ദൃശ്യം 3ൽ നിന്ന് പിന്മാറിയതിന് അക്ഷയ് ഖന്നക്ക് വക്കീൽ നോട്ടീസ്, നായകനായാൽ സിനിമ പൊളിഞ്ഞുപോകുമെന്നും നിർമാതാവിന്‍റെ വിമർശനം
text_fieldsഅജയ് ദേവ്ഗൺ നായകനായ ദൃശ്യം 3 ൽ നിന്ന് അക്ഷയ് ഖന്ന പിന്മാറിയെന്ന റിപ്പോർട്ടുകൾക്ക് പിറകെ അദ്ദേഹത്തിന് നോട്ടീസയച്ച് നിർമാതാവ്. ധുരന്ധറിലെ വൻ വിജയത്തിന് ശേഷം താരം അസാധാരണമായി പ്രതിഫലം വർധിപ്പിച്ചതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് പറയുന്നത്. വിജയം അക്ഷയ് ഖന്നയുടെ തലക്ക് പിടിച്ചുവെന്നാണ് ദൃശ്യം 3ന്‍റെ നിർമാതാവിന്‍റെ പ്രതികരണം. ചിത്രീകരണത്തിന് ദിവസങ്ങൾക്ക് മുൻപാണ് ഖന്ന സിനിമയിൽ നിന്ന് പിന്മാറിയത്. ധുരന്ധറിലെ നായകൻ അക്ഷയ് ഖന്ന അല്ലെങ്കിലും ചിത്രത്തിലെ റഹ്മാൻ ദകൈത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് വലിയ പ്രശംസയാണ് ഇദ്ദേഹം നേടുന്നത്.
വൻ വിജയത്തിന് ശേഷം തന്‍റെ പ്രതിഫലം കൂട്ടണമെന്ന് നടൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഒടുവിൽ അക്ഷയ് പദ്ധതിയിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചു. ഷെഡ്യൂൾ ആരംഭിക്കുന്നതിന് 10 ദിവസം മുമ്പായിരുന്നു പിന്മാറ്റം. തുടർന്ന് പനോരമ സ്റ്റുഡിയോയുടെ ഉടമയായ കുമാർ മംഗത് പഥക്, നടന് വക്കീൽ നോട്ടീസ് അയച്ചതായി വെളിപ്പെടുത്തി.
ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമാണ് ദൃശ്യം. വിദേശ ഭാഷകളിലേക്കുള്‍പ്പെടെ റീമേക്ക് ചെയ്യപ്പെട്ടിരുന്നു ചിത്രം. കൂടുതൽ കളക്ഷൻ ലഭിച്ചതും അജയ് ദേവഗൻ നായകനായെത്തിയ ഹിന്ദി പതിപ്പിനായിരുന്നു. കോവിഡ് കാലത്തെത്തിയ ദൃശ്യം രണ്ടിന്‍റെ മലയാളം ഒറിജിനല്‍ ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയിരുന്നെങ്കില്‍ അതിന്‍റെ ഹിന്ദി റീമേക്കും തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുകയും വൻ വിജയം നേടുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 2026 ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. നായക കഥാപാത്രത്തെ അവതരിപ്പിച്ച അജയ് ദേവ്ഗണ്‍ കഴിഞ്ഞാല്‍ രണ്ടാം ഭാഗത്തില്‍ ഏറ്റവും പ്രാധാന്യമുണ്ടായിരുന്ന, ഐ.ജി തരുണ്‍ അഹ്‍ലാവതിനെ അവതരിപ്പിച്ച അക്ഷയ് ഖന്ന പിന്മാറുന്നത് വലിയ ക്ഷീണമുണ്ടാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹിന്ദിയില്‍ ഈ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ രണ്ട് ചിത്രങ്ങളില്‍ അക്ഷയ് ഖന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഛാവയിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 900 കോടിയാണ് ധുരന്ധര്‍ നേടിയത്. ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ് ധുരന്ധർ.
അക്ഷയ് ഖന്നയുടെ വര്‍ധിച്ച പ്രതിഫലം അംഗീകരിക്കാന്‍ ദൃശ്യം 3 നിർമാതാക്കള്‍ തയാറല്ലെന്നാണ് വിവരം. എന്നാല്‍ ഇത് മാത്രമല്ല കാരണമെന്നും തിരക്കഥയില്‍ അദ്ദേഹത്തിനുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടി പിന്മാറ്റത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.


