കഥ പറയുമ്പോലെ "വർണമുദ്ര'യിൽ എത്തിയ അതിഥി
text_fieldsശ്രീനിവാസൻ പി.എം. ബാലകൃഷ്ണന്റെ വീട്ടിൽ
പയ്യന്നൂർ: വർഷങ്ങൾക്ക് മുമ്പു ഒരു സന്ധ്യാനേരത്താണ് പരിസ്ഥിതി പ്രവർത്തകൻ പി.എം. ബാലകൃഷ്ണന് ഒരു ഫോൺ കോൾ. നാളെ രാവിലെ വീട്ടിൽ ഉണ്ടാകുമോ? ശ്രീനി സാർ അങ്ങോട്ട് വരുന്നു.
വിളിച്ചത് ആരെന്നറിയില്ല. പക്ഷെ, മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന് വേണ്ടിയാണ് വിളിവന്നത്. വീട്ടിലെത്തിയ ശേഷം ഭാര്യ ലീലയോടു മാത്രം ഫോൺ വന്ന കാര്യം പറഞ്ഞു. പിന്നീട് പ്രതീക്ഷയുടെയും സ്വപ്ന സാക്ഷാത്കാരത്തിനായുള്ള കാത്തിരിപ്പിന്റെയും മണിക്കൂറുകൾ. വരുകയാണെങ്കിൽ എന്തു കൊടുക്കും.
ചെമ്പരത്തി ചായയും തേൻ വെള്ളവും ചില പ്രകൃതി പലഹാരങ്ങളും കരുതി. രാവിലെ 10ന് സാർ ഇറങ്ങിയെന്നു പറഞ്ഞ് വീണ്ടും ഫോൺ വന്നു. ഒടുവിൽ വീട്ടിനു മുന്നിൽ വന്ന കാറിൽനിന്ന് ശ്രീനിവാസനും പ്രൊഡക്ഷൻ മാനേജർ മോഹൻരാജും വീട്ടിലേക്ക് കയറി. സാധാരണയെന്നും കാണുന്ന ഒരാളെ പോലെ സോഫയിൽ ഇരുന്ന് സംസാരം തുടങ്ങി.
രണ്ടാമത്തെ മകൻ ധ്യാൻ ശ്രിനിവാസന്റെ വിവാഹം കണ്ണൂരിൽ നടക്കുന്ന കാര്യം പറഞ്ഞു. അതിന് പ്രകൃതിസദ്യയൊരുക്കണം. ബാലകൃഷ്ണന്റെ മകൾ താരിമയുടെ വിവാഹത്തിന് ഒരുക്കിയ പ്രകൃതിസദ്യയുടെ പത്രവാർത്ത കണ്ടതിനെ തുടർന്നാണ് ബാലകൃഷ്ണനെ തേടിയെത്തിയത്.
സദ്യയൊരുക്കാമെന്ന് വാക്കു കൊടുത്തു. പാചക കലാകാരൻ കെ.യു. ദാമോദര പൊതുവാളുമായി ബന്ധപ്പെട്ടു. അദ്ദേഹമായിരുന്നു സദ്യയൊരുക്കിയത്. വിഷരഹിതമായ പ്രകൃതിവിഭവങ്ങളുമായി സദ്യയൊരുക്കാൻ പറഞ്ഞു. എല്ലാവർക്കും സദ്യ ഇഷ്ടപ്പെട്ടു. മകന്റെ വിവാഹത്തിന് മുമ്പും പിന്നിടുമായി പലപ്പോഴും ബന്ധപ്പെടാനായതും സംസാരിച്ചിരിക്കാനും സാധിച്ചു എന്നത് ജീവിത്തിലെ മഹനീയനേട്ടമായി ബാലകൃഷ്ണനും കുടുംബവും ഓർക്കുന്നു.
അന്നൂരിലെ പ്രകൃതി ചികിത്സാലയമായ ആരോഗ്യ നികേതനിലേക്കും മകൾ താരിമ കൂട്ടിക്കൊണ്ടുപോകുകയുണ്ടായി. ആരോഗ്യ നികേതന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കാനുള്ള ഒരു പ്രോജക്ട് ഉണ്ടാക്കി പ്രവർത്തനം നടത്താൻ ശ്രീനിവാസന്റെ സുഹൃത്തും പ്രകൃതി ചികിത്സകനുമായ കെ. വിശ്വംഭരനുമായി സംസാരിച്ചു. ആ സ്വപ്നം യാഥാർഥ്യമാകാതെയാണ് ശ്രീനിയെന്ന മഹാനടന്റെ തിരിച്ചുപോക്ക്.


