‘ആ യാത്രയിൽ ഞാനും പോകേണ്ടതായിരുന്നു, ഞെട്ടലിൽ നിന്ന് ഇന്നും കരകയറാൻ കഴിഞ്ഞിട്ടില്ല’; സൗന്ദര്യയുടെ മരണത്തെ കുറിച്ച് മീന ഓർക്കുന്നു
text_fieldsകിളിച്ചുണ്ടൻ മാമ്പഴത്തിലെ ആമിനയെ അത്ര പെട്ടന്നൊന്നും മലയാളികൾ മറക്കാൻ ഇടയില്ല. മലയാളികൾക്ക് ഇന്നും മറക്കാൻ കഴിയാത്ത നടിയാണ് സൗന്ദര്യ. ഒരു പ്ലെയിൻ അപകടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്. ഇപ്പോഴിതാ ആ യാത്രയിൽ താനും പോകേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീന. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിൽ സംസാരിക്കവെയാണ് സൗന്ദര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് മീന സംസാരിച്ചത്.
‘സൗന്ദര്യ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ തമ്മിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു. അവളുടെ മരണവാർത്ത എന്നെ ഞെട്ടിച്ചിരുന്നു. ഇന്നും ആ ഞെട്ടലിൽ നിന്ന് എനിക്ക് പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാൻ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എനിക്ക് താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവായി. അതിനുശേഷം സംഭവിച്ചത് കേട്ട് ഞാൻ തകർന്നുപോയി' മീന പറഞ്ഞു. അപകടം നടന്ന് 21 വർഷങ്ങൾക്ക് ശേഷമാണ് മീന ഇക്കാര്യം തുറന്നുപറയുന്നത്.
കന്നഡ ചിത്രമായ 'ഗന്ധർവ'യിലൂടെ സിനിമയിലെത്തിയ നടിയാണ് സൗന്ദര്യ. മലയാളത്തിൽ ആകെ രണ്ടd ചിത്രങ്ങളിൽ മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ. ജയറാം നായകനായ 'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന സിനിമയിലാണ് സൗന്ദര്യ ആദ്യമായി മലയാളത്തിൽ വേഷമിടുന്നത്. അതിന് ശേഷമായിരുന്നു 'കിളിച്ചുണ്ടൻ മാമ്പഴം' റിലീസ്. കന്നഡ, തമിഴ് ചിത്രങ്ങളിൽ അവർ വേഷമിട്ടു. 'സൂര്യവംശം' എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചന്റെ ഒപ്പവും സൗന്ദര്യ അഭിനയിച്ചു.
2004 ഏപ്രിൽ 17നാണ് അഗ്നി ഏവിയേഷന്റെ നാലുപേർക്കിരിക്കാവുന്ന സെസ്‌ന-180 എന്ന ചെറുവിമാനം അപകടത്തിൽപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിനടുത്ത കരിം നഗറിലേക്ക് പോവുകയായിരുന്നു സൗന്ദര്യയും കൂട്ടരും. ജക്കൂർ എയർഫീൽഡിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീഴുകയായിരുന്നു. എതിരെയുള്ള കാർഷിക സർവകലാശാലയുടെ ഗാന്ധി കൃഷി വികാസ് കേന്ദ്രം കാമ്പസിലാണ് വിമാനം വീണത്. സൗന്ദര്യയടക്കം വിമാനത്തിലുണ്ടായിരുന്ന നാലുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞുപോയിരുന്നു. മരിക്കുമ്പോൾ 32 വയസായിരുന്നു സൗന്ദര്യക്ക്.