ഇൻസ്റ്റന്റ് കാലത്തെ വലിയ ഓണം
text_fieldsതിരക്കുകളിൽനിന്നൊഴിഞ്ഞ് വീട്ടിൽതന്നെയിരുന്ന് ആഘോഷിച്ച മഹാമാരിക്കാലത്തെ രണ്ട് ഓണങ്ങളുടെ ഓർമകളാണ് അജയകുമാർ എന്ന ആരാധകരുടെ സ്വന്തം ഗിന്നസ് പക്രുവിന്റെ മനസ്സിലിന്നും. കൂടെ സോഷ്യൽ മീഡിയയിലെയും ചാനലുകളിലെയും ഇൻസ്റ്റന്റ് ഓണത്തിന്റെ തിരക്കുകൾക്കിടയിൽ മുങ്ങിപ്പോകുന്ന പഴയ ആഘോഷങ്ങളുടെ ഓർമകളും.
'അന്നത്തെ ഓണമായിരുന്നു ഓണം, 'എന്റെയൊക്കെ ചെറുപ്പത്തിലെ ഓണമായിരുന്നു ഓണം' -എന്നെല്ലാം എല്ലാവരും പറയുന്നതും കേൾക്കാം. അതുപോലെ പഴയ ആളുകൾ പറയുന്നതുപോലെതന്നെയാണ് എന്റെയും കുട്ടിക്കാലത്തെ ഓണം. സ്കൂളിലാണെങ്കിലും കോളജിലാണെങ്കിലും അത്തപ്പൂക്കളമിട്ടും കൂട്ടുകാർക്കൊപ്പം പരിപാടികളുമായും രസകരമായിരുന്ന കാലം. അന്ന് അത്തപ്പൂക്കളത്തിന്റെ ഡിസൈനറായിരുന്നു ഞാൻ. കാരണം ലോകം മുഴുവൻ നടന്ന് പൂവ് പറിക്കാനോ കായികാധ്വാനമുള്ള പരിപാടികളോ അന്നേ ചെയ്യാറില്ല. കൂടുതലും ഐഡിയ നൽകൽ, ഡിസൈനിങ് എന്നിവയായിരിക്കും ആഘോഷങ്ങളിലെ എന്റെ ജോലി. കോളജിലും അങ്ങനെയായിരുന്നു, ഇപ്പോഴും അങ്ങനെതന്നെ, വലിയ മാറ്റമില്ല.
ഓണാഘോഷം ഇപ്പോൾ മാറിപ്പോയെന്ന് പറയാം. 'ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തെ ഓണമായിരുന്നു ഓണ'മെന്ന് എന്റെ കുട്ടിക്കാലത്ത് പഴയ ആളുകൾ പറയുമായിരുന്നു. ഇപ്പോൾ ഈ 2022ന്റെ അവസാനത്തിൽ വന്നുനിൽക്കുമ്പോൾ ഇപ്പോഴത്തെ കുട്ടികൾക്ക് യഥാർഥത്തിൽ ഓണം എന്താണെന്ന് അറിയില്ലെന്നുതന്നെ പറയാം. അവർ കാണുന്നത് സോഷ്യൽ മീഡിയയിലെയും ചാനലുകളിലെയും ഇൻസ്റ്റന്റ് ഓണമാണ്. അതും ചെറുതായി വന്നുപോകുന്ന നമ്മുടെ പഴയ ആ 'വലിയ ഓണം'. അവർക്ക് ഓണാഘോഷം എങ്ങനെയാണെന്നറിയില്ല, അറിയാൻ മറ്റുവഴികളുമില്ല.
കലാലോകത്തേക്ക് വന്നാൽ ഓണാഘോഷ പരിപാടികളെല്ലാം തന്നെ കുറഞ്ഞെന്ന് പറയാം. ഒത്തുചേരലുകൾ, ക്ലബുകൾ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ഇല്ലാതായിത്തുടങ്ങി. നേരത്തെ കൂടുതലും സ്റ്റേജ് പരിപാടികളായിരുന്നു. ഒരു സ്റ്റേജിൽനിന്ന് രണ്ടും മൂന്നും സ്റ്റേജുകളിലേക്ക് ഓടുന്നതും തിരക്കുമെല്ലാം രസമായിരുന്നു. ഒരു ഓണദിവസം നാലു സ്റ്റേജിൽവരെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നാലാമത്തെ സ്റ്റേജിൽ സമയത്തിന് എത്തിച്ചേരാൻ സാധിക്കാതെ വരുന്നതിന്റെ വലിയ ബുദ്ധിമുട്ടുകളും അനുഭവിച്ച കാലമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത്തരം പരിപാടികളെല്ലാം വിരളമായി. പ്രത്യേകിച്ച് കോവിഡിന് ശേഷം ഓണാഘോഷ പരിപാടികളെല്ലാം കുത്തനെ കുറഞ്ഞെന്ന് പറയാം. സർക്കാറിന്റെ ഓണാഘോഷ പരിപാടികളും കുറച്ചു.
ഓണാഘോഷ പരിപാടികളെല്ലാം വർണാഭമായി നടത്തുന്നത് ഇപ്പോൾ പ്രവാസികളാണെന്നാണ് എന്റെ അഭിപ്രായം. ഓണാഘോഷ പരിപാടികൾ അവിടം സജീവമാക്കും. കൂടുതൽ ഒത്തുചേരലുകൾ നടക്കും. അത് പലപ്പോഴും കുടുംബം, പഞ്ചായത്ത്, ജില്ല തുടങ്ങിയ കൂട്ടായ്മകളുടെ പേരിൽ ക്രിസ്മസിന്റെ തലേദിവസം വരെ പ്രവാസലോകത്ത് ഓണം ആഘോഷിക്കും. ചാനലുകളിലെ ഓണാഘോഷമാണ് മറ്റൊരു പ്രധാന കാര്യം. അവിടെ സ്ഥിരം സജീവമായി വർഷങ്ങളായി ഓണാഘോഷങ്ങൾ നടക്കും. അതിന്റെ ഭാഗമാകുകയും ചെയ്യും.
ഓണത്തിന് സിനിമകളാണ് മറ്റൊരു വിശേഷം. ഓണത്തോടനുബന്ധിച്ച് ഇറങ്ങുന്ന സിനിമകളെല്ലാം കാണും. അതിൽ ഒരു സിനിമ വൻ വിജയമായി തീർന്നിട്ടുണ്ടാകും. ആ സിനിമയിൽ ചിലപ്പോൾ മുഖം കാണിക്കാനുള്ള ഭാഗ്യം ലഭിക്കുകയും ചെയ്യാറുണ്ട്. ഈ ഓണത്തിന് ഞാൻ ഭാഗമായ മലയാളസിനിമ പുറത്തിറങ്ങുന്നില്ലെന്നത് ഇത്തവണ എനിക്കൊരു പ്രത്യേകതയാണ്. തമിഴിൽ രണ്ടു ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. പ്രഭുദേവക്കൊപ്പം ബഗീര എന്ന ചിത്രവും ജീവയും അർജുനും പ്രധാന വേഷങ്ങളിലെത്തുന്ന മേധാവി എന്ന ചിത്രവും. ഒക്ടോബറിൽ ഞാൻ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രങ്ങളുടെ അനൗൺസ്മെന്റുണ്ടാകും.
സത്യത്തിൽ ഒരു തിരക്കും ഇല്ലാതെ വീട്ടിൽതന്നെയിരുന്ന് ഓണം ആഘോഷിച്ചത് കഴിഞ്ഞുപോയ മഹാമാരിക്കാലത്തെ രണ്ട് ഓണങ്ങളായിരുന്നു. അങ്ങനെ ആദ്യമായി കുടുംബത്തിനൊപ്പം മുഴുവനായി ഓണം ആഘോഷിച്ചു. വീട്ടിനകത്തായിരുന്നു ആ ഓണം. പുറത്തിറങ്ങാൻ സാധിക്കില്ലായിരുന്നല്ലോ. ഓണത്തിന് സദ്യയൊരുക്കൽ, പൂവിടൽ, പായസം വെക്കൽ എല്ലാം വീട്ടിനകത്തിരുന്നുതന്നെ. മകൾക്ക് പഴയ ഓണാഘോഷവും അതിന്റെ വിശേഷങ്ങൾ പറഞ്ഞുനൽകാനും ആ രണ്ട് ഓണക്കാലത്ത് കഴിഞ്ഞുവെന്നതാണ് മറ്റൊരു സന്തോഷം. ഓണത്തിന്റെ ഐതിഹ്യം, മാവേലി, തൃക്കാക്കരയപ്പൻ എന്നിവയെല്ലാം പുതിയ കുട്ടികൾക്ക് അറിയില്ലല്ലോ. അതെല്ലാം കഴിഞ്ഞ ഓണത്തിന് മകളുടെ അടുത്തിരുന്ന് പറഞ്ഞുനൽകി.
ഓണക്കോടിയിൽ ആദ്യം എടുക്കേണ്ടിവന്നത് മാസ്കായിരുന്നുവെന്നതാണല്ലോ ആ ഓണങ്ങളുടെ പ്രത്യേകത. ഓണക്കോടിയെല്ലാം മേടിച്ചെങ്കിലും അതിട്ട് പുറത്തേക്കിറങ്ങാൻ സാധിച്ചില്ലെന്നതും ഒരു പ്രത്യേക അവസ്ഥയായിരുന്നു. ഇത്തവണ ഓണത്തിന് ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കും. ഇത്തരം ആഘോഷങ്ങളോടെ മഹാമാരിക്കാലത്തിന് ശേഷം ഓണക്കാലം വീണ്ടും സജീവമാകുന്നുവെന്നതിലാണ് ഏറ്റവും സന്തോഷം.


