ശ്രീദേവി തെന്നിവീണു, സെറ്റ് മുഴുവൻ നിശ്ചലമായി; എന്‍റെ കരിയർ അവസാനിച്ചെന്ന് കരുതി -ഫർഹാൻ അക്തർ
text_fields1991ലെ കാര്യമാണ്. അന്ന് 17 വയസ്സുകാരനായ ഫർഹാൻ അക്തർ സിനിമാ ജീവിതം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. യഷ് ചോപ്രയുടെ 'ലംഹേ' എന്ന റൊമാന്‍റിക് മ്യൂസിക്കൽ ചിത്രത്തിൽ ഛായാഗ്രാഹകൻ മൻമോഹൻ സിങ്ങിന്റെ അസിസ്റ്റന്‍റായാണ് ഫർഹാൻ പ്രവർത്തിച്ചിരുന്നത്. ശ്രീദേവിയും അനിൽ കപൂറുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. എന്നാൽ സെറ്റിലുണ്ടായ ഒരു സംഭവം കാരണം തന്‍റെ കരിയർ അവസാനിച്ചെന്ന് ഫർഹാൻ കരുതി. റിഹേഴ്സലിനിടെ ശ്രീദേവി അവിചാരിതമായി സെറ്റിൽ തെന്നി വീണു. ഏകദേശം 35 വർഷങ്ങൾക്കിപ്പുറം ഇന്ത്യ ടിവിയിലെ 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ ഫർഹാൻ അക്തർ ആ നിമിഷം ഓർത്തെടുക്കുകയാണ്.
“നിർഭാഗ്യവശാൽ അത്തരമൊരു അപകടം സംഭവിച്ചു. ലംഹേയിൽ മൻ ജിയുടെ ഏഴാമത്തെയോ എട്ടാമത്തെയോ അസിസ്റ്റന്‍റ് ആയിരുന്നു ഞാൻ. അത് സാധാരണ യഷ് ചോപ്രയുടെ സെറ്റപ്പ് ആയിരുന്നു. സരോജ് ജി (കൊറിയോഗ്രാഫർ സരോജ് ഖാൻ) ചിട്ടപ്പെടുത്തിയ ഒരു ഡാൻസ് സീക്വൻസ്. ശ്രീദേവിക്ക് ഒരു മോശം വാർത്ത കേട്ട ശേഷം ദേഷ്യവും വേദനയും നൃത്തത്തിലൂടെ പ്രകടിപ്പിക്കേണ്ടതുണ്ടായിരുന്നു. അവസാന ഷോട്ട് ക്രെയിൻ ഷോട്ടാണ് എടുക്കേണ്ടിയിരുന്നത്. ശ്രീദേവി റിഹേഴ്സൽ ചെയ്യുമ്പോൾ ഫ്രെയിം പരിശോധിക്കുകയായിരുന്ന മൻമോഹൻ സിങ് മരത്തിൽ ഒരു കറ ശ്രദ്ധിച്ചു. അത് വൃത്തിയാക്കാൻ അദ്ദേഹം ഒരാളോട് ആവശ്യപ്പെട്ടു. എന്‍റെ അടുത്തായിരുന്നതിനാൽ ഞാൻ അത് തുടക്കാൻ ഓടി.
തിടുക്കത്തിൽ തന്‍റെ അടുത്തേക്ക് ശ്രീദേവി വരുന്നത് അദ്ദേഹം ശ്രദ്ധിച്ചില്ല. ഞാൻ കുനിഞ്ഞ് കറ തുടക്കുകയായിരുന്നു. അപ്പോഴാണ് ശ്രീദേവി നടന്നു വന്ന് തെന്നി വീണത്. അത് ഇപ്പോഴും എനിക്ക് സ്ലോ മോഷനിൽ ഓർമയുണ്ട്. ശ്രീദേവി കാറ്റിൽ പറന്ന് തറയിൽ വീഴുന്നത്. സെറ്റ് മുഴുവൻ നിശ്ചലമായി. ഇതോടെ എന്‍റെ കരിയർ അവസാനിച്ചു എന്ന് ഞാൻ ചിന്തിച്ചു” ഫർഹാൻ പറഞ്ഞു. എന്നാൽ ദേഷ്യപ്പെടുന്നതിന് പകരം ശ്രീദേവി ചിരിച്ചുകൊണ്ട് അതിനെ ലഘൂകരിച്ചു. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. 'സാരമില്ല, ഇതൊക്കെ സംഭവിക്കുന്നതാണ്'. എല്ലാവരും അവരെ പിന്തുടർന്ന് ചിരിക്കാൻ തുടങ്ങി. അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത് ഫർഹാൻ ഓർത്തെടുത്തു.
ലംഹേക്ക് ശേഷം ഫർഹാൻ പരസ്യമേഖലയിലേക്ക് മാറുകയും, പത്ത് വർഷത്തിന് ശേഷം ഐക്കോണിക് ചിത്രമായ 'ദിൽ ചാഹ്താ ഹേ'യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തന്‍റെ യാത്രയെക്കുറിച്ച് നന്ദിയോടെ അദ്ദേഹം പറഞ്ഞു. ഞാൻ എന്നും ശ്രീദേവിയോട് കടപ്പെട്ടിരിക്കും. അതേസമയം റെസാങ് ലാ യുദ്ധത്തെ ആസ്പദമാക്കിയുള്ള '120 ബഹദൂർ' എന്ന ചിത്രമാണ് ഫർഹാൻ അക്തറിന്‍റേതായി ഇനി ഇറങ്ങാനുള്ളത്.


