ഇത്രയൊന്നും പ്രതീക്ഷിച്ചിട്ടേയില്ല, ലോകയുടെ അപൂർവ നേട്ടത്തിൽ സന്തോഷം മറച്ചുവെക്കാതെ ദുൽഖർ സൽമാൻ
text_fieldsനേട്ടങ്ങളും വിജയങ്ങളും ഒന്നൊന്നായി തന്‍റെ ലിസ്റ്റിൽ ചേർത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോക എന്ന കല്യാണി പ്രിയദർശൻ ചിത്രം.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ചിത്രം തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. 300 കോടി ക്ലബിൽ കയറിയ മലയാളത്തിലെ ആദ്യ ചിത്രമായിരുന്നു ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക.
നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ലോകയുടെ നിറുകയിൽ മറ്റൊരു പൊൻതൂവൽ കൂടി തുന്നിച്ചേർത്തിരിക്കുകയാണ്. 2025ലെ ഇന്ത്യൻ പോപ്പ് കൾച്ചറിനെ നിർവചിച്ച നിമിഷങ്ങളായി വോഗ് മാഗസിൻ പുറത്തുവിട്ട ലിസ്റ്റിൽ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച ചന്ദ്രയും ഇടം പിടിച്ചിരിക്കുകയാണ്. 'ലോക ചാപ്റ്റർ 1: ചന്ദ്ര' യിൽ സൂപർഹീറോയായി അഭിനയിച്ചുകൊണ്ട് കല്യാണി പ്രിയദർശൻ പല റെക്കോർഡുകളും തകർത്തെറിഞ്ഞു എന്നാണ് വോഗ് കുറിച്ചത്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുതൽ ഷാരൂഖ് ഖാന്റെ മെറ്റ് ഗാല നിമിഷങ്ങൾ വരെയുളള പ്രധാനപ്പെട്ട 18 സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വോഗ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇതിലാണ് കല്യാണിയുടെ ചന്ദ്ര ഉൾപ്പെട്ടിരിക്കുന്നത്. വോഗിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കല്യാണി പ്രിയദർശൻ സന്തോഷവുമായെത്തി.
അതിനിടെയാണ് ദുൽഖർ സൽമാന്‍റെ പോസ്റ്റ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. വോഗിന്റെ പോസ്റ്റ് സ്‌റ്റോറി ഇട്ടുകൊണ്ട് 'ചന്ദ്ര യുഗചേതനകളിൽ(Zeitgeists) ഒന്നായി മാറുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. 2025ലെ പ്ലാനിൽ എവിടെയും ഇത് ഉണ്ടായിരുന്നില്ല. പക്ഷെ നോക്കൂ എന്താണ് നടന്നത് എന്ന്,' എന്നാണ് സന്തോഷപൂർവ്വം ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ സ്റ്റോറി 'So Cool' എന്ന തലക്കെട്ടോടെ കല്യാണി പ്രിയദർശനും ഷെയർ ചെയ്തിട്ടുണ്ട്.


