Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആശാ ഭോസ്‌ലെയുടെ...

ആശാ ഭോസ്‌ലെയുടെ മരണകാരണം വെളിപ്പെടുത്തി ഡോക്ടർ

text_fields
bookmark_border
ആശാ ഭോസ്‌ലെയുടെ മരണകാരണം വെളിപ്പെടുത്തി ഡോക്ടർ
cancel

മുംബൈ: ബോളിവുഡിലെ പകരം വെക്കാനില്ലാത്ത ഗായികമാരിൽ ഒരാളായ ആശ ഭോസ്‌ലെയുടെ മരണം ആരാധകർക്ക് അവിശ്വസനീയമായിരുന്നു. ഇതിഹാസ ഗായികയോടൊപ്പം അവസാനിച്ചത് ഓർമകളുടെ ഒരു യുഗമാണ്. ഗായികയുടെ ചെറുമകൾ സനായ് ഭോസ്‌ലെയാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തു വിടുന്നത്. ‘എന്റെ മുത്തശ്ശി ആശാ ഭോസ്‌ലെയെ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യർഥിക്കുന്നു. ചികിത്സ തുടരുകയാണ്, എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പോസിറ്റീവ് വാർത്ത ഞങ്ങൾ നിങ്ങളെ അറിയിക്കും’ -സനായ് ഭോസ്‌ലെ കുറിച്ചു.

എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ച ആശ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. 2026 മാർച്ച് 12നായിരുന്നു ആശാ ഭോസ്‌ലെയുടെ വിയോഗം. മുംബൈയിൽ സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹാഘോഷത്തിലാണ് അവസാനമായി ആശ ഭോസ്‌ലെ പങ്കെടുത്തത്. പരിപാടിയിലെ ചിത്രങ്ങളിൽ ഗായിക വളരെ സന്തോഷവതിയായിരുന്നുവെന്ന് ആരാധകർ ഓർക്കുന്നു. എന്നാൽ, ആരോഗ്യസ്ഥിതി വളരെ മോശമായിരുന്ന ആശയെ വൈകാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

ആശാ ഭോസ്‌ലെയുടെ ഒന്നിലധികം അവയവങ്ങൾ തകരാറിലായിരുന്നുവെന്നും അതാണ് അവരെ മരണത്തിലേക്ക് നയിച്ചതെന്നും ഡോ. പ്രതിത് സംദാനി പറയുന്നു. 92 കാരിയായ ആശയെ നെഞ്ചിലെ അണുബാധയും ക്ഷീണവും കാരണം ശനിയാഴ്ച വൈകുന്നേരമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ, ശരീരത്തിലെ അവയവങ്ങൾ പ്രവർത്തനരഹിതമാവുകയായിരുന്നു. ആശാ ഭോസ്‌ലെയുടെ മരണവാർത്ത മകൻ ആനന്ദ് ഭോസ്‌ലെ പിന്നീട് സ്ഥിരീകരിച്ചു. ‘എന്‍റെ അമ്മ ആശാ ഭോസ്‌ലെ ഇന്ന് അന്തരിച്ചു. നാളെ രാവിലെ 11 മണിക്ക് ലോവർ പരേലിലെ കാസ ഗ്രാൻഡെയിലെ അവരുടെ വസതിയിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാം. സംസ്കാരം നാളെ വൈകുന്നേരം നാലുമണിക്ക് ശിവാജി പാർക്കിൽ നടക്കും‘ -മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ആനന്ദ് ഭോസ്‌ലെ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഗായികമാരിൽ ഒരാളായ ആശ ഭോസ്‌ലെ വിവിധ ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒ.പി. നയ്യാർ, ഖയ്യാം, ശങ്കർ-ജയ്കിഷൻ, ആർ.ഡി. ബർമൻ തുടങ്ങി വിവിധ തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പവും എ.ആർ റഹ്മാൻ, ഇളയരാജ തുടങ്ങി നിരവധി തെന്നിന്ത്യൻ സംഗീത സംവിധായകർക്കാപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ സഹോദരിയാണ് ആശ ഭോസ്‌ലെ.

Show Full Article
TAGS:Asha Bhosle Celebrity singer playbacksinger disease 
Next Story