കെ.ജി ജോർജ്: മലയാള നവതരംഗത്തിന്റെ പിതാവ്
text_fieldsവർഷങ്ങളെത്ര കഴിഞ്ഞാലും പുതിയ അർഥ തലങ്ങൾ സമ്മാനിക്കുന്ന, പുതിയ വ്യാഖ്യാനങ്ങൾ നൽകുന്ന സിനിമകളുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു കെ.ജി ജോർജ്. പാഠപുസ്തകമായി മാറിയ സിനിമകളായിരുന്നു കെ.ജി ജോർജിന്റേത്.
സിനിമാപ്രേമികൾക്കും സിനിമാ വിദ്യാർഥികൾക്കും അറിയാനും പഠിക്കാനും അതിലേറെ അടങ്ങിയിട്ടുമുണ്ട്. മലയാള സിനിമയിലെ ആദ്യ നവതംരംഗ സിനിമാ സംവിധായകനായിരുന്നു അദ്ദേഹം. ആർട് സിനിമക്കും കൊമേഷ്യൽ സിനിമക്കുമിടയിൽ ഒരു സിനിമ എന്ന പുതിയ സിനിമാ രീതിയെയാണ് കെ.ജി ജോർജ് മലയാളത്തിന് കാണിച്ചു തന്നത്. പക്കാ കൊമേഷ്യൽ സിനിമകളിൽ വലിയ താരങ്ങൾ നിറഞ്ഞാടുകയും ആർട് സിനിമകൾ ന്യൂനപക്ഷമായ പ്രേക്ഷകർ മാത്രം കണ്ട് അവ അവാർഡ് പടങ്ങളെന്ന് മുദ്ര കുത്തുന്ന കാലത്താണ് കെ.ജി ജോർജ് തന്റെ സിനിമകളിലൂടെ പുതിയ സിനിമാ സാംസ്കാരത്തിന് വഴിവെട്ടിയത്.
തന്റെ സിനിമകളിൽ വലിയതാരങ്ങളില്ലെന്നും അവിടെ കഥാപാത്രങ്ങളാണ് നിറഞ്ഞാടുകയെന്നും കെ.ജി ജോർജ് ഉറച്ചു വിശ്വസിച്ചു. അത് കൊണ്ട് തന്നെയാണ് ആലീസും ദുശ്ശാസനക്കുറുപ്പും തബലിസ്റ്റ് അയ്യപ്പനുമെല്ലാം താരങ്ങളേയും കടന്ന് കാമ്പുള്ള കഥാപാത്രങ്ങളായി നിലനിൽക്കുന്നത്. കഥാപാത്രങ്ങളുടെ മനസ്സിലൂടെയുള്ള യാത്രകളായിരുന്നു ഓരോ സിനിമയും. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും വികാരങ്ങളും മികവുറ്റ രീതിയിലാണ് ഓരോ കഥാപാത്രങ്ങളിലൂടെയും വരച്ചുവെച്ചത്. അതുകൊണ്ട് കൂടിയായിരിക്കാം ആ സിനിമകൾ ഇന്നും പുതുമ സമ്മാനിക്കുന്നത്.
മലയാള സിനിമ അതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയ കഥാപരിസരങ്ങളും കഥാ രീതിയുമായിരുന്നു ഓരോ ചിത്രങ്ങളും. തന്റെ സിനിമക്ക് സ്ഥിരം ഫോർമാറ്റ് ഇല്ലെന്ന് ഫെല്ലിനിയുടേയും ഹിച്ച്കോക്കിന്റെയും കടുത്ത ആരാധകനായ അദ്ദേഹം വിളിച്ചു പറഞ്ഞു. എല്ലാ സിനിമകളിലും മനുഷ്യർക്കുള്ളിലെ ആത്മസംഘർഷങ്ങളെ കാണാം. റിയലിസ്റ്റിക് സിനിമകളെന്ന് തന്നെ വിളിക്കാവുന്ന ഈ ചിത്രങ്ങളിലൂടെ പ്രണയകഥകളിലും ആക്ഷൻ രംഗങ്ങളിലും മാത്രം ചുറ്റിക്കറങ്ങിയ മലയാള സിനിമാ ക്ലീഷേകൾ പൊളിച്ചെഴുതുകയായിരുന്നു കെ.ജി ജോർജ്.
മലയാളം അതുവരെ കാണാത്ത സിനിമയായിരുന്നു ആദ്യ ചിത്രം സ്വപ്നാടനം. സൈക്കോ അനാലിസിസിലൂടെ കുടുംബബന്ധങ്ങളും അവിടെയുണ്ടാകുന്ന താളപ്പിഴകളുമാണ് ആ ചിത്രം പറഞ്ഞത്. നായക കഥാപാത്രം മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെ പൊളിക്കുന്നതായിരുന്നു. സോമൻ കൂടി ആ ചിത്രത്തിലുണ്ടായിരുന്നുവെങ്കിലും അതുവരെ കാണാത്ത എന്നാൽ ആ കഥാപാത്രത്തിന് യോജിച്ച മറ്റൊരാളില്ലെന്ന തരത്തിലുള്ളതായിരുന്നു ആ കഥാപാത്രം. ഇതേ കാര്യം നമുക്ക് മേളയിലും ആദാമിന്റെ വാരിയെല്ലിലും യവനികയിലും മറ്റൊരാളിലുമെല്ലാം കാണാം. അവിടെ മമ്മൂട്ടിയായിരുന്നില്ല നായകൻ. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിക്കൊണ്ട് ജോർജ് എന്ന പുതുക്കക്കാരന്‍ മലയാള സിനിമയിൽ ആദ്യ സിനിമയിലൂടെ തന്നെ മേൽവിലാസമുറപ്പിച്ചു. അതിന് തൊട്ടുപിന്നാലെ വന്ന സിനിമകളും മലയാള സമൂഹത്തിന്റെ നേർചിത്രങ്ങളായിരുന്നു. ആദാമിന്റെ വാരിയെല്ല് ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ രംഗത്തേക്ക് തുറന്നുവെച്ച കണ്ണാടിയായിരുന്നു പഞ്ചവടിപ്പാലം. മികച്ച കുറ്റാന്വേഷണ ചിത്രമായിരുന്നു യവനിക. മേളയാവട്ടെ അതുവരെ കാണാത്ത സർക്കസ് ലോകത്തേക്കുള്ള എത്തിനോട്ടമായിരുന്നു. അങ്ങനെ ഓരോ സിനിമയും മികച്ച സാങ്കേതികതയിലൂടെ ഒരുക്കിയെടുത്ത രാഷ്ട്രീയ സിനിമകളായിരുന്നു.
ഗ്രാമത്തിന്റെ വിശുദ്ധി, നന്മ, പവിത്രമായ കുടുംബം എന്നീ ക്ലീഷേകളെയെല്ലാം തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം പൊളിച്ചു. അതോടൊപ്പം സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തുന്നതും മെയിൽ ഷോവനിസ്റ്റുകളായ പുരുഷൻമാരെ തുറന്നു കാണിക്കുന്നതുമായിരുന്നു. എല്ലാ സിനിമകളിലും മുന്നിട്ട് നിന്നത് സ്ത്രീ കഥാപാത്രങ്ങളായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. നായക കഥാപാത്രങ്ങളേക്കാൾ ശക്തരായിരുന്നു ആ സ്ത്രീകഥാപാത്രങ്ങൾ. ആദാമിന്റെ വാരിയെല്ലിൽ സംവിധായകനേയും കാമറാമാനേയും തട്ടിമാറ്റി സ്വാതന്ത്യത്തിനായി ഓടുന്ന സ്ത്രീ കഥാപാത്രങ്ങൾ മാത്രമെടുത്താൽ മതി, ആ കഥാപാത്രങ്ങൾക്ക് കെ.ജി ജോർജ് നൽകിയ പ്രാധാന്യം മനസിലാവാൻ.
ഏറ്റവും മികച്ച സിനിമകൾ ഒരുക്കിയെങ്കിലും മികച്ച സംവിധായകനുള്ള പുരസ്കാരം ജോർജിന് ലഭിച്ചില്ല. മലയാളം അദ്ദേഹത്തെ വേണ്ട വിധത്തിൽ പരിഗണിച്ചില്ല എന്നതിന് തെളിവ് കൂടിയായിരുന്നു ഇത്. ഇത് മനസിലാക്കിയാവണം 2016ൽ സമഗ്ര സംഭാവനക്കുള്ള ജെ.സി. ഡാനിയൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്.