അംബികക്ക് പറയാനുണ്ട്- സിനിമയിലെ ന്യൂജൻ മാറ്റങ്ങളെ കുറിച്ച്, മാറ്റമില്ലായ്മയെ കുറിച്ച്...
text_fields'സിനിമയിൽ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട്. ഇപ്പോൾ ചിത്രീകരണ രീതി, അഭിനയം, പ്രദർശനം എന്നിവയിലെല്ലാം മാറ്റം വന്നു. പക്ഷേ, അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നത് ഒന്നേയുള്ളൂ. അന്നും ഇന്നും എന്നും സിനിമ എന്നുപറയുന്നത് നായകന് പ്രാധാന്യമുള്ളത് ആണ്. അവരാണ് എല്ലാം. ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ പറയുമെന്നേയുള്ളൂ. എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്മാർ തന്നെയായിരിക്കും. എല്ലാവർക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്' -പറയുന്നത് അംബികയാണ്. എൺപതുകളിൽ തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന താരം. അക്കാലത്ത് പ്രേക്ഷകലക്ഷങ്ങൾ നെഞ്ചേറ്റിയ നടിയാണ് അംബിക.
തിരുവനന്തപുരം കല്ലറയിൽ കുഞ്ഞൻ നായരുടെയും മഹിളാ കോൺഗ്രസ് നേതാവായിരുന്ന കല്ലറ സരസമ്മയുടെയും മകളായി ജനിച്ച അവർ ബാലതാരമായാണ് സിനിമയിലെത്തിയത്. പിന്നീട് അഗ്നിപര്‍വ്വതം, ശ്രീകൃഷ്ണപരുന്ത്, നീലത്താമര, മാമാങ്കം, രാജാവിന്‍റെ മകൻ തുടങ്ങി 150ഓളം മലയാള സിനിമകളിലും അത്ര തന്നെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. പ്രേംനസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ, ചിരഞ്ജീവി, വിഷ്ണുവർധൻ തുടങ്ങിയ ഒട്ടുമിക്ക ദക്ഷിണേന്ത്യൻ മുൻനിര നായകൻമാരുടെയും നായികയായിട്ടുണ്ട്. 'അയിത്തം' എന്ന സിനിമ നിർമിച്ചു.
'രാജാവിന്‍റെ മകൻ' എന്ന ഹിറ്റ് സിനിമയിൽ നാൻസിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അംബിക ആ ചിത്രത്തോടുള്ള ഇഷ്ടം കാരണം അതിൽ പരാമർശിക്കുന്ന ഫോൺ നമ്പറായ 2255 ആണ് തന്‍റെ മൊബൈൽ നമ്പറിന്‍റെ അവസാന നമ്പറാക്കിയിരിക്കുന്നത്. ഇപ്പോൾ ചിത്രീകരണം പൂർത്തിയായ '5ൽ ഒരാൾ തസ്കരൻ' എന്ന ചിത്രത്തിൽ പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അംബിക 'മാധ്യമം ഓൺലൈനു'മായി വിശേഷങ്ങൾ പങ്കുവെക്കുന്നു.
ന്യൂജൻ താരങ്ങളിൽ പലരും പാരമ്പര്യമായി എത്തിയവർ
ഞാൻ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997കളിൽ, ഞാൻ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിൾ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവർ സ്ട്രഗിൾ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാൽ, ഇപ്പോൾ ന്യൂ ജനറേഷനിലുള്ള പകുതിയിൽ കൂടുതൽ ആൾക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്‍റെയോ അമ്മയുടെയോയത്ര അവർക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല. പിന്നെ അവർക്ക് വരുന്ന പുതിയ സ്ട്രഗിൾ അഭിനയം അച്ഛന്‍റെ അല്ലെങ്കിൽ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്.
ഇത് പാരമ്പര്യമായി എത്തുന്നവർക്ക് ടെൻഷനാണ്. അത് ശരിയല്ല. ഓരോരുത്തർക്ക് ഓരോ ശൈലിയുണ്ട്. ആ ശൈലിയനുസരിച്ചാണ് അഭിനയം. അല്ലാതെ അച്ഛനെ പോലെയോ അമ്മയേ പോലെയോ അല്ല. ഇൗ താരതമ്യം സ്വാഭാവികമാണെന്ന് പറയാമെങ്കിലും എന്‍റെ മകൻ അഭിനയിക്കാൻ വന്നാൽ ഒരിക്കലും എന്നെ പോലെയാകില്ല. സഹോദരി രാധയുടെ മകൾ അഭിനയിക്കുന്നത് രാധയെ പോലെയല്ല. അപ്പോൾ താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസ്സിൽ അതൊരു വല്ലാത്ത സംഘർഷമുണ്ടാക്കും.
ന്യൂജൻ പിള്ളേർ ഭാഗ്യമുള്ളവർ
ഇപ്പോഴത്തെ ന്യൂജൻ പിള്ളേർ വലിയ ഭാഗ്യമുള്ളവരാണ്. അവർക്ക് ഒരുപാട് സൗകര്യങ്ങളും സാധ്യതകളുമുണ്ട്. അതിേന്‍റതായിട്ടുള്ള ഒരുപാട് മൈനസുകളുമുണ്ട്. പലർക്കും സമയനിഷ്ഠയില്ലെന്ന് കേൾക്കുന്നത് ഭയങ്കര സങ്കടകരമാണ്. കാശ് കുറച്ചു കിട്ടുന്നോ കൂടുതൽ കിട്ടുന്നോ എന്നല്ല. അതിനെക്കാൾ വിലപിടിച്ചതാണ് സമയം. ഒരു നടൻ അല്ലെങ്കിൽ നടി എന്ന രീതിയിൽ സംവിധായകനോടും നിർമ്മാതാവിനോടും നീതി പാലിക്കണമെങ്കിൽ സമയനിഷ്ഠ പാലിക്കണം.
രാവിലെ 9 മണിക്കെത്തണം എന്ന് പറഞ്ഞാൽ ആ സമയത്ത് തന്നെ എത്തണം. രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ഇത്ര സീനുകൾ ചിത്രീകരിക്കണം എന്ന് തീരുമാനിച്ചിട്ടുണ്ടാകും. അതെടുക്കാൻ കഴിയണം. ഇത് 9 മണിയെന്ന് പറഞ്ഞാൽ 11 മണിക്കാണെത്തുക. അപ്പോൾ ഫിക്സ് ചെയ്ത സീനുകളിൽ പകുതിയേ അവർക്കെടുക്കാൻ കഴിയൂ.
കുറഞ്ഞ ദിവസത്തിനുള്ളിൽ ഷൂട്ടിങ് തീർന്നിരുന്ന കാലം
പണ്ടത്തെ പോലെയല്ലല്ലോ നിർമാണ രീതികൾ. ഭയങ്കര സമയമെടുക്കുന്നുണ്ട് ഇപ്പോൾ. ഞാനൊക്കെ വർക്ക് ചെയ്തിരുന്ന സമയത്ത് ജോഷി, ബാലചന്ദ്രമേനോൻ, ജേസി, പി. ചന്ദ്രകുമാർ തുടങ്ങിയവരൊക്കെ വളരെ പെട്ടെന്ന് ഷൂട്ടിങ് തീർക്കും. അന്ന് 20 ദിവസത്തെ വർക്ക് എന്ന് പറഞ്ഞാൽ 19 ദിവസം കൊണ്ട് തീർക്കും. ഇന്ന് അത് പറ്റുന്നില്ലല്ലോ. 20 എന്ന ഒരു നമ്പറേ ഇല്ല. എല്ലാം 50 ദിവസത്തിൽ കൂടിയ നമ്പറേ ഉള്ളൂ. അതൊക്കെ കാണുമ്പോൾ ചെറിയ ഒരു വിഷമം നിർമ്മാതാക്കളോടും സംവിധായകരോടും തോന്നാറുണ്ട്. കാരണം അതിന്‍റെ ടെൻഷൻ അനുഭവിക്കുന്നത് അവരാണല്ലോ.
മലയാള സിനിമ മാത്രമല്ല, അന്യഭാഷ ചിത്രങ്ങൾ അടക്കം ഇപ്പോൾ അങ്ങനെയാണ്. എന്നാൽ നേരത്തെ അവിടെയും അങ്ങനെ ആയിരുന്നില്ല. ഞാൻ അഭിനയിച്ച തമിഴ് ചിത്രങ്ങളായ നാൻ പാടും പാടൽ, കാക്കി സട്ടൈ തുടങ്ങിയ ചിത്രങ്ങളൊക്കെ എടുക്കുന്ന കാലത്ത് കമൽഹാസൻ ഒക്കെ നായകൻ ആണെങ്കിൽ രണ്ട് ഷെഡ്യൂൾ വെക്കും. ഒരു ഷെഡ്യൂളിൽ സീനുകൾ ഒക്കെ തീർക്കും രണ്ടാമത്തെ ഷെഡ്യൂളിൽ പാട്ടു മാത്രം എടുക്കും. ഒരു സോങ്ങിന് രണ്ട് ദിവസം എന്നു വെച്ചോളൂ. കുറഞ്ഞത് ഒരു ചിത്രത്തിൽ മൂന്നു പാട്ടുകൾ ഉണ്ടാകും. ആ മൂന്ന് പാട്ടിനുവേണ്ടി ഊട്ടിക്ക് പോയാൽ ആറ് ദിവസത്തിനകം പാട്ട് മാത്രം എടുത്തു തിരിച്ചു വരും. അവിടെയെത്തിയാൽ അന്ന് പാട്ടുകൾ മാത്രമേ ഷൂട്ടിങ് ഉണ്ടാകൂ.
ഇപ്പോൾ അങ്ങനെയല്ലല്ലോ. ന്യൂജൻ സിനിമ പാട്ട് എടുക്കാൻ ഇന്ത്യക്ക് പുറത്താണല്ലോ പോകുന്നത്. അപ്പോൾ ബജറ്റും എവിടെയോ പോവുകയല്ലേ. പണ്ട് ഞാനൊക്കെ അഭിനയിക്കുന്ന കാലത്ത് ഊട്ടിയിൽ ഷൂട്ടിങ് എന്നു പറഞ്ഞാൽ തന്നെ ഭയങ്കര സന്തോഷമാണ്. ഊട്ടിയിലും കൊടൈക്കനാലിലും ഹൊഗനക്കലും ഒക്കെ പോകുന്നത് ആസ്റ്റർഡാമിലും സ്വിറ്റ്സർലൻഡിലും ഒക്കെ പോകുന്നത് പോലെ വലിയ ആഘോഷമായിരുന്നു. ഇപ്പോൾ അങ്ങനെയല്ലല്ലോ. ചെറിയ കാര്യത്തിനും ബെർലിൻ, സ്വിറ്റ്സർലൻഡ് ഒക്കെ പോകുന്നു.
ചില കഥാപാത്രങ്ങൾ ചിലർ ചെയ്താലേ നന്നാകൂയെന്ന ധാരണ
അഭിനയത്തിലും വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ഈയിടെ ആരോ എന്നോട് സംസാരിച്ചപ്പോൾ അഭിനയമല്ല, ബിഹേവിങ് ആണ് വേണ്ടത് എന്ന് പറഞ്ഞു. എനിക്ക് അത് കേട്ടപ്പോൾ ചെറുതായിട്ട് വിഷമം തോന്നി. പിന്നെ ഓരോ കാലഘട്ടത്തിൽ ഓരോരുത്തരും ഓരോ പേരിടുന്നു എന്ന് സമാധാനിച്ചു. ചില കഥാപാത്രങ്ങൾ ചിലർ ചെയ്താലേ നന്നാകൂയെന്ന ധാരണയും സിനിമയിലുണ്ട്. അത് പഴയകാലത്തെപ്പോലെ ഇന്നും തുടരുന്നുണ്ട്. പിന്നെ അഭിനേതാക്കൾ ഇമേജുകൾ മാറ്റാൻ ശ്രമിക്കുന്നുണ്ട്. അത് ചിലപ്പോൾ വിജയപ്രദമാകും. ചിലപ്പോൾ പരാജയപ്പെടും. എനിക്ക് ചെയ്യാൻ ഇഷ്ടമുണ്ടായിട്ടും നഷ്ടപ്പെട്ട കഥാപാത്രങ്ങളുണ്ട്. അതൊക്കെ മറ്റു പലരും അഭിനയിച്ച് ശ്രദ്ധേയമാക്കി. അതിനാൽ അതിനെ കുറിച്ചൊന്നും ഇനി പറയുന്നതിൽ അർഥമില്ല.
മലയാളം സംസാരിച്ച്, മലയാളികളോടൊത്ത്, മലയാള നാട്ടിൽ, മലയാള സിനിമയിൽ അഭിനയിക്കുന്നതിനോട് പ്രത്യേകം ഇഷ്ടമുണ്ട്. പഴയ കാലത്തും പുതിയ കാലത്തുമുള്ളവർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പണ്ട് വർക്ക് ചെയ്തിരുന്നവരോടൊപ്പം വീണ്ടും എത്തുന്നത് സ്കൂളിൽ പണ്ട് ഒപ്പം പഠിച്ച പിള്ളേരെ വീണ്ടും കാണും പോലെയാണ്. മലയാളത്തിൽ 'താന്തോന്നി'യിൽ കത്രീന എന്ന കഥാപാത്രം അവതരിപ്പിച്ച ശേഷം നല്ലൊരു ഗ്യാപ് വന്നിരുന്നു. ഗ്യാപ് എന്നുദ്ദേശിച്ചത് മലയാളത്തിലാണ്. എന്നാൽ തമിഴ്, കന്നഡ ഭാഷകളിൽ ഷോകളായിട്ടും സിനിമയായിട്ടും സജീവമായിരുന്നു.
അന്നും ഇന്നും എന്നും സിനിമയിൽ നായകന് പ്രധാന്യം
സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ള സിനിമകൾ പണ്ട് ഉണ്ടായിരുന്നു. അന്ന് നൂറിൽ 40 സിനിമകൾ സ്ത്രീകൾക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കിൽ ഇന്ന് അത് നൂറിൽ അഞ്ചു സിനിമകളായി ചുരുങ്ങി. അന്നും ഇന്നും എന്നും സിനിമയിൽ നായകന് തന്നെയാണ് പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകൻമാർ തന്നെയായിരിക്കും. എല്ലാവർക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്.
ഇതിനെതിരെ പരാതിപ്പെടാൻ പോയിട്ട് ഒന്നും ഒരു കാര്യവുമില്ല. പണ്ടും അങ്ങനെ തന്നെയായിരുന്നു. നസീർ സാർ എന്നു പറഞ്ഞിട്ടേ ഷീലാമ്മയെ പറഞ്ഞിരുന്നുള്ളൂ. മധു സാർ എന്ന് പറഞ്ഞിട്ടേ ജയഭാരതിയെ പറഞ്ഞിരുന്നുള്ളൂ. ഇന്ന് നായികാ പ്രാധാന്യമുള്ള കഥകൾ ഉണ്ടാകുന്നുണ്ടെങ്കിലും അത് കുറവാണ്. നേരത്തെ ചില നോവലുകൾ സിനിമകൾ ആക്കുമായിരുന്നു. അവയിൽ സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അതും കുറവാണ്.
ഒരർഥത്തിൽ ന്യൂജൻ എന്നൊന്നില്ല
ഇനി എന്തായാലും കാലത്തിന്‍റെ ഒഴുക്കിനനുസരിച്ച് നമ്മൾ അങ്ങനെ പോവുക. അത്രയേ ഉള്ളൂ. ന്യൂജൻ ആണെങ്കിൽ അങ്ങനെ. ഓൾഡ് ജൻ ആണെങ്കിൽ അങ്ങനെ. ഒരർഥത്തിൽ ന്യൂജൻ എന്നൊന്നില്ല. പണ്ട് ന്യൂജൻ ആയിരുന്നവർ ഇന്ന് സീനിയേഴ്സ് ആയി. എന്തൊക്കെ പറഞ്ഞാലും സിനിമ മാറില്ല. സാങ്കേതികമായും ബൗദ്ധികമായും ഒക്കെ മാറ്റങ്ങൾ വരാം. വിതരണത്തിൽ, തിയറ്ററിൽ പോയി കാണുന്ന രീതി ഒക്കെ മാറാം. നേരത്തെ സ്കൂളിൽ പോയി പഠിക്കുന്ന രീതിയായിരുന്നു.
എന്നാൽ ഇപ്പോൾ കോവിഡ് വന്നപ്പോൾ ഓൺലൈൻ പഠനമായി. അതുപോലെ പണ്ട് തിയറ്ററിൽ പോയി കാണുന്നതാണ് സിനിമ. എന്നാലിപ്പോൾ ഒ.ടി.ടി. പ്ലാറ്റ്ഫോമും മറ്റുമായി. അല്ലാതെ സിനിമയിൽ മാറ്റങ്ങളില്ല. അന്നും ഇന്നും സിനിമ എന്ന് തന്നെയാണ് പറയുന്നത്. കാലം മാറി എന്ന് പറഞ്ഞു സ്പെല്ലിങ് മാറ്റാൻ പറ്റില്ലല്ലോ. എന്തൊക്കെ പറഞ്ഞാലും സിനിമ ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള മാധ്യമമായി, വിനോദോപാധിയായി എന്നെന്നും നിലനിൽക്കും എന്നാണ് എന്‍റെ അഭിപ്രായം.