എം.ജി സർവകലാശാലയുടെ ആദരം: മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ്
text_fieldsമമ്മൂട്ടിക്ക് എം.ജി സർവകലാശാലയുടെ ആദരം. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അദ്ദേഹം നൽകിയ സമഗ്രവും സമാനതകളില്ലാത്തതുമായ സംഭാവനകൾ മുൻനിർത്തി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി-ലിറ്റ്) ബഹുമതി നൽകി മമ്മൂട്ടിയെ ആദരിച്ചു. കോട്ടയത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സർവകലാശാല ചാൻസലർ കൂടിയായ കേരള ഗവർണർ ജി.പി. രാധാകൃഷ്ണൻ ആർലേക്കറാണ് മമ്മൂട്ടിക്ക് ഡോക്ടറേറ്റ് സമ്മാനിച്ചത്. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സർവകലാശാല അധികൃതരും ചടങ്ങിൽ പങ്കെടുത്തു.
മമ്മൂട്ടിയെ കൂടാതെ കല, വൈദ്യശാസ്ത്ര രംഗങ്ങളിൽ മുദ്രപതിപ്പിച്ച മറ്റ് രണ്ട് പ്രമുഖർക്കും സർവകലാശാല ഇത്തവണ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രമുഖ വാസ്കുലർ സർജൻ ഡോ. എന്‍. രാധാകൃഷ്ണൻ എന്നിവരാണ് സർവകലാശാലയുടെ ഡി-ലിറ്റ് ബഹുമതിക്ക് അർഹരായ മറ്റ് രണ്ടുപേർ. തങ്ങളുടെ കർമമേഖലകളിൽ ഇവർ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് സർവകലാശാലയുടെ ഈ ഉന്നത അംഗീകാരം.
ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകിയത്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയെ തേടി ഒരു സർവകലാശാലയുടെ ഡോക്ടറേറ്റ് ബഹുമതിയെത്തുന്നത്. ഇതിനുമുമ്പ് കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഡി-ലിറ്റ് ബിരുദം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.


