Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅമ്പിളി കല തുടരുന്നു

അമ്പിളി കല തുടരുന്നു

text_fields
bookmark_border
അമ്പിളി കല തുടരുന്നു
cancel
camera_altഅമ്പിളിയും സംഘവും ചിത്രീകരണത്തിനിടെ


‘വീണപൂവ്’ എന്ന ആദ്യ ചലച്ചിത്രത്തിലൂടെതന്നെ മലയാളികളുടെ മനം കവർന്ന സംവിധായകനാണ് അമ്പിളി. പിന്നീട് അഷ്ടപദി, മൗനരാഗം, സ്വന്തം ശാരിക, ഗാനമേള, സമുദായം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് നൽകി. നീണ്ട ഇടവേളക്കുശേഷം വീണ്ടും സിനിമാരംഗത്ത് സജീവമാവാനൊരുങ്ങുകയാണ് അദ്ദേഹം. ‘സ്വാമിയും വർക്കിയും’ എന്ന തന്റെ പുതിയ ചലച്ചിത്രത്തി​െന്റ ചിത്രീകരണത്തിനിടെ അമ്പിളി സംസാരിക്കുന്നു.

ചിത്രകാരനും ചലച്ചിത്രകാരനും

ഞാൻ അടിസ്ഥാനപരമായി ഒരു ചിത്രകാരനാണ്. ചിത്രം വരക്കുമ്പോൾ ഞാനും എന്റെ ബ്രഷും കളറുകളും മാത്രമേയുള്ളൂ. അതിന് മറ്റു ചെലവുകളില്ല. എന്നാൽ, സിനിമ അതല്ല. ഒരുപാട് സാങ്കേതിക വിദഗ്ധരും ആർട്ടിസ്റ്റുകളും ഒക്കെ ഉൾപ്പെടുത്തി ചെലവേറി ചെയ്യുന്ന ഒരു കലാരൂപമാണ്. സിനിമ റിട്ടേൺ പ്രതീക്ഷിക്കുന്ന ഒരു കച്ചവട മാധ്യമം കൂടിയാണ്. ഒരു ചിത്രകാരൻ ചലച്ചിത്രകാരനായി മാറുമ്പോൾ അതിനനുസരിച്ച് മാറേണ്ടതുണ്ട്.

12 വർഷത്തെ ഇടവേള

സിനിമാ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നപ്പോഴും സിനിമയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ മക്കൾ പറയാറുണ്ട്, പുതിയ തലമുറയുടെ സിനിമകൾ അച്ഛൻ കാണണമെന്ന്. എന്നെങ്കിലും ഒരു സിനിമ ചെയ്യുകയാണെങ്കിൽ അവർക്കുവേണ്ടി ഒരു സിനിമ ചെയ്യണമെന്ന്. അതിനാൽ ഞാൻ ന്യൂജൻ സിനിമകൾ കാണുമായിരുന്നു. പിന്നെ വരക്കുന്നവർക്ക് മോഡേൺ ആർട്ട് നിർബന്ധമാണല്ലോ. ഞാൻ അത്തരം ഒരുപാട് വർക്കുകൾ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ വികാരവിചാരങ്ങൾ നിരീക്ഷിക്കാറുണ്ട്. പുതിയ ഫിലിം മേക്കേഴ്സിന് താൽപര്യങ്ങൾ വലുതാണ്. അതുപോലെ താൽപര്യങ്ങളെനിക്കുമുണ്ട്. പുതിയ സിനിമയുടെ സ്റ്റോറി, സ്ക്രീൻ പ്ലേ മുഴുവൻ ഞാനാണ് ചെയ്തിരിക്കുന്നത്. പുതിയ ജനറേഷൻ ഇഷ്ടപ്പെടണം എന്നുകരുതി അതിനുവേണ്ട എല്ലാ ചേരുവകളും ചേർത്താണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം ചേരുവകൾക്കുവേണ്ടി ചേരുവകൾ ചേർക്കുക എന്ന ചിലരുടെ രീതി സ്വീകരിച്ചിട്ടുമില്ല. ഞാൻ സിനിമ ചെയ്തിരുന്ന കാലത്ത് നെഗറ്റിവ് ഫിലിമുകളാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഡിജിറ്റലായി. അതോടെ എന്തും ചെയ്യാം എന്നായി.

‘വീണപൂവി’ലെ പോയറ്റിക് സെൻസ്

വീണപൂവിൽ ഒരു പോയറ്റിക് സമീപനം ഉണ്ടായിരുന്നു. പലപ്പോഴും പലരും ഇന്നും കാണുമ്പോൾ പറയാറുണ്ട് അത് നല്ല പടമായിരുന്നു എന്ന്. അതെന്റെ ആദ്യ ചിത്രമായിരുന്നു. ആ സിനിമ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലായ തുർക്കി ഫിലിം ഫെസ്റ്റിവലിൽ ഒക്കെ പോയിരുന്നു. 1982ൽ ഡൽഹിയിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ അടൂർ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായം’, കെ.ജി. ജോർജിന്റെ ‘യവനിക’, ഭരതന്റെ ‘ഓർമക്കായി’, മോഹനന്റെ ‘ഇളക്കങ്ങൾ’, എന്റെ ‘വീണപൂവ്’എന്നീ അഞ്ച് ചിത്രങ്ങളായിരുന്നു മലയാളത്തിൽനിന്നുണ്ടായിരുന്നത്. അതിൽ ജൂറിയായിരുന്ന തുർക്കിയിലെ ഹനീഫ് ശരീഫ് കോണാരാ പിന്നീട് എന്റെ അഡ്രസ്സ് സംഘടിപ്പിച്ചു കത്തയച്ചു. അതിൽ, അദ്ദേഹം ഒരു റിവ്യൂ നടത്തിയിട്ടുണ്ടെന്നും നഷ്ടസ്വർഗങ്ങളേ എന്ന പാട്ടിന്റെ അർഥം എന്താണെന്ന് അറിയിച്ചുതരണമെന്നും എഴുതിയിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. എന്റെ ഒരു സിനിമയുടെ പൂജാവേളയിൽ സത്യൻ അന്തിക്കാടും പി. ചന്ദ്രകുമാറും ആയിരുന്നു തിരികൊളുത്തിയത്. അപ്പോൾ അതിൽ എടുത്തുപറഞ്ഞ കാര്യം ഹ്യൂമർ പ്രസന്റ് ചെയ്യാൻ ഒരു പ്രത്യേക കഴിവ് എനിക്കുണ്ടെന്നാണ്. അതിനാൽ ഞാൻ ഹാസ്യത്തിലേക്ക് തിരിച്ചുവരണം എന്നും അവർ പറഞ്ഞു. അത് ശരിയാണെന്ന് തോന്നുന്നു. അധികമൊന്നും ചിരിക്കാത്ത എം.ടിയെ പോലും തമാശപറഞ്ഞ് ഞാൻ ചിരിപ്പിച്ചിട്ടുണ്ട്.

എം.ടിയുടെ ‘മുറപ്പെണ്ണും’ മമ്മൂട്ടിയും

മലയാളത്തിൽ ആദ്യമാണ് ഒരു റീമേക്കിങ് ആലോചനയുമായി എം.ടിയുടെ അടുത്ത് ഞാൻ ചെല്ലുന്നത്. ശരി, നോക്കാം എന്നുപറഞ്ഞ് ഞാനും എം.ടിയും കൂടി അത് എഴുതാൻ ഇരുന്നതാണ്. പുതുമുഖങ്ങളെ വെച്ച് ഒരു സിനിമ ചെയ്യുക എന്നായിരുന്നു ഉദ്ദേശ്യം. കെ.പി. ഉമ്മറിന്റെ റോൾ ചെറുപ്പക്കാരനായ അശോകനും ശാരദയുടെ റോൾ പാർവതിക്കും നൽകാം എന്നൊക്കെയായിരുന്നു തീരുമാനം. ഭാസ്കരൻ മാഷ് പാട്ടൊക്കെ എഴുതി. പ്രൊഡ്യൂസർക്ക് മോഹൻലാലിന്റെ ഡേറ്റും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് യാദൃച്ഛികമായി ആ ചിത്രത്തിലേക്ക് മമ്മൂട്ടി വരുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒക്കെ പുസ്തകങ്ങൾ പിടിച്ച് കോളജിലേക്ക് പോകുന്ന സീനൊക്കെ അന്നത്തെ ആളുകൾ സ്വീകരിക്കില്ലെന്ന് ഞാൻ പറഞ്ഞു. അതിനാൽ പുതുമുഖങ്ങളെ വെച്ച് ചെയ്യാമെന്ന് നിർദേശിച്ചു. അപ്പോഴാണ് നടൻ ദേവൻ എന്നെ വിളിച്ച്, മമ്മൂട്ടിക്ക് പ്രേംനസീർ ചെയ്ത കഥാപാത്രം ചെയ്യാൻ താൽപര്യമുണ്ടെന്നറിയിച്ചത്. എന്നാൽ, എം.ടി പുതുമുഖങ്ങളെ വെച്ചുതന്നെ ചെയ്താൽ മതി എന്ന് നിർദേശിച്ചു. അപ്പോൾ പ്രൊഡ്യൂസർ പിന്മാറാൻ ശ്രമിച്ചു. മമ്മൂട്ടി 40 ദിവസത്തെ ഡേറ്റും തന്നു. അതിനിടയിലേക്കാണ് ഒരു വടക്കൻ വീരഗാഥ എന്ന സിനിമ കയറിവരുന്നത്. അതോടെ ഡേറ്റ് ക്ലാഷ് വന്നു. മുറപ്പെണ്ണിന്റെ മുന്നോട്ടുള്ള നീക്കം നിലച്ചു. അതിന് ഇപ്പോൾ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. അന്നുള്ളവരിൽ പലരും മരിച്ചുപോയി. എന്തായാലും അത് അന്നത്തെ നിലയിൽ എനിക്ക് ഒരു ശ്രദ്ധേയ ചിത്രമാക്കിമാറ്റാൻ കഴിയുമായിരുന്നു.

സിനിമയും കഥയും

ഏത് കഥകൾക്കും ഏതു കാലഘട്ടത്തിലും പ്രസക്തിയുണ്ട്. അത് എങ്ങനെ നിർമിക്കുന്നു എന്നതനുസരിച്ചിരിക്കും. പിന്നെ ഇപ്പോൾ നമ്മുടെ സിനിമകളിൽനിന്ന് മുത്തശ്ശനും മുത്തശ്ശിയും കുടുംബവുമൊക്കെ പടിയിറങ്ങിപ്പോയിരിക്കുന്നു. ഈയടുത്ത് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ എന്നെ വിളിച്ച് ‘അഷ്ടപദി’ പ്രദർശിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ഒക്കെ ചെയ്തു. അപ്പോൾ അവിടെയിരുന്ന് ഞാൻ ഷൂട്ടിങ്ങിന്റെ കാലം ആലോചിക്കുകയായിരുന്നു. അന്ന് അതിൽ അഭിനയിച്ച ഒട്ടുമിക്ക പേരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരൊന്നും പകരം വെക്കാൻ കഴിയാത്ത പ്രതിഭകളാണ്.

സ്വാമിയും വർക്കിയും

ശിവദാസൻ വടക്കേ പുരക്കൽ ഒരു സിനിമ ചെയ്യാൻ തയാറായി എന്റെ അടുക്കൽ വന്നു. അങ്ങനെയാണ് ‘സ്വാമിയും വർക്കിയും’ എന്നുപേരിട്ട സിനിമ സംവിധാനം ചെയ്യുന്നത്. മേനകയും അഭിനയിച്ചിട്ടുണ്ട്. 45 വർഷങ്ങൾക്കുശേഷം മേനകയും ബാബു നമ്പൂതിരിയും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. ടി.ജി. രവി, അശോകൻ, നിയാസ് അബൂബക്കർ, ജയരാജ്‌ വാര്യർ, ശ്രീമൂലനഗരം പൊന്നൻ എന്നിവർക്കൊപ്പം പുതുമുഖതാരങ്ങളായ അകുൽ വി. ദാസും അഞ്ജലിയും വേഷമിടുന്നുണ്ട്.‌ ദേവനും ഈ ചിത്രത്തിലുണ്ട്. മോഹൻ സിത്താരയാണ് സംഗീതം. ഒരു തറവാടാണ് കഥായിടം. തിയറ്റർ സിനിമ തന്നെയാണ് ഉദ്ദേശിക്കുന്നത്.

Show Full Article
TAGS:Celebrities director film 
News Summary - Director Ambili Returns to Malayalam Cinema with 'Swamiyum Varkiyum'
Next Story