'കുടുംബ ജീവിതത്തിൽ ആണുങ്ങൾ ആധിപത്യം പുലർത്തണം എന്ന ചിന്താഗതിയിലല്ല ഞാൻ വളർന്നത്, അത് പരസ്പര പങ്കാളിത്തത്തോടെ ആയിരിക്കണം'; മനസ്സ് തുറന്ന് അഭിഷേക് ബച്ചൻ
text_fieldsബോളിവുഡിലെ പ്രശസ്ത താര കുടുംബമാണ് ബച്ചൻ ഫാമിലി. ഇതിഹാസ താരം അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകനായി സിനിമ മേഖലയിലേക്ക് കടക്കുമ്പോൾ അഭിഷേക് ബച്ചന് ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. താര പുത്രൻ എന്ന നിലയിൽ ജനങ്ങലുടെ പ്രതീക്ഷക്കൊത്ത് കഴിവ് തെളിയിക്കാനും തന്‍റെ പിതാവിന്‍റെ സ്ഥാനത്തേക്ക് വളരാനും തനിക്ക് ഏറെ സമ്മർദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അഭിഷേക് വെളിപെടുത്തുന്നു. തന്നെക്കാൾ കരിയറിൽ ശോഭിച്ചു നിൽക്കുന്ന ഭാര്യയിൽ അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ലില്ലി സിങ്ങിന് നൽകിയ അഭിമുഖത്തിൽ നടൻ മറുപടി പറയുന്നുണ്ട്.
ഭാര്യ ഐശ്വര്യ റായ് ബച്ചൻ ഉൾപ്പെടെ കരിയർ വിജയകരമാക്കിയ ആളുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന കുടുംബത്തിൽ തനിക്ക് അരക്ഷിതാവസ്ഥ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അഭിഷേക് ബച്ചൻ മടിക്കാതെതന്നെ മറുപടി നൽകി. തന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായപ്പോൾ അമ്മ അച്ഛനേക്കാൾ വലിയ താരമായിരുന്നുവെന്ന് അഭിഷേക് പറഞ്ഞു. ആയതിനാൽ തന്നെ ഐശ്വര്യയോട് അത്തരത്തിലൊരു അസൂയ തനിക്ക് തോന്നിയിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
'അത് അസ്വാഭാവികമായ കാര്യമായിരുന്നില്ല. കുടുംബ ജീവിതത്തിൽ ആണുങ്ങൾ ആധിപത്യം പുലർത്തണം എന്ന ചിന്താഗതിയിലല്ല ഞാൻ വളർന്നത്. അത് പരസ്പര പങ്കാളിത്തത്തോടെ ആയിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു' അദ്ദേഹം വിശദീകരിച്ചു. ഐശ്വര്യയെ അവരുടെ കരിയറിന്‍റെ തുടക്കം മുതൽതന്നെ തനിക്ക് അറിയാമായിരുന്നുവെന്ന് അഭിഷേക് പറയുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്ത് അവർ തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. പക്ഷേ പിന്നീട് സുഹൃത്തുക്കളായി. എന്നാൽ ഇരുവരും ഒന്നിച്ചപ്പോൾ അത് പരസ്പര പങ്കാളിത്തത്തിൽ അധിഷ്ടിതമായിരുന്നു. ''ഞാൻ ഭക്ഷണം കൊണ്ടുവരും, നിങ്ങൾ വീട് പരിപാലിക്കണം' എന്ന് ഒരിക്കലും ഞങ്ങൾക്കിടയിൽ പറഞ്ഞിരുന്നില്ല. അത് ചർച്ച ചെയ്യപ്പെട്ടതുപോലുമില്ല. അത് വളരെ സ്വാഭാവികമായി കടന്നുപോകുന്നതാണ്' അഭിഷേക് പങ്കുവെച്ചു.
'ഞാൻ സ്വയം ഒരു പുരുഷനാണ് എന്ന തോന്നൽ നിലനിർത്താൻ വേണ്ടി എന്‍റെ ഭാര്യ അവളുടെ ജോലി നിർത്തിവക്കുന്നതിൽ എനിക്ക് താൽപര്യമില്ല. അത്തരമൊരു ദാമ്പത്യം ഞാൻ ആഗ്രഹിക്കുന്നുമില്ല. ഭാഗ്യവശാൽ എന്‍റെ ഭാര്യ അങ്ങനെ ചിന്തിക്കുന്ന ആളല്ല' അഭിഷേക് കൂട്ടിച്ചേർത്തു. എന്നാൽ ഭാര്യയോടൊപ്പം റെഡ് കാർപെറ്റിൽ നടക്കാൻ തനിക്ക് ഭയമാണെന്നും അഭിഷേക് സമ്മതിച്ചു. 'എനിക്ക് ഏറ്റവും ഭയാനകമായ കാര്യമാണ് റെഡ് കാർപെറ്റിൽ പോകുന്നത്. അവളോടൊപ്പം അത് ചെയ്യേണ്ടി വന്നാൽ അത് ഭയങ്കരമായിരിക്കും' അദ്ദേഹം പറഞ്ഞു.


