറോസിനെ 191 റൺസ് എന്ന സ്കോറിൽ ഒതുക്കി. എതിരാളികളുടെ ഇന്നിങ്സ് നിയന്ത്രിക്കുന്നതിലും വിജയത്തിന് അടിത്തറയിടുന്നതിലും നിർണായക പങ്ക് വഹിച്ച കാപ്റ്റൻ ഉണ്ണി മുകുന്ദൻ, ഒരു സി.സി.എൽ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബൗളർ പുരസ്കാരങ്ങൾ ഒരുപോലെ നേടുന്ന ആദ്യ കാപ്റ്റനായി മാറി. ലക്ഷ്യം പിന്തുടർന്ന ഇന്നിങ്സിൽ മദൻ മോഹൻ നടത്തിയ അസാധാരണ പ്രകടനത്തോടൊപ്പം, വിവേക് ഗോപൻ നൽകിയ മികച്ച പിന്തുണയും, അർജുൻ നന്ദകുമാർ, ജീൻ പോൾ എന്നിവരും നിർണായക സംഭാവനകൾ നൽകി ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. കൂട്ടായ പരിശ്രമവും അച്ചടക്കവും ടീമിനുള്ളിലെ ശക്തമായ ഐക്യവുമാണ് ഈ വിജയത്തിന് കാരണമെന്ന് നേതൃത്വം പത്രസമ്മേളനത്തിൽ പറഞ്ഞു.
വരാനിരിക്കുന്ന മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം നിലനിർത്തുന്നതിനും പോസിറ്റീവ് എനർജി മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് ടീം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെ രാജ്കുമാർ എസ്, ഷാജി പി.എം., ജേസൺ പി, മിബു ജോസ് എന്നിവർ ചേർന്ന് കോ-ഓണർമാരായ കേരള സ്ട്രൈക്കേഴ്സ്, സിനിമയും ക്രിക്കറ്റും ഒന്നിക്കുന്ന കേരളത്തിന്റെ ആവേശം ദേശീയ തലത്തിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. രണ്ട് പോയിന്റും +0.398 എന്ന പോസിറ്റീവ് നെറ്റ് റൺ റേറ്റുമായി ടീം ഇനി ജനുവരി 23ന് ബംഗാൾ ടൈഗേഴ്സിനെതിരെയും, ജനുവരി 24ന് വെൽസ് ചെന്നൈ കിംഗ്സിനെതിരെയും കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നു. ഫെബ്രുവരി 1ന് ഹൈദരാബാദിൽ നടക്കുന്ന ഫൈനലിലേക്കുള്ള പ്രയാണത്തിൽ ഈ വിജയക്കുതിപ്പ് തുടരുമെന്ന ആത്മവിശ്വാസവും ടീം പ്രകടിപ്പിച്ചു.


