സങ്കടക്കടലുകളെ മറക്കുന്ന സ്നേഹോത്സവകാലത്ത്
text_fieldsസന്തോഷ് കീഴാറ്റൂർ നാടകവേഷത്തിൽ
എല്ലാ ഓണക്കാലവും സന്തോഷം നിറഞ്ഞതാണ്. വീട്ടിലെയും നാട്ടിലെയും ആഘോഷത്തിനുപുറമെ എവിടെയെങ്കിലും നാടകവുമുണ്ടാവും. പതിവിലും ആഹ്ലാദത്തിലാണ് 2017ലെ ഓണത്തിനു കാത്തിരുന്നത്. ഓണസദ്യയുണ്ട് വീട്ടിൽനിന്നിറങ്ങി. കളിയുണ്ട്. കരിപ്പൂരിൽനിന്ന് വിമാനം കയറി. ആദ്യമായി ഇന്ത്യക്കുപുറത്ത് നാടകം കളിക്കാൻ പോകുന്നു! ആദ്യ വിമാനയാത്ര. ഷാർജയിലാണ് കളി. ഇന്ത്യൻ അസോസിയേഷനാണ് സംഘാടനം. അയ്യായിരത്തിലേറെ പേർ പങ്കെടുക്കുന്ന ഓണസദ്യയുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനാണ് ചീഫ് ഗെസ്റ്റ്. മധു ബാലകൃഷ്ണന്റെ ഗാനമേളയുമുണ്ട്. കൂട്ടത്തിൽ എന്റെ സോളോ പെർഫോമൻസും.
കുമാരനാശാന്റെ അഞ്ചു കാവ്യങ്ങളിലെ പെൺകഥാപാത്രങ്ങളെ കോർത്തിണക്കി രൂപപ്പെടുത്തിയ നാടകമാണ് ‘പെൺനടൻ’. ആയിരക്കണക്കിന് വേദികളിൽ വാസവദത്തയുടെ വേഷമഭിനയിച്ച ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതവുമായി ചേർത്താണ് രൂപകൽപ്പന. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സോളോ കളിച്ചുതുടങ്ങിയത് 2015ലാണ്. വാർത്തകളും നിരൂപണങ്ങളും കണ്ടാണ് ഷാർജയിലെ ഓണാഘോഷത്തിലേക്ക് ക്ഷണിക്കുന്നത്. അയ്യായിരം പേർ പങ്കെടുക്കുന്ന ഓണസദ്യ പോലെ പ്രാധാന്യം നാടകത്തിനും അവർ നൽകിയിരുന്നു. പുതുവസ്ത്രങ്ങളുടെ നിറങ്ങളും ഗന്ധവും നിറഞ്ഞ് അതിഗംഭീരമാണ് ഓണാഘോഷം. സദ്യയൊക്കെ കഴിഞ്ഞ് മറ്റു ചില കലാപരിപാടികളും കഴിഞ്ഞ് നാടകം.
ആഹ്ലാദം നിറഞ്ഞ നിമിഷങ്ങൾക്കിടയിലേക്ക് കണ്ണൂരിൽ നിന്നൊരു ഫോൺ കോൾ എത്തി. ഭാര്യയുടെ അച്ഛൻ മരിച്ചു. വല്ലാത്തൊരു ഷോക്കായിപ്പോയി അത്. എനിക്ക് അച്ഛനെപ്പോലെ തന്നെ പ്രിയപ്പെട്ട ആളാണ്. കൂടെ ഉണ്ടാവേണ്ടതാണ്. പക്ഷേ, ഇത്രയേറെ ആളുകൾ കാത്തിരിക്കുന്ന പ്രോഗ്രാമിനിടയിൽ ഇങ്ങനെയൊരു കാര്യം പറഞ്ഞ് തിരികെ പോകാനാവില്ല. കലാകാരന്മാർ ധർമസങ്കടത്തിലാവുന്ന ഇത്തരം ചില സന്ദർഭങ്ങളുണ്ട്. മറ്റെല്ലാ സങ്കടങ്ങളും മറന്ന് വേദിയിൽ കഥാപാത്രങ്ങളായി നിറഞ്ഞാടണം. കാണികളെ തൃപ്തിപ്പെടുത്തണം.
നിരവധി വികാരതീവ്രമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നതാണ് പെൺനടൻ. വളരെ സൂക്ഷ്മമായ സമർപ്പണം ആവശ്യപ്പെടുന്ന അവതരണം. അപാരമായ വേഗതയുണ്ട് അവതരണത്തിൽ. നിമിഷങ്ങൾ കൊണ്ട് പുതിയ വേഷങ്ങൾ ധരിക്കണം. പ്രായവും രൂപവും മാറണം. വിങ്ങലോടെ വേദിയിലേറി. മറ്റെല്ലാം മറന്ന് മറ്റൊരു കഥയായി ചുവടുവെച്ചു. ചിരിച്ചു, കരഞ്ഞു... ഒരിക്കലും മറക്കാനാവാത്ത ഓണക്കാലമാണത്. ഒരർഥത്തിൽ എല്ലാ ആഘോഷങ്ങളും ഇങ്ങനെയൊക്കെ തന്നെയാണല്ലോ. എല്ലാ സങ്കടങ്ങളും മാറ്റിവെച്ച് കൂട്ടുകൂടി സ്നേഹവും സന്തോഷവും പങ്കുവെക്കുക.
പ്രവാസികളുടെ നിറയോണം
ആ യാത്ര ഒരു തുടക്കമായിരുന്നു. സൗദി ഒഴികെ ഗൾഫിലെല്ലായിടത്തും പിന്നീട് നാടകം കളിച്ചു. അമേരിക്ക ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിൽ പലവട്ടം നാടകവുമായി സഞ്ചരിച്ചു. പെൺനടനൊപ്പമുള്ള സഞ്ചാരം 10 വർഷവും നൂറിലേറെ വേദികളും പിന്നിട്ട് ഇപ്പോഴും തുടരുന്നു. കേരളത്തിനു പുറത്തെത്തുമ്പോൾ വല്ലാത്ത ആഹ്ലാദം തോന്നാറുണ്ട്. പ്രത്യേകിച്ച് ഓണം പോലെയുള്ള ഉത്സവകാലങ്ങളിൽ. നമ്മുടെ ഉത്സവങ്ങൾ ഏറ്റവും ഗംഭീരമായി, തനിമയോടെ ആഘോഷിക്കുന്നത് പ്രവാസികളാണ്. എല്ലാവരും ഓണക്കോടിയൊക്കെ ധരിച്ച്, ആ ദിവസം മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഒത്തുചേരുന്നു.
പുറത്തെത്തുന്നതോടെ കേരളീയരെല്ലാം മലയാളികൾ മാത്രമാണ്. ഓണവും പെരുന്നാളും റമദാനും ക്രിസ്മസും സ്വാതന്ത്ര്യ ദിനവും കേരളപ്പിറവിയും എല്ലാം, അവർ എല്ലാംമറന്നൊത്തുചേർന്ന് ആഘോഷിക്കുന്നു. അത് കൃത്യമായി ആ ദിവസം തന്നെ ആയിരിക്കണമെന്നൊന്നും ഇല്ല. എല്ലാവർക്കും പറ്റുന്ന ഒരു ദിവസം തിരഞ്ഞെടുക്കും, ഒത്തുചേരും. പ്രവാസികൾ നമ്മുടെ എല്ലാ ആഘോഷങ്ങളും അതിന്റെ നന്മകൾ ഉൾക്കൊണ്ട് ഒറ്റമനസ്സായി കൊണ്ടാടുന്നു എന്നത് ഏറെ മാതൃകാപരമായി തോന്നുന്നു.
നാടകക്കാരന്റെ പിന്നോണം
ഓണാഘോഷം കലാകാരന്മാർക്ക് കളിയുള്ള കാലമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ക്ലബുകളുടെയും സാംസ്കാരിക സംഘങ്ങളുടെയും ഓണാഘോഷത്തിൽ പലരും നാടകം ഉൾപ്പെടുത്തുന്ന പഴയകാലം ഓർമവരുന്നു. പ്രത്യേകിച്ച് തെക്കാണ് നാടകത്തിന് പ്രിയമേറുന്നത്. നാടകത്തോടൊപ്പം സഞ്ചരിക്കുമ്പോഴുള്ള ഓണം അത്ര നിറമുള്ളതല്ല. രണ്ടു മാസമൊക്കെ എടുത്ത് റിഹേഴ്സൽ ചെയ്യുന്ന നാടകത്തിന് ഓണക്കാലത്താണ് കളി കിട്ടുക. എല്ലാവരും ഓണമുണ്ട് ഓണക്കോടിയുടുത്ത് ഓണാഘോഷത്തിനിറങ്ങുമ്പോൾ നാടകക്കാർ വീട്ടിൽ ഓണം കൂടാൻ സാധിക്കാതെ യാത്രയിലായിരിക്കും.
ഏറ്റവും മോശമായ താമസസൗകര്യം, ഏതെങ്കിലും ഹോട്ടലിൽ അത്ര മെച്ചമല്ലാത്ത ഭക്ഷണം. മറ്റെല്ലാ കലാപരിപാടിയും കഴിഞ്ഞാണല്ലോ നാടകം. വേദി കിട്ടുന്നു എന്നതൊഴിച്ചാൽ നാടകക്കാരന്റെ ഓണം ഒട്ടും നിറമുള്ളതല്ല എന്നാണ് അനുഭവം. അവർ വേദിയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമ്പോൾ അവരുടെ ഇല്ലായ്മകളെയോ വല്ലായ്മകളെയോ കുറിച്ചൊന്നും ആരും ചിന്തിക്കാറില്ല. വേദികൾ കുറഞ്ഞു എന്നതൊഴിച്ചാൽ ഇതിലൊന്നും ഇന്നും മാറ്റംവന്നിട്ടില്ല. നാടകങ്ങളും കഥാപ്രസംഗങ്ങളുമെല്ലാം നമ്മുടെ ഉത്സവാഘോഷങ്ങളിലേക്ക് തിരികെ വരേണ്ടതുണ്ട്.
കളറാണ് സിനിമയിലെ ഓണം
നാടകക്കാരുടെ കഥ പറയുന്ന കമലിന്റെ ‘നടൻ’ സിനിമയുടെ സെറ്റിൽ ഗംഭീരമായി ഓണം ആഘോഷിച്ചത് ഓർക്കുന്നു. അഭിനയത്തോടൊപ്പം പടത്തിൽ സംവിധാനസഹായി കൂടിയായിരുന്നു ഞാൻ. കെ.പി.എ.സി ലളിത, ജോയ് മാത്യു, പി. ബാലചന്ദ്രൻ, ഹരീഷ് പേരടി, സജിത മഠത്തിൽ, ശശി കലിംഗ തുടങ്ങി നാടക അരങ്ങിൽ നിന്നെത്തിയവരുടെ സാന്നിധ്യവുമുണ്ട്.
നടൻ ജയറാമും പ്രൊഡ്യൂസർ അനിൽകുമാർ അമ്പലക്കരയും എല്ലാവർക്കും ഓണക്കോടി തന്നു. ജയറാമിന്റെ നേതൃത്വത്തിൽ ഗംഭീരമായി ഓണം ആഘോഷിച്ചു. സിനിമാസെറ്റിലെ ഓണാഘോഷം എപ്പോഴും കളറാണ്. നിറവിഭവങ്ങളോടെയുള്ള ഓണസദ്യ എന്തായാലും ഉറപ്പ്. രണ്ടുകൂട്ടം പായസമെങ്കിലും ഇല്ലാതിരിക്കില്ല. ഓണദിവസത്തെ ഷൂട്ട് മൊത്തത്തിൽ ഒരോളമാണ്.
നാട്ടോണം നല്ലോണം
എവിടെയൊക്കെ ആണെങ്കിലും ഓണക്കാലത്ത് നാട്ടിലെത്തി, വീട്ടിൽ ഓണം കൂടാനാണ് ഏറ്റവും ഇഷ്ടം. കുട്ടിക്കാലം തൊട്ടേ പൂവിടലും ഓണക്കോടിയും എല്ലാവരും ചേർന്ന് സദ്യയൊരുക്കലുമൊക്കെയായി ഓണം മനസ്സുനിറക്കും. ഇല നിറഞ്ഞ സദ്യവട്ടങ്ങൾക്കൊപ്പം കോഴി പൊരിച്ചതുണ്ടാവും. എല്ലാവരും ഒന്നിച്ചു നിരന്നിരുന്നുള്ള ഓണസദ്യയുണ്ണൽ ഒരനുഭവമാണ്.
കൂട്ടുകുടുംബമായതിന്റെ ഒരു സമൃദ്ധിയുണ്ട് വീട്ടിലെ ഓണത്തിന്. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. അടുത്ത കാലം വരെ അമ്മയുടെ നേതൃത്വത്തിൽ കൃഷിയുണ്ട്. ഇപ്പോൾ കീഴാറ്റൂർ വഴി വന്ന ദേശീയപാത പാടം മുറിച്ചു കടന്നുപോയതോടെ വയലിൽ വെള്ളക്കെട്ടുണ്ട്. കൃഷി മുടങ്ങി. ഇല്ലെങ്കിൽ അരിയടക്കമെല്ലാം പാടത്തുനിന്നുതന്നെ കിട്ടുമായിരുന്നു. പണിതീർന്ന് വെള്ളം നീക്കാൻ സംവിധാനമായാൽ കൃഷി തുടരാമെന്നു തന്നെയാണ് പ്രതീക്ഷ.
നാട്ടിലെ ഓണാഘോഷം
ആഗസ്റ്റ് 29ന് ദുബൈയിൽ പ്രോഗ്രാമുണ്ട്. തിരികെയെത്തുന്നത് പാലക്കാട്ട് ഈസ്റ്റ് കോസ്റ്റ് വിജയന്റെ സിനിമയിലേക്കാണ്. മൂന്നിനും നാലിനും ഷൂട്ടിങ്ങുണ്ട്. ഷൂട്ട് രാത്രിയിലേക്ക് നീണ്ടില്ലെങ്കിൽ ഓണത്തിന് വീട്ടിലെത്താനാവും. ആറിനാണ് നാട്ടിലെ ഓണാഘോഷം. അതിനെന്തായാലും പങ്കെടുക്കും. അതൊരു വലിയ സന്തോഷമാണ്. വിട്ടുകളയാൻ പറ്റില്ല.
കീഴാറ്റൂരിൽ രണ്ടു ക്ലബുകളുണ്ട്. കീഴാറ്റൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംസ്കൃതിയും. രണ്ടു ക്ലബും ഗംഭീരമായി ഓണാഘോഷം സംഘടിപ്പിക്കും. മുമ്പൊക്കെ രാവിലെ ഓണം ഘോഷയാത്രയുണ്ടായിരുന്നു. ഉത്രാടത്തിനും തിരുവോണത്തിനും മാവേലി വേഷം കെട്ടി വീടുകൾ തോറും കയറിയിറങ്ങുമായിരുന്നു. പലവട്ടം മാവേലി വേഷം കെട്ടിയിട്ടുണ്ട് ഓണാഘോഷത്തിന്. അല്ലെങ്കിൽ മേക്കപ്പ് ഏറ്റെടുക്കും. കഴിഞ്ഞ വർഷം മകനായിരുന്നു മാവേലി.
പുതിയ തലമുറക്ക് ഇത്തരം കൂട്ടായ്മകളുടെ ആനന്ദം തിരിച്ചറിയാനായിട്ടില്ല. അവർ കൂടി ചേർന്ന് നമ്മുടെ നാട്ടാഘോഷങ്ങളെ തനിമയോടെയും കൂടുതൽ പൊലിമയോടെയും മുന്നോട്ടുകൊണ്ടുപോകുമെന്നുതന്നെയാണ് പ്രതീക്ഷ. നന്മയുടെ കൂടിച്ചേരലുകളും ചേർന്നുനിൽക്കലുകളും ചേർത്തുനിർത്തലുകളും നമുക്കൊരിക്കലും കൈമോശം വന്നുകൂടാ. ഭൂമിമലയാളത്തിൽ ഒന്നായോണം കൂടുന്നവർക്കെല്ലാം ഹൃദ്യമായ ഓണാശംസകൾ.
.