ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും നിർബന്ധിച്ചു കൊണ്ടുപോയതോ? സുബീൻ ഗാർഗിന്‍റെ മരണം അന്വേഷിക്കാൻ സി.ഐ.ഡി
text_fieldsസുബീൻ ഗാർഗ്
പ്രശസ്ത ആസാമി ഗായകൻ സുബീൻ ഗാർഗിന്‍റെ അപ്രതീക്ഷിത മരണം ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയ അദ്ദേഹം സ്കൂബ ഡൈവിങിനിടെയുണ്ടായ അപകടത്തിൽപെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകാനു മഹന്തക്കും മാനേജർ സിദ്ധാർഥ് ശർമക്കുമെതിരായ പരാതികളെ തുടർന്ന് അന്വേഷണം സി.ഐ.ഡിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
സുബീൻ ബോർത്തക്കൂർ എന്ന സുബീൻ ഗാർഗ് പ്രധാനമായും ഹിന്ദി, അസമീസ്, ബംഗാളി സിനിമ-സംഗീത മേഖലയിലാണ് നിറഞ്ഞുനിന്നിരുന്നത്. എന്നാൽ മലയാളമടക്കം 40 ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ഇതിൽ ബിഷ്ണുപ്രിയ മണിപ്പൂരി, ആദി, ബോറോ, ഇംഗ്ലീഷ്, ഗോൾപരിയ, കന്നഡ, കർബി, ഖാസി, സാൻദിയ, നേപാ, ഖാസി, മലയാളം, സാൻദിയ, നേപാ, സിന്ധീ, മിസിങ്ങ് എന്നിയുൾപ്പെടുന്നു. ആനന്ദലഹരി, ധോൾ, ദോതാര, ഡ്രംസ്, ഗിറ്റാർ, ഹാർമോണിക്ക, ഹാർമോണിയം, മാൻഡോലിൻ, കീബോർഡ്, തബല, വിവിധ താളവാദ്യങ്ങൾ എന്നിവയുൾപ്പെടെ 12 ഉപകരണങ്ങൾ അദ്ദേഹം വായിച്ചിരുന്നു. അസമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഗായകനായിരുന്നു അദ്ദേഹം.
കടലിലൂടെയുള്ള യാത്രക്കിടെ നീന്തുന്നതിനിടെ ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതിനെ തുടർന്ന് സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാർഗ് ഉച്ചയോടെ മരിച്ചതായി ഫെസ്റ്റിവൽ സംഘാടകരുടെ പ്രസ്താവനയിൽ പറയുന്നു. ശനിയാഴ്ച രാവിലെ, അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായതായും, ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹം മാനേജർ ശർമക്കും ഒപ്പമുള്ള സംഘത്തിലെ മറ്റ് രണ്ട് പേർക്കും കൈമാറുമെന്നും അസം സർക്കാർ അറിയിച്ചു.
പ്രിയ ഗായകന്‍റെ വേർപാടിൽ ശനിയാഴ്ച അസം കടകളും സ്ഥാപനങ്ങളും അടച്ചിട്ട് നിശ്ചലമായി. അസമിലെ മോറിഗാവ് ജില്ലയിൽ രതുൽ ബോറ എന്ന വ്യക്തി മഹന്തക്കും ശർമക്കുമെതിരെ കുറ്റം ആരോപിച്ച് പൊലീസിൽ പരാതി നൽകി. ആരോഗ്യപരമായ ആശങ്കകൾ ഉണ്ടായിരുന്നിട്ടും ഗായകനെ എന്തിന് സിംഗപ്പൂരിലേക്ക് കൊണ്ടുപോയെന്ന് ആരാധകർ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മോറിഗാവ് പൊലീസ് സൂപ്രണ്ട് ഹേമന്ത കുമാർ ദാസ് പറഞ്ഞതായി ദി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നിരവധി പരാതികൾ ലഭിച്ചതിനാൽ, അവയെല്ലാം സി.ഐ.ഡിക്ക് കൈമാറാനും സമഗ്രമായ അന്വേഷണത്തിനായി ഏകീകൃത കേസ് രജിസ്റ്റർ ചെയ്യാനും അസം ഡി.ജി.പിയോട് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അദ്ദേഹത്തെ അസമിൽ നിന്ന് കൊണ്ടുപോയതിൽ എന്തെങ്കിലും തെറ്റായ ഉദ്ദേശ്യമുണ്ടെങ്കിൽ അത് കണ്ടെത്തുമെന്നും സർക്കാർ നിഷ്പക്ഷമായി കേസ് അന്വേഷിക്കുമെന്നും ഹിമന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.