ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ്
text_fieldsകൊച്ചി: ആലപ്പുഴയിൽ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ്. ഒരാഴ്ചക്കുള്ളിൽ അന്വേഷണം ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദേശം. താരങ്ങൾക്ക് ലഹരി കൈമാറി എന്ന് മുഖ്യപ്രതി തസ്‍ലീമ സുൽത്താനയുടെ മൊഴിയെ തുടർന്നാണ് നോട്ടീസ്.
ഏപ്രിൽ രണ്ടിനാണ് ആലപ്പുഴയിൽ ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്. തസ്ലീമ സുൽത്താനയെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസിനെയും അറസ്റ്റ് ചെയ്തിരുന്നു. തസ്ലിമ സുൽത്താനക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തന്റെ കയ്യിൽ നിന്ന് നേരിട്ട് ലഹരി വസ്തുക്കൾ വാങ്ങുന്ന സിനിമ താരങ്ങളുടെ വിവരങ്ങൾ തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു.
ഷൈൻ ടോമും ശ്രീനാഥ് ഭാസിയും ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയതായി തസ്‌ലിമ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയിലും മാധ്യമങ്ങൾക്കു മുമ്പിലും ഇക്കാര്യം നിഷേധിച്ചു. നടൻ ഷൈൻ ടോം ചാക്കോ സുഹൃത്താണെന്നും അതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നും തസ്‌ലിമ സുൽത്താന പറഞ്ഞു. താനൊരു അഭിനേത്രി കൂടിയാണെന്നും ഷൈനുമായുള്ള ബന്ധം സിനിമ സെറ്റിൽവെച്ചാണെന്നും തസ്‌ലിമ കോടതിയിൽ പറഞ്ഞു. സ്ലീമ സുൽത്താനയും ശ്രീനാഥ് ഭാസിയുമായുള്ള വാട്ട്സ്ആപ് ചാറ്റ് പുറത്തുവന്നിരുന്നു. കഞ്ചാവ് വേണോ എന്ന ചോദ്യത്തിന് വെയ്റ്റ് എന്നായിരുന്നു നടന്‍റെ മറുപടി.