‘ഓരോ മിനിറ്റിലും ഞാൻ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു, അദ്ദേഹം ശരിക്കും പോയോ? എന്നായിരിക്കും ഇനി ഞങ്ങളുടെ കൂടിക്കാഴ്ച എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്’ -ഹേമമാലിനി
text_fieldsഡ്രീം ഗേൾ ഹേമമാലിനിയും ഹീ-മാൻ ധർമേന്ദ്രയും തമ്മിലുള്ള ബന്ധം വെറുമൊരു സിനിമാക്കഥയല്ല. മറിച്ച് കാലത്തെ അതിജീവിച്ച അപൂർവ്വമായ ഒരു പ്രണയകാവ്യമാണ്. ധർമേന്ദ്രയുടെ വിയോഗശേഷവും തന്റെ ഓരോ നിശ്വാസത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവിക്കുന്നു എന്ന് ഹേമ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഭർത്താവായ ധർമേന്ദ്രക്ക് ബാഫ്റ്റ നൽകിയ ആദരവിനെക്കുറിച്ച് ഹേമ മാലിനി വാറൈറ്റി ഇന്ത്യയോട് സംസാരിക്കുകയാണ്. ‘ധർമേന്ദ്രയുടെ പ്രശസ്തി അതിരുകൾക്ക് അപ്പുറമായിരുന്നു. വിദേശ രാജ്യങ്ങളിൽ പോലും ആരാധകർ അദ്ദേഹത്തെ വളയുന്നത് താൻ കണ്ടിട്ടുണ്ടെന്നും’ ഹേമമാലിനി പറഞ്ഞു.
സിനിമകളിൽ സജീവമായിരുന്ന കാലത്ത്, ഒന്നിച്ച് സമയം ചെലവഴിക്കാൻ വേണ്ടി മാത്രമാണ് തങ്ങൾ ഒരുമിച്ച് നിരവധി സിനിമകൾ ചെയ്യാൻ സമ്മതിച്ചിരുന്നതെന്ന് ഹേമ വെളിപ്പെടുത്തി. ധർമേന്ദ്രയുടെ സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചുപ്കെ ചുപ്കെ ആണെന്നും, ഷോലെയുടെ ഷൂട്ടിങ് കാലം നല്ല ഓർമകൾ സമ്മാനിക്കുന്നതാണെന്നും ഹേമമാലിനി പറഞ്ഞു. ‘ഓരോ മിനിറ്റിലും ഞാൻ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. അദ്ദേഹം ശരിക്കും പോയോ? എന്നായിരിക്കും ഇനി ഞങ്ങളുടെ കൂടിക്കാഴ്ച എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്’ ഹേമ വികാരാധീനയായി പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണ് ധർമേന്ദ്ര അന്തരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 1960കളിൽ സിനിമാരംഗത്തെത്തിയ അദ്ദേഹം ദശകങ്ങളോളം ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു.
‘ഞങ്ങൾ എപ്പോഴും തിരക്കിലായിരുന്നെങ്കിലും പരസ്പരം സമയം കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഞാൻ യാത്രയിലായിരിക്കുമ്പോൾ അദ്ദേഹം എന്നെ എപ്പോഴും വിളിക്കുമായിരുന്നു. ഞാൻ വീട്ടിലെത്തുമ്പോൾ ലോണാവാലയിലെ ഫാമിൽ നിന്നും അദ്ദേഹം ഓടിയെത്തുമായിരുന്നു. അദ്ദേഹമില്ലാത്ത ഓരോ നിമിഷവും താൻ മിസ്സ് ചെയ്യുന്നുണ്ട്. ഇനി അദ്ദേഹത്തെ വീണ്ടും കാണാനാവുക? ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം വീട്ടിലുണ്ടായിരുന്നുവെന്നും ഒന്നോ രണ്ടോ വർഷം കൂടി അദ്ദേഹം കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നതായും ഹേമ മാലിനി പറഞ്ഞു. അദ്ദേഹത്തിന് അതിമനോഹരമായ ഒരു ജീവിതമായിരുന്നു. ആഗ്രഹിച്ചതെല്ലാം അദ്ദേഹത്തിന് ലഭിച്ചു. എല്ലാവരും ഇത്രയധികം സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ പങ്കാളിയായതിൽ എനിക്ക് അഭിമാനമുണ്ട്’ -ഹേമമാലിനി പറഞ്ഞു.


