'ഫാഷൻ ലോകം പരിസ്ഥിതി സൗഹൃദമാകണം; ഭാവിതലമുറക്ക് ഭൂമിയെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരരുത്'-സോനം കപൂർ
text_fieldsമുംബൈ: വെള്ളിത്തിരയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തെങ്കിലും ഫാഷൻ ലോകത്തും അന്താരാഷ്ട്ര വേദിയിലും സജീവ സാന്നിധ്യമായ ബോളിവുഡ് താരം സോനം കപൂർ ആറാം പതിപ്പ് എർത്ത്‌ഷോട്ട് പ്രൈസ് അവാർഡുകളുടെ അവതാരകയായി എത്തിയത് ശ്രദ്ധേയമാകുന്നു. മുംബൈയിൽ നടക്കുന്ന ചടങ്ങിലാണ് ലോകപ്രശസ്തരായ മറ്റ് പ്രമുഖർക്കൊപ്പം സോനം കപൂറും പുരസ്‌കാരങ്ങൾ സമ്മാനിക്കാനെത്തിയത്. ചടങ്ങിന്റെ ഗ്രീൻ കാർപ്പറ്റിൽ എമറാൾഡ് ഗ്രീൻ വസ്ത്രത്തിൽ തിളങ്ങിയ താരം, മുംബൈയോടുള്ള തന്റെ സ്നേഹവും സിനിമാ ലോകത്തെ സുസ്ഥിരതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവെച്ചു.
സ്വന്തം നാടായ മുംബൈയെക്കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും വലിയ ആവേശമാണ് സോനം കപൂറിന്. മുംബൈ തന്നെ സംബന്ധിച്ച് വീട് മാത്രമല്ലെന്നും, ഇവിടെയാണ് താൻ ജനിച്ച് വളർന്നതെന്നും വ്യക്തമാക്കിയ താരം, ഈ നഗരം തന്റെ രക്തത്തിലലിഞ്ഞു ചേർന്നതാണെന്നും പറഞ്ഞു. സിനിമാ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന താരം, സിനിമകളിലെ വസ്ത്രധാരണത്തിലും സെറ്റുകളിലെ പ്രവർത്തനങ്ങളിലും സുസ്ഥിരത (Sustainability) എങ്ങനെ കൊണ്ടുവരാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ്. തന്റെ സൂപ്പർഹിറ്റ് ചിത്രമായ 'ആയിഷ'യിലെ വസ്‌ത്രശേഖരത്തെക്കുറിച്ച് ഓർത്തെടുത്ത താരം, ആ സിനിമയ്ക്കായി ഉപയോഗിച്ച പല ക്ലാസിക് വസ്ത്രങ്ങളും താൻ ഇപ്പഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
അടുത്ത തലമുറ പരിസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടാത്ത ഒരു കാലം വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സോനം കപൂർ പറയുന്നു. നമ്മൾ ഭൂമിക്ക് വരുത്തിയ നഷ്ടങ്ങൾ നികത്താൻ ഭാവിതലമുറ ബുദ്ധിമുട്ടേണ്ടി വരരുതെന്നും, പരിസ്ഥിതി സൗഹൃദമായ ഒരു ലോകം അവർക്കായി കരുതിവെക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും താരം ഓർമ്മിപ്പിച്ചു. ഫാഷൻ ലോകത്ത് പുനരുപയോഗയോഗ്യമായ വസ്തുക്കൾക്കും പരിസ്ഥിതി സൗഹൃദപരമായ രീതികൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും അവർ ആഹ്വാനം ചെയ്തു.
മുംബൈയിൽ നടക്കുന്ന എർത്ത്‌ഷോട്ട് പ്രൈസ് വേദിയിൽ സോനം കപൂറിന് പുറമെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ഹോളിവുഡ് താരം റാമി മലക്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നിവരും പുരസ്‌കാരങ്ങൾ അവതരിപ്പിക്കാൻ എത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകരെയും നവീന ആശയങ്ങളെയും ആദരിക്കുന്ന ഈ അന്താരാഷ്ട്ര പുരസ്‌കാര വേദിയിൽ ഇന്ത്യയുടെ പ്രതിനിധിയായി സോനം കപൂർ പങ്കെടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫാഷനിലൂടെയും വ്യക്തിജീവിതത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം നൽകുന്ന താരത്തിന്റെ നിലപാടുകൾക്ക് സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.



