ഹീറോന്ദ്ര; ലുധിയാന ടു ബോംബെ, യാത്ര പിഴച്ചില്ല
text_fieldsധർമേന്ദ്രയും അമിതാഭ് ബച്ചനും (ഫയൽ ചിത്രം)
മുംബൈ: ഇന്ത്യൻ സിനമയിൽ പകരംവെക്കാനാകാത്ത ഇതിഹാസ സാന്നിധ്യമായിരുന്നു ധർമേന്ദ്ര എന്ന ധർമേന്ദ്ര കേവൽ കൃഷ്ണ ഡിയോൾ. ആറു പതിറ്റാണ്ടോളം വെള്ളിത്തിരയിൽ തീ പടർത്തിയ അദ്ദേഹം 300 ലേറെ സിനിമകളിൽ വേഷമിട്ടു. ലോണാവാലയിലെ ഫാമിൽ ജൈവകൃഷിയും മൃഗവളർത്തുമായി കഴിയുമ്പോഴും സിനിമയിൽ സജീവമായിരുന്നു. അഭിനയത്തിന് പുറമെ വിജേത സിനിമ നിർമാണ കമ്പനി, റെസ്റ്റോറന്റ് ശൃംഖലയായ ഗരം ധരം ധാബയുമായി വ്യാപാര രംഗത്തും വിജയമുദ്ര ചർത്താൻ അദ്ദേഹത്തിനായി.
പഞ്ചാബി ബോയ് ബോളിവുഡിൽ
1935 ഡിസംബർ എട്ടിന് പഞ്ചാബിലെ നസ്രാലിയിലാണ് ജനിച്ചത്. ലുധിയാനയിലെ വിദ്യാഭാസത്തിനു ശേഷം 1958 ലാണ് ധർമേന്ദ്ര സിനിമയിൽ ഭാഗ്യം തേടി മുംബൈയിലെത്തുന്നത്. ആ വരവ് പിഴച്ചില്ല. ഫിലിംഫെയർ സംഘടിപ്പിച്ച ടാലന്റ് ഹണ്ടിൽ വിജയിയായി ശ്രദ്ധനേടി. 1960 ൽ അർജുൻ ഹിംഗോറാനിയുടെ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും തുടർന്നു വന്ന സിനിമകളിലൂടെ ധർമേന്ദ്ര സൂപ്പർസ്റ്റാറായി വാണു. 1961 ലെ ‘ഷോല ഔർ ഷബ്നം’ ആണ് ആദ്യ വിജയചിത്രം.
പിന്നീടങ്ങോട്ട് ഹിറ്റുകളുടെ പരമ്പരയായിരുന്നു. ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകളിലെ നായകനെന്ന (70-80കൾ) റെക്കോഡ് അദ്ദേഹത്തിനാണ്. 1975 ലെ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറായ 'ഷോലെ' യിലെ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച 'വീരു' എന്ന കഥാപാത്രം വളർച്ചക്കിടയിലെ നാഴികക്കല്ലാണ്. 19 വർഷത്തോളം തുടർച്ചയായി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, ഇന്ത്യൻ സിനിമയിലെ വിപ്ലവം തുടങ്ങി ഖ്യതി നേടിയ ചിത്രമാണ് ഷോലെ.
എന്നും ഹീറോ
ശക്തമായ സംഭാഷണ ശൈലികൊണ്ടും കാമുകൻ, സാധാരണക്കാരൻ, ആദർശവാദി തുടങ്ങി വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ഭാവം പകർന്നും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പകരംവെക്കാനാകാത്ത പ്രതിഭയായി അദ്ദേഹം. 1969-ലെ സത്യകം എന്ന ചിത്രത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതയെ വിവാഹചെയ്ത ആദർശവാദിക്ക് ജീവൻപകർന്ന് ആരാധകരുടെ ഹീറോയായി. ആശാ പരേഖ്, ജയ ബച്ചൻ, ഷർമിള ടാഗോർ, ഹേമ മാലിനി തുടങ്ങിയവരായിരുന്നു വിജയ ചിത്രങ്ങളിലെ നായികമാർ.
60-70 കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ താരമാണ്. 90 കളിൽ ഷാറൂഖ്, ആമിർ, സൽമാൻ ഖാന്മാരുടെ വരവോടെയാണ് ധർമേന്ദ്ര നായക പദവിയിൽ നിന്നും പതിയെ പിൻവലിയുന്നത്. 19ാം വയസ്സിലായിരുന്നു ആദ്യ ഭാര്യ പ്രകാശ് കൗറുമായുള്ള വിവാഹം. ആ ബന്ധം നിലനിൽക്കേ 1980-ൽ വെള്ളിത്തിരയിൽ തന്റെ പ്രണയ ജോഡി ആയിരുന്ന ഹേമ മാലിനിയേയും ജീവിത പങ്കാളിയാക്കി.
ഹിന്ദുമതത്തിൽ നിന്നും ഇസ്‍ലാമിലേക്ക് മാറിയാണ് ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം ചെയ്തതെന്ന് അന്ന് വിവാദമുയർന്നു. 2004 ൽ ബിജെപി ടിക്കറ്റിൽ രാജ്സ്ഥാനിലെ ബികാനിറിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ കോൺഗ്രസ് ഈ വിവാദം വീണ്ടും ഉയർത്തി. നടന്മാരായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരും അജേത ചൗധരി, വിജേത ഗിൽ എന്നിവരും പ്രകാശ് കൗറിലുള്ള മക്കളാണ്. നടി ഇഷ ഡിയോൾ, സംവിധായിക അഹാന ഡിയോൾ എന്നിവർ ഹേമ മാലിനിയിലുള്ള മക്കളുമാണ്. 2012 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.


