Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഞാൻ പേളി മാണി, അതെ...

'ഞാൻ പേളി മാണി, അതെ എന്‍റെ ഇഷ്ടനിറം കാവിയാണ്'; സി.ജെ.പി പ്രതിഷേധത്തിനെതിരെ പ്രതികരിച്ച പേളി മാണിക്ക് വിമർശനം

text_fields
bookmark_border
ഞാൻ പേളി മാണി, അതെ എന്‍റെ ഇഷ്ടനിറം കാവിയാണ്; സി.ജെ.പി പ്രതിഷേധത്തിനെതിരെ  പ്രതികരിച്ച പേളി മാണിക്ക് വിമർശനം
cancel

നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ച അവതാരകയും യൂറ്റ്യൂബറുമായ പേളി മാണിക്കെതിരെ രൂക്ഷ വിമർശനം. വിദ്യാർഥികളുടെ സുരക്ഷയിൽ ആശങ്ക പങ്കുവെക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പേളി പങ്കുവെച്ച പോസ്റ്റിലാണ് ആളുകൾ വിമർശനം ഉന്നയിച്ചത്. ഇതിൽ പ്രതികരിച്ചുകൊണ്ട് പേളിമാണി പങ്കുവെച്ച എഴുത്തും ഏറെ വിവാദങ്ങൾക്ക് കാരണമായി. പോസ്റ്റിൽ പേളി പറഞ്ഞ പല വാക്കുകളും സാഹചര്യം മനസ്സിലാക്കാതെയുള്ള പക്ഷം ചേരലാണെന്ന് പലരും വിമർശിച്ചു. മറുപടി പോസ്റ്റിൽ 'ഞാൻ പേളി മാണി എന്‍റെ ഇഷ്ട നിറം കാവിയാണ്, അത് നമ്മുടെ ഇന്ത്യൻ പതാകയിൽ വരുമ്പോഴാണ് എനിക്ക് കൂടുതൽ പ്രിയം' എന്ന് പേളി പറയുന്നുണ്ട്.

'കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. അത് നമ്മെ അൽപസമയം ഒന്നു ചിന്തിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റ സംഘർഷങ്ങളുടെ ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളും ഞാൻ കണ്ടു. അത് എന്നിൽ ചില മാറ്റങ്ങൾ സൃഷ്ടിച്ചു.

എന്റെ മനസ്സിൽ ആകെ വന്ന ഒരേയൊരു ചിന്ത... ദയവായി ആർക്കും പരുക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ല.

ഓരോ വിദ്യാർഥിയും ആരുടെയെങ്കിലും മകനോ മകളോ ആണ്. ആരുടെയൊക്കെയോ സ്വപ്നമാണ്, അവരുടെ ലോകമാണ്. മറ്റനേകം ആളുകളെപ്പോലെ കൂടുതൽ സുതാര്യവും നീതിയുക്തവും ഓരോ കുട്ടിക്കും വിജയിക്കാൻ തുല്യ അവസരം നൽകുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ വിദ്യാർഥികൾ അർഹിക്കുന്നുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേൾക്കപ്പെടണം, സമാധാനപരമായി തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടണം.

അതോടൊപ്പം തന്നെ ഈ പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം ഒരിക്കലും വഴിതിരിഞ്ഞു പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏതൊരു ജനകീയ പ്രസ്ഥാനവും ഇത്രയും വലുതാകുമ്പോൾ വികാരങ്ങൾ ആഞ്ഞടിക്കും, വ്യത്യസ്ത ശബ്ദങ്ങൾ ഉയർന്നുവരും, വിഷയം കൂടുതൽ സങ്കീർണമാകാം. എന്നാൽ ശ്രദ്ധ എപ്പോഴും വിദ്യാർഥികളിലും, അവർ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്ന ഭാവിയിലും തന്നെ നിലനിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. സമാധാനപരമായ ആശയപ്രകടനത്തിനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അക്രമത്തെ ഞാൻ പിന്തുണക്കുന്നില്ല.

ഒരു ജനകീയ മുന്നേറ്റത്തെ ചരിത്രം ഓർമിക്കുന്നത് അത് എന്തുകൊണ്ട് തുടങ്ങി എന്നതുകൊണ്ടു മാത്രമല്ല, അത് എങ്ങനെ മുന്നോട്ടുപോയി എന്നതുകൊണ്ടു കൂടിയാണ്. വർഷങ്ങൾക്കുശേഷം നാം തിരിഞ്ഞുനോക്കുമ്പോൾ വേദനയോ ഭയമോ ഭിന്നതയോ അല്ല, മറിച്ച് ധൈര്യവും അനുകമ്പയും അർഥവത്തായ മാറ്റങ്ങളും കൂടുതൽ ശക്തമായ ഒരു ഇന്ത്യയെ വാർത്തെടുക്കാൻ സഹായിച്ച ഒരു തലമുറയെയുമാണ് നാം ഓർക്കേണ്ടത്.

ഒടുവിൽ... പലരും ഞാൻ എന്റെ അഭിപ്രായം പങ്കുവെക്കണമെന്ന് ആഗ്രഹിച്ചു. ചിലരെന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ മറ്റുള്ളവർ എന്റെ മൗനത്തെ ചോദ്യം ചെയ്തു. രണ്ട കൂട്ടരെയും ഞാൻ മനസ്സിലാക്കുന്നു. എന്റെ വാക്കുകൾ ഒരുപാട് ആളുകളിലേക്ക് എത്തുന്ന ഒന്നായതുകൊണ്ട് തന്നെ, ഇങ്ങനെയുള്ള സമയങ്ങളിൽ വളരെ ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും എന്നോട് യോജിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇത് തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായമാണ് സത്യസന്ധതയോടും ബഹുമാനത്തോടും പ്രതീക്ഷയോടും കൂടി പങ്കുവക്കുന്നത് മാത്രം. എല്ലാറ്റിനും ഉപരിയായി, ഞാൻ സമാധാനത്തിനായി പ്രാർഥിക്കുന്നു. ഓരോ വിദ്യാർഥിയുടെയും ഓരോ ഉദ്യോഗസ്ഥന്റെയും ഓരോ പൗരന്റെയും സുരക്ഷക്കായി ഞാൻ പ്രാർഥിക്കുന്നു.

വിവേകം നമ്മെ നയിക്കട്ടെ, അനുകമ്പ നമ്മെ ഒന്നാക്കട്ടെ. ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സമത്വവും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യവുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കട്ടെ. പിന്നെ ഒരവസാന കാര്യം കൂടി... ഇന്ന് എനിക്കറിയാവുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളാണിത്. നാളെ പുതിയ വസ്തുതകൾ പുറത്തുവരികയാണെങ്കിൽ, കാര്യങ്ങൾ പഠിക്കാനും സ്വയം ചിന്തിക്കാനും എന്റെ അഭിപ്രായം മാറ്റാനും ഞാൻ ഒരിക്കലും മടിക്കില്ല. അതിനെ ഞാൻ എന്റെ ബലഹീനതയായി കാണുന്നില്ല, മറിച്ച് വളർച്ചയായും ഉത്തരവാദിത്തമായുമാണ് കാണുന്നത്.

അതുകൊണ്ട് എന്റെ അഭിപ്രായം ഉൾപ്പെടെ ആരുടെയും അഭിപ്രായങ്ങളെ അന്തിമ സത്യമായി എടുക്കരുത്. വായിക്കുക. കേൾക്കുക. ചോദ്യങ്ങൾ ചോദിക്കുക. വിവരങ്ങൾ അറിഞ്ഞിരിക്കുക. വിമർശനാത്മകമായി ചിന്തിക്കുക. ഏറ്റവും പ്രധാനമായി, സ്വന്തമായി തീരുമാനങ്ങളെടുക്കുക. 'നിങ്ങൾ' മാത്രമായിരിക്കട്ടെ നിങ്ങളുടെ ഒരേയൊരു സ്വാധീന ശക്തി.

വ്യക്തമായ അറിവുള്ളവരും അനുകമ്പയുള്ളവരും മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുൻപ് കേൾക്കാൻ തയാറുള്ളവരുമായ ആളുകളാണ് ഒരു ശക്തമായ രാജ്യത്തെ കെട്ടിപ്പടുക്കുന്നത്. അങ്ങനെയൊരു ഇന്ത്യയ്ക്കായി ഞാൻ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കും. എല്ലാവർക്കും സമാധാനവും സ്നേഹവും സംഗീതവും നേരുന്നു' പേളി മാണി കുറിച്ചു.

ഈ പോസ്റ്റിനുതാഴെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഉയർന്നതിനെ തുടർന്ന് പേളി മാണി കമന്‍റ് സെഷൻ ഓഫ് ചെയ്യുകയായിരുന്നു. ഇതിന് മറുപടിയായി താരം പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷകരെ കൂടുതൽ ക്ഷുഭിതരാക്കിയത്. വായിൽ സ്വർണ്ണ കരണ്ടിയുമായി പിറന്നവർക്ക് സാധാരണക്കാരായ വിദ്യാർഥികളുടെ വിഷമം മനസിലാകില്ലെന്നായിരുന്നു ഭൂരിഭാഗം പേരും കമന്‍റ് ചെയ്തിരുന്നത്. സ്വന്തം മക്കൾക്ക് അനീതി നേരിടേണ്ടി വരുമ്പോഴും ഇങ്ങനെതന്നെ പ്രതികരിക്കണമെന്നും ഒരു വിഭാഗം വിമർശിച്ചു.

Show Full Article
TAGS:Pearle Maaney Cyber Attack NEET UG exam social media viral social media post 
News Summary - Cyber ​​attack on Pearli Mani for responding to CJP protest
Next Story