ധർമേന്ദ്ര ആശുപത്രി വിട്ടു, വീട്ടിൽ ചികിത്സ തുടരും; എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദി
text_fieldsധർമേന്ദ്ര മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ശ്വാസംമുട്ടൽ സംബന്ധിച്ച അസ്വസ്ഥതകളെ തുടർന്ന് ഒക്ടോബർ 31നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന്റെ ചികിത്സ വീട്ടിൽ തുടരും എന്ന് ധർമേന്ദ്രയെ ചികിത്സിച്ചിരുന്ന ഡോ. പ്രൊഫ. പ്രതീത് സംദാനി അറിയിച്ചു. “ധർമേന്ദ്രജി രാവിലെ 7.30 ഓടെ ആശുപത്രി വിട്ടു. വീട്ടിൽ ചികിത്സ നൽകാൻ കുടുംബം തീരുമാനിച്ചതിനാൽ അദ്ദേഹം വീട്ടിലായിരിക്കും ചികിത്സയിൽ കഴിയുക” ഡോ. പ്രൊഫ. പ്രതീത് സംദാനി പറഞ്ഞു. നടനെ ഡിസ്ചാർജ് ചെയ്തതായി അറിയിച്ചുകൊണ്ട് ധർമേന്ദ്രയുടെ കുടുംബവും പ്രസ്താവന ഇറക്കിയിട്ടുണ്ട്.
“ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. വീട്ടിൽ വെച്ച് മറ്റ് ചികിത്സ തുടരും. ഈ സമയത്ത് മാധ്യമങ്ങളും പൊതുജനങ്ങളും ഊഹാപോഹങ്ങൾ ഒഴിവാക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ തുടർച്ചയായ രോഗശാന്തിക്കും നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനുമുള്ള എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനകൾക്കും നല്ല ആശംസകൾക്കും ഞങ്ങൾ നന്ദി പറയുന്നു. അദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് അദ്ദേഹത്തെ ദയവായി മാനിക്കുക.”
ചൊവ്വാഴ്ച, നിരവധി പോർട്ടലുകൾ നടൻ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വ്യാജ റിപ്പോർട്ടുകൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ധർമേന്ദ്രയുടെ മകൾ ഇഷ ഡിയോളും ഹേമമാലിനിയും എത്തിയിരുന്നു. ‘സംഭവിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതക്കും അർഹമായ ബഹുമാനം നൽകുക’ എന്നാണ് ഹേമമാലിനി എക്സിൽ കുറിച്ചത്. 'മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതതായി അറിയുന്നു. എന്‍റെ പിതാവിന്‍റെ ആരോഗ്യാവസ്ഥ സുഖം പ്രാപിച്ചു വരികയാണ്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നു. പപ്പ വേഗം തന്നെ സുഖം പ്രാപക്കാനായി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു' എന്ന് ഇഷ ഡിയോളും വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് നടന്റെ ആരോഗ്യനില അതിഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്. എന്നാൽ സണ്ണി ഡിയോൾ ഈ റിപ്പോർട്ടുകൾ തള്ളി. 'വെന്റിലേറ്റർ വാർത്തകളൊക്കെ വ്യാജമാണ്. ധർമേന്ദ്ര ഒരാഴ്ചയായി ആശുപത്രിയിലാണ്. എന്നാൽ വെന്റിലേറ്ററിലല്ല'-എന്നാണ് സണ്ണി ഡിയോൾ മാധ്യമങ്ങളോട് പറഞ്ഞത്. സണ്ണി ഡിയോളിന്റെ ടീമും ഇന്നലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് പങ്കുവെച്ചിരുന്നു, മുതിർന്ന നടൻ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും കുടുംബം അറിയിച്ചു.


