‘സ്കൂളിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് സൂര്യ, വീട്ടിൽ ഞങ്ങൾ സൂപ്പർസ്റ്റാറല്ല’; പാരന്‍റിങ്ങിനെ കുറിച്ച് ജ്യോതിക
text_fieldsജ്യോതിക കുടുംബത്തോടൊപ്പം
രാവിലെ 7 മണി, സ്കൂളിലേക്ക് പോകാൻ തിരക്ക്.അപ്പോഴാണ് കുട്ടി പറയുന്നത്, സ്പോർട്സിന് സ്ലിപ്പിൽ ഒപ്പിടണം എന്ന്.സ്കൂളിൽ നിന്ന് ഒരുപാട് മെസ്സേജുകൾ. പിക്നിക്ക്, ഹോംവർക്ക്, മീറ്റിങ്. സൂര്യയെക്കുറിച്ച് ഭാര്യയും നടിയുമായ ജ്യോതിക അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത് ഈ ദൈനംദിന കാര്യങ്ങൾ കൊണ്ടുതന്നെയാണ്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക മനസ് തുറന്നത്.
‘അവരുടെ സ്കൂളിൽ നിന്ന് ദിവസവും കുറഞ്ഞത് രണ്ട് ഇമെയിലുകളെങ്കിലും വരും, സ്പോർട്സുമായോ പിക്നിക്കുമായോ പഠനവുമായോ ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും സൂര്യയാണ് നോക്കുന്നത്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം സ്കൂൾ ബസ് പോയാൽ സ്കൂൾ കഴിയുന്നില്ല. ഒപ്പിടേണ്ട പെർമിഷൻ സ്ലിപ്പുകൾ, ഓർമ്മിക്കേണ്ട ഇവന്റുകൾ, പരിശോധിക്കേണ്ട ഹോംവർക്ക്, ഏകോപിപ്പിക്കേണ്ട പ്രവർത്തനങ്ങൾ, പെട്ടെന്ന് വരുന്ന ആവശ്യങ്ങൾ എന്നിവയെല്ലാം ഉണ്ട്.
ഇതിൽ ഭൂരിഭാഗവും പശ്ചാത്തലത്തിൽ നടക്കുന്നതിനാൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരു രക്ഷിതാവായിരിക്കും വെള്ളിയാഴ്ച കുട്ടിക്ക് വേണ്ട കോസ്റ്റ്യൂം ഓർമിക്കുന്നത്, നാളെ സമർപ്പിക്കേണ്ട ഫോം, സ്പോർട്സ് ഇവന്റ് പതിവിലും നേരത്തെ തുടങ്ങും എന്ന കാര്യമെല്ലാം. രണ്ടുപേരും സഹായിക്കുമ്പോൾ പോലും, എല്ലാം ഓർമിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം ഒരാളിൽ വന്നു ചേരാറുണ്ട്.
സാധാരണ അമ്മമാരാണ് സ്കൂളിലെ കാര്യങ്ങൾ നോക്കുക, അച്ഛന്മാർ പറയുമ്പോൾ മാത്രം വരും എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ സൂര്യയുടെ വീട്ടിൽ അങ്ങനെയല്ല.തിരക്കുള്ള നടനാണെങ്കിലും, സ്കൂളിന്റെ എല്ലാ മെസ്സേജും കാര്യങ്ങളും നോക്കുന്നത് സൂര്യ തന്നെയാണെന്ന് ജ്യോതിക പറയുന്നു.
സൂര്യയുടെ കുട്ടികളുടെ വളർത്തലിലെ പങ്കാളിത്തത്തെക്കുറിച്ച് ജ്യോതിക സംസാരിക്കുന്നത് ഇത് ആദ്യമായല്ല. ദിയയെയും ദേവിനെയും വളർത്തുന്ന കാര്യത്തിൽ മാതാപിതാക്കൾ ഇരുവരും എങ്ങനെ വളർത്തണം എന്നതിനെക്കുറിച്ച് ധാരണയിലെത്തിയിരുന്നതായി പാരന്റ് സർക്കിളിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. ‘വീട്ടിൽ അവർക്ക് സാധാരണ ജീവിതം നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു’ എന്നാണ് ജ്യോതിക പറയുന്നത്.
താൻ കർശനക്കാരിയായ രക്ഷിതാവാണെന്നും സൂര്യ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്നത് നൽകാൻ കൂടുതൽ സാധ്യതയുള്ളയാളാണെന്നും ജ്യോതിക പറയുന്നു. ജോലി കഴിഞ്ഞ് ഒരുമിച്ച് സമയം ചെലവഴിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല പങ്കാളിത്തം. കുട്ടിയുടെ സ്കൂൾ ജീവിതം സുഗമമായി നടക്കാൻ ആവശ്യമായ അഡ്മിനിസ്ട്രേറ്റീവ് ജോലികളും അതിൽ ഉൾപ്പെടുന്നുണ്ടെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
‘വീട്ടിലേക്ക് കയറുമ്പോൾ ഞങ്ങൾ സൂപ്പർസ്റ്റാർ പദവി പുറത്ത് ഉപേക്ഷിക്കും. അവിടെ ഞങ്ങൾ ഞങ്ങളുടെ കുട്ടികളുടെ മാതാപിതാക്കൾ മാത്രമാണ്’. ഉത്തരവാദിത്തം മാതാപിതാക്കൾ ഇരുവരും ഏറ്റെടുക്കുമ്പോഴാണ് മക്കളും അവരുടെ ജീവിതത്തെ കൂടുതൽ മനസിലാക്കുന്നത്.


