ഏറ്റവും നല്ല വേഷങ്ങള്‍ക്കാണ് അവര്‍ എന്നെ വിളിക്കുന്നത്; കാന്താരയുടെ ഭാഗമാവാൻ കഴിഞ്ഞത് ക്രെഡിറ്റാണ് -ജയറാം
text_fieldsഏറെ ആരാധകരുള്ള ഒരു നടനാണ് ജയറാം. ഒരു കാലത്ത് കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ജയറാം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പലതും ഇപ്പോഴും റിപ്പീറ്റഡ് വാല്യൂ ഉള്ളവയാണ്. ഹാസ്യകഥാപാത്രങ്ങളെ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ജയറാമിനെ ജനപ്രിയനാക്കി. എന്നാൽ മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്ത താരത്തെ കുറിച്ച് എപ്പോഴും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ മലയാളം സിനിമകൾ വിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. മകന്‍ കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന ചിത്രത്തിന്റെ ഭാഗമായുള്ള പരിപാടിയിലാണ് താരം പ്രതികരിച്ചത്.
'എന്തുകൊണ്ട് മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. ഞാൻ ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷത്തിലേറെയായി. മനസിന് നൂറ് ശതമാനം തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തത് കൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു ജയറാം പറഞ്ഞു.
തെലുങ്കില്‍ 12 ഓളം സിനിമ ചെയ്തു. ആദ്യംചെയ്ത സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടമായതുകൊണ്ടാണ് പിന്നീടും വിളിക്കുന്നത്. കാന്താര പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാന്‍ കഴിഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു വലിയ ക്രെഡിറ്റാണ്. കന്നഡയില്‍ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാന്‍ പോവുന്നു. എന്നെ വിളിക്കാവുന്നവയില്‍ ഏറ്റവും നല്ല വേഷങ്ങള്‍ക്കാണ് അവര്‍ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാന്‍ പാടില്ല ജയറാം കൂട്ടിച്ചേര്‍ത്തു.