ലോകേഷിന്റെ സിനിമാപ്രപഞ്ചം: വേറെ ലെവൽ ലൈനപ്പുകൾ, ‘മാനഗരം’ മുതൽ ‘ലിയോ’ വരെ
text_fieldsഒരൊറ്റപ്പേര് ലോകേഷ് കനകരാജ്. എൽ.സി.യു എന്നറിയപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സ് ഒരു ട്രെൻഡ് സെറ്ററാണ്. തിയറ്ററുകൾ പൂരപ്പറമ്പാക്കുന്ന മാസ് ഡയറക്ടർ. സിനിമാപ്രേക്ഷകർ ഇത്രയേറെ കാത്തിരിക്കുന്ന മറ്റൊരു സംവിധായകനില്ല. പ്രത്യേക ഫാൻ ബേസുള്ള സംവിധായകൻ. മിനിമം ഗ്യാരണ്ടി തന്നെയാണ് ലോകേഷിന്റെ ചിത്രങ്ങളുടെ മാർക്കറ്റ് ഉയർത്തുന്നത്. തീപ്പൊരി ഫ്രെയിമുകളും ഗൂസ്ബംമ്പ്സ് രംഗങ്ങൾകൊണ്ടു തിയറ്ററുകളെ ആവേശഭരിതമാക്കുന്ന സീനുകളാണ് ലോകേഷിന്റെ മാസ്റ്റർ പീസ്. ലിയോയുടെ ഒാരോ അപ്ഡേറ്ററുകളും ട്രൻഡിങ്ങാണ്. റെക്കോഡുകളെല്ലാം തകർത്താണ് ‘ലിയോ’യുടെ വരവ്. സിനിമാലോകം ലോകേഷിൽ അർപ്പിക്കുന്ന പ്രതീക്ഷ വാനോളമാണ്.
കോളിവുഡിന്റെ ഗെയിംചെയിഞ്ചർ ലോകേഷിന്റെ രംഗപ്രവേശം ഒരു ഷോർട്ട്ഫിലീമിലൂടെയായിരുന്നു. 2016ൽ കാർത്തിക് സുബ്ബരാജ് നിർമിച്ച അവിയൽ എന്ന ഷോർട്ട് ഫിലീം സമാഹാരത്തിൽ കലം എന്ന ഹ്രസ്വചിത്രം. നിരവധി തവണ റിജക്ഷനു ശേഷവും പ്രതീക്ഷ കൈവിടാതെയുള്ള പോരാട്ടം ലോകേഷ് എന്ന യുവാവിനെ ആദ്യ പ്രോജ്കടിലെത്തിക്കുകയായിരുന്നു.
ആദ്യചിത്രം ത്രില്ലറായ മാനഗരം സർപ്രൈസ് ഹിറ്റ് അടിച്ചു. പിന്നീട് ലോകേഷിനായി നിർമാതാക്കൾ വരി നിൽക്കുകയായിരുന്നു. തുടർന്നു കാർത്തിയുടെ കൈതി. നായികയില്ലാത്ത, പാട്ടില്ലാത്ത, രാത്രികാഴ്ചകൾ മാത്രമുള്ള സിനിമ, പരമ്പരാഗത സിനിമാരീതികളെ തച്ചുടച്ച സിനിമ. ലോകേഷിനു ആരാധകരുടെ എണ്ണം കൂട്ടിയ ചിത്രം. അതോടെ ലോകേഷിന്റെ ഗ്രാഫ് കുത്തനെ ഉയർന്നു. ഇൻഡസ്ട്രിയിലെ മോസ്റ്റ് വാൺഡഡ് ഡയറക്ടറായി മാറി. ഇതിനിടയിൽ ദളപതിയുടെ മാസ്റ്റർ ഒപ്പിട്ടു. മാസും ക്ലാസുമായി ചിത്രം സൂപ്പർഹിറ്റായി.
വിജയും വിജയ് സേതുപതിയും തകർത്താടിയപ്പോൾ ലോകേഷിനു ആക്ഷൻ, ത്രില്ലർ രംഗങ്ങളുടെ മാസ്റ്റർ ക്രാഫ്റ്റ് സംവിധായകനായി പേരെടുത്തു. തൊട്ടതെല്ലാം പൊന്നാക്കിയതു ഇഷ്ടനായകനായ കമലഹാസന്റെ വിക്രത്തിൽ എത്തിച്ചു. ചടുലമായി ഒരുക്കിയ ചിത്രത്തിൽ ഉലകനായകനും ഫഹദ് ഫാസിലും വിജയ് സേതുപതിയും മികച്ച പ്രകടനം നടത്തി. ആക്ഷൻ രംഗങ്ങൾ തന്നെയായിരുന്നു മികച്ചുനിന്നത്. വിക്രത്തിലെത്തിയ സൂര്യയുടെ റോളക്സ് സിനിമയെ വേറൊരു ലെവലിലെത്തിച്ചു. കരിയറിലെ ഏറ്റവും വലിയ വിജയമാണ് വിക്രം നൽകിയത്.
മാസ്റ്ററിന്റെ വിജയം രണ്ടാമതൊരു ചിത്രവും വിജയ് ലോകേഷിനു തൽകിയിരുന്നു. അതാണ് ലിയോ. താരങ്ങളുടെ നീണ്ട നിര തന്നെ ലിയോയിൽ കാണാം. മലയാളത്തിൽ നിന്നു ബാബു ആന്റണി, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്. ലിയോയുടെ റിലീസ് കാലം ഉത്സവകാലം തന്നെയാണ് ഫാൻസിന്. അതുകൊണ്ടുതന്നെ ലോകേഷ് കനകരാജ് നിലവിലെ ടോക് ഒാഫ് ദി ടൗണാണ്. താരസമ്പന്നതയും ആക്ഷൻ രംഗങ്ങളും ത്രില്ലിങ് തിരക്കഥയും ലോകേഷിന്റെ സിനിമകളെ ആവേശത്തിലാക്കുന്നു. ലോകേഷിന്റെ സിനിമകളുടെ ലൈനപ്പും ഏതൊരു സംവിധായകനെയും മോഹിപ്പിക്കുന്നതാണ്.
രജനീകാന്തിന്റെ തലൈവർ 171 ലോകേഷ് സംവിധാനം ചെയ്യുന്ന വിവരം അപ്രതീക്ഷിതവും തലൈവർ ഫാൻസിനു ആഘോഷവാർത്തയുമായിരുന്നു. സൂര്യ നായകനാകുന്ന റോളക്സ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. കൈതി 2, വിക്രം 2 തുടങ്ങിയ ചിത്രങ്ങൾക്കായും ഇൻഡസ്ട്രി കട്ടവെയിറ്റിങ്ങിലാണ്. ഇരുമ്പു കൈ മായാവി എന്ന ചിത്രം തന്റെ ഡ്രീം പ്രോജ്കടാണെന്നും എൽ.സി.യു സിനിമാറ്റിക് യൂനിവേഴ്സ് ഉൾപ്പെടുന്ന 10 ചിത്രങ്ങൾ പൂർത്തിയാക്കിയാൽ സിനിമയിൽനിന്നു വിരമിക്കുമെന്നാണ് ലോകേഷിന്റെ പ്രഖ്യാപനം.
ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സിലെ കഥാപാത്രങ്ങളുടെ അവതരണവും റെഫറൻസുകളുമാണ് സിനിമാനിരൂപകരുടെ ചർച്ചാവിഷയം. ലിയോയിൽ എന്തൊക്കെ സസ്പെൻസുകളാണ് കാത്തിരിക്കുന്നതെന്ന ഫാൻ തിയറികൾ സോഷ്യൽമീഡിയയിൽ ചർച്ചകളായി നിറയുന്നു. കൈതി, വിക്രം സിനിമകളെ ബന്ധിപ്പിച്ചു ക്രോസ് ഒാവറായി പരീക്ഷണമായി അവതരിപ്പിച്ചത് പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു.
ആദ്യചിത്രം മുതലുള്ള ടീം തന്നെയാണ് ലോകേഷിന്റെ കൂടെയുള്ളത്. അസിസ്റ്റന്റ് ഡയറക്ടർമാരുടെ വലിയ സ്ക്വാഡ് തന്നെ ലോകേഷിന്റെ സെറ്റുകളെ ഊർജസ്വലമാക്കുന്നു. കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്ക് സിനിമ സ്വപ്നം കണ്ടായിരുന്നു ലോകേഷ് വണ്ടി കയറിയത്. എം.ബി.എയും ഫാഷൻ ടെക്നോളജിയും കഴിഞ്ഞു കുറച്ചുനാൾ ജോലിയും ചെയ്തശേഷം സിനിമ മനസിൽ കയറിക്കൂടുകയായിരുന്നു. കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കിയായിരുന്നു ലോകേഷിന്റെ ജൈത്രയാത്ര. ലോകേഷിന്റെ സ്ക്രിപ്റ്റിനായി ബോളിവുഡ് അടക്കം വൻതാരനിരയാണ് കാത്തിരിക്കുന്നത്.