
ഇത് ഒന്നൊന്നര ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്
text_fieldsസംവിധാനം ചെയ്തത് വെറും അഞ്ച് സിനിമകൾ, എന്നാൽ സിനിമാപ്രേമികളെല്ലാം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അഥവാ എൽ.സി.യുവിനായി കാത്തിരിക്കുകയാണ്.
'വിക്രം' എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന് കൂടുതൽ കേൾക്കാൻ തുടങ്ങിയത്. എന്നാൽ പലർക്കും ഈ സിനിമാറ്റിക് യൂണിവേഴ്സ് എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ഹോളിവുഡിലും ബോളിവുഡിലും കണ്ടിരുന്ന ഒരു ഫോർമാറ്റാണിത്. ഒരു സിനിമയിലെ കഥയും കഥാപാത്രങ്ങളുമെല്ലാം അടുത്ത ചിത്രങ്ങളിലും തുടരും. ആ ചിത്രങ്ങൾക്കെല്ലാം ഒരു ക്ലൈമാക്സ് വരുന്നതോടെ ആ യൂണിവേഴ്സ് അവസാനിക്കും. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രങ്ങളാണ് ഹോളിവുഡിൽ ഇതിനുദാഹരണമായി പറയാനുള്ളത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ മൂന്ന് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യ ഘട്ടം 2008ൽ അയേൺ മാനിൽ തുടങ്ങി 2012ലെ പുറത്തിറങ്ങിയ അവഞ്ചേഴ്‌സിലാണ് അവസാനിച്ചത്. രണ്ടാം ഘട്ടം അയൺ മാൻ 3ൽ തുടങ്ങി 2015ലെ ആന്റ്-മാനിൽ അവസാനിച്ചു . മൂന്നാം ഘട്ടം ക്യാപ്റ്റൻ അമേരിക്ക: സിവിൽവാർ (2016) എന്ന ചിത്രത്തിലൂടെ ആരംഭിച്ച് സ്പൈഡർമാൻ ഫാർ ഫ്രം ഹോം (2019) എന്ന ചിത്രത്തിലൂടെ സമാപിച്ചു. ബോളിവുഡിൽ വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സും ഇതേ രീതിയിൽ കാണാം.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സും ഇതുപോലെയാണ്. 2019ൽ കാർത്തി നായകനായി പുറത്തിറങ്ങിയ കൈതിയിലൂടെയാണ് ലോകേഷ് തൻ്റെ സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുന്നത്. 2022ൽ വിക്രമിലെത്തിയപ്പോൾ കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ കഥാപാത്രങ്ങളെ വെച്ച് കൈതിയുമായി കണക്ഷനുണ്ടാക്കി. ഈ സിനിമയിലാണ് ലോകേഷ് തൻ്റെ വില്ലനെ അവതരിപ്പിച്ചത്. റോളക്സ്. ക്ലൈമാക്സിൽ സൂര്യ കാമിയോ റോളിലൂടെ വന്ന് ഞെട്ടിച്ച കഥാപാത്രം.
ഈ സിനിമകളെല്ലാം ലഹരിക്കെതിരെയുള്ള പോരാട്ടമാണ്. നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്നാണ് ലോകേഷ് തന്റെ ചിത്രങ്ങളിലൂടെ പറയുന്നത്. ഇനി മറ്റൊരു സവിശേഷത ലോകേഷിന്റെ സിനിമകളിലെ പ്രധാന രംഗങ്ങളെല്ലാം നടക്കുന്നത് രാത്രിയിലാണ്. വിക്രമിലും കൈതിയിലും അവ നമ്മൾ കണ്ടതാണ്. വിജയ് ചിത്രം ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്നും അല്ലെന്നും തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. എന്തായാലും നിങ്ങൾ ലിയോ കാണുന്നതിന് മുമ്പ് കൈതിയും വിക്രമും നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. ലിയോ എൽ.സി.യു ആണെങ്കിൽ ആ യൂണിവേഴ്സിനൊപ്പം സഞ്ചരിക്കാൻ മുൻ ചിത്രങ്ങൾ നിങ്ങളെ സഹായിക്കും.
തന്റെ സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം മുൻനിർത്തി 10 സിനിമകൾ ചേർന്ന ഒരു സിനിമാറ്റിക് യൂണിവേഴ്സ് ആണ് താൻ ലക്ഷ്യമിടുന്നത് എന്ന് ലോകേഷ് തന്നെ മുമ്പ് പറഞ്ഞിരുന്നു. പത്ത് പടങ്ങള്‍ ചെയ്തിട്ട് റിട്ടയര്‍ ചെയ്യണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. എൽസിയുവിൽ നിന്നുള്ള ആദ്യ ചിത്രമായ കൈതിയുടെ രണ്ടാംഭാഗം കൈതി2, കമൽ ഹാസൻ നായകനായയെത്തിയ വിക്രം സിനിമയുടെ രണ്ടാം ഭാഗമായ വിക്രം 2, വിക്രത്തിലെ സൂര്യയുടെ കഥാപാത്രമായ റോളക്സിനെവെച്ചുള്ള ഒരു സ്പിൻ ഓഫ് ചിത്രം എന്നീ ചിത്രങ്ങളും ഇനി ലോകേഷിന്റെതായി പുറത്തിറങ്ങാനുണ്ട്.