പുകവലിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന് ചോദിച്ചു; ശ്രീനിവാസനെ അനുസ്മരിച്ച് നടി ലൗലി ബാബു
text_fieldsപത്തനാപുരം: ‘ശ്രീനിവാസനെ അടുത്തറിയുന്നത് ‘ഉറിയടി’യുടെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ചാണ്. അകലെവെച്ചു കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്തുകണ്ടപ്പോൾ പരിചയപ്പെടണമെന്ന് തോന്നി. അങ്ങനെയാണ് അജു വർഗീസ് എന്നെ പരിചയപ്പെടുത്തിയത്’.
ഒന്നര വർഷം മുമ്പ് അമ്മ കുഞ്ഞമ്മ പോത്തനുമായി ഗാന്ധിഭവനിലെത്തിയ ലൗലി ബാബു ശ്രീനിവാസന്‍റെ വിയോഗവാർത്ത അറിഞ്ഞ് ‘മാധ്യമ’ത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഞാൻ അടുത്തോട്ടു പോയപ്പോൾ ചിരിച്ചുകൊണ്ടു പറഞ്ഞു, ഈ സിഗരറ്റ് ഒന്ന് വലിച്ചു തീർത്തോട്ടെ, കുഴപ്പമില്ലല്ലോയെന്ന്...മലയാളികളെ ചിന്തിപ്പിച്ച ഒരു നടൻ ഇത്ര ‘സിംപിൾ’ ആയിരുന്നുവെന്ന് അന്നാണ് മനസ്സിലായത്. ഒരുപാട് നേരം ശ്രീനിവാസനെ അടുത്തറിയാൻ കഴിഞ്ഞു.
ഒട്ടേറെ സിനിമകളിലും, നാടക ങ്ങളിലും അഭിനയിച്ചിട്ടുള്ള ലൗലി ബാബു 2020 ജനുവരി 17ന് പുറത്തിറങ്ങിയ എം.ജെ. വർഗീസിന്‍റെ ‘ഉറിയടി’യിലാണ് ശ്രീനിവാസനൊപ്പം അഭിനയിച്ചത്.അജു വർഗീസിന്‍റെ അമ്മയായിട്ടായിരുന്നു വേഷം. വീട്ടിൽ നിന്ന്, പൊലീസുകാരനായ ശ്രീനിവാസൻ മകൻ അജു വർഗീസിനെ പിടിച്ചു കൊണ്ടുപോകുമ്പോൾ, തടയാൻ ശ്രമിച്ച എന്നെ നോക്കി ശ്രീനിവാസന്റെ ഡയലോഗ് ‘ഇനിയും ഇതുപോലെ കുറച്ചു മക്കളെ പെറ്റുകൂട്ടിക്കൂടെ’ എന്നായിരുന്നു.
ഇപ്പോൾ അമ്മക്ക് കാവലിരിക്കുന്ന ഒരു മകളായി മാറുമ്പോൾ, ശ്രീനിവാസൻ അന്നു പറഞ്ഞ ഡയലോഗ് മറക്കാൻ കഴിയില്ലെന്നും അമ്മയോട് ചേർന്നിരുന്ന് ലൗലി ബാബു പറയുന്നു. ‘പറുദീസ’ എന്ന സിനിമയിലും ശ്രീനിവാസനൊപ്പം അഭിനയിക്കാൻ ഭാഗ്യമുണ്ടായെന്ന് ലൗലി ബാബു പറഞ്ഞു.


