'ചരിത്രം കണ്ണുനീരും കഷ്ടപ്പാടും മാത്രം നൽകിയ പ്രദേശങ്ങളിലൊന്ന്...; മൂന്ന് ദിവസം മുമ്പാണ് പഹൽഗാം സന്ദർശിച്ചത്, ഓർക്കുമ്പോൾ ഉൾക്കിടിലം' -ജി.വേണുഗോപാൽ
text_fieldsഭീകരാക്രമണം നടന്ന ജമ്മു കശ്മീരിലെ പഹൽഗാമിൽ മൂന്നു ദിവസങ്ങൾക്കു മുൻപ് സന്ദർശനം നടത്തിയ അനുഭവം പങ്കുവെച്ച് ഗായകൻ ജി.വേണുഗോപാൽ. സമാനതകളില്ലാത്ത ക്രൂരതയാണ് അരങ്ങേറിയിരിക്കുന്നതെന്നും ഭീകരർ നിറയൊഴിച്ച ഇടങ്ങളിൽ ട്രക്ക് ചെയ്തിരുന്നെന്ന് ഓർക്കുമ്പോൾ ഉൾക്കിടിലം തോന്നുന്നുവെന്നും ഗായകൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്‍റെ വ്യാജ മരണ വാർത്ത പ്രചരിച്ചതിനെതിരായി എഴുതിയ കുറിപ്പിൽ താൻ കശ്മീരിലാണെന്ന് ഗായകൻ വ്യക്തമാക്കിയിരുന്നു.
കുറിപ്പിന്‍റെ പൂർണ രൂപം
ദൈവമേ ..... ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.
സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും, വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും. എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടക്കിടക്ക് മുഴങ്ങുന്ന വെടിയൊച്ചകളും!