
ഇത് 'മിന്നൽ' സുന്ദരം
text_fieldsമിന്നൽ മുരളിയിൽ മിന്നും പ്രകടനത്തിലൂടെ നായകനെ നിഷ്‌പ്രഭമാക്കിയ വില്ലൻ. ഒരൊറ്റ സിനിമ കൊണ്ട് മലയാളചലച്ചിത്രപ്രേക്ഷക മനം കീഴടക്കിയ കലാകാരൻ. പത്തു വർഷത്തെ സിനിമ ജീവിതത്തിലെ 'ബിഗ് ബ്രേക്കിങ്' എന്ന് മലയാളികളുടെ 'ഷിബു'. 'മിന്നൽ മുരളി'യിലെ ഷിബു എന്ന കഥാപാത്രത്തിന്റെ സവിശേഷതക്ക് വിശേഷണങ്ങൾ ഒന്നും ആവശ്യമില്ല. ഒരു നടൻ എന്താകണമെന്ന് പ്രേക്ഷകർക്കുമുന്നിൽ അഭിനയിച്ചു കാണിച്ച ഗുരു സോമസുന്ദരം സംസാരിക്കുന്നു.
അഞ്ചുസുന്ദരികൾ മുതൽ മിന്നൽ വരെ
ആദ്യ മലയാള സിനിമയാണ് അഞ്ചു സുന്ദരികൾ. ഷൈജു ഖാലിദ് വിളിച്ച് കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. പടം റിലീസായപ്പോൾ എല്ലാവർക്കും എന്നോട് ദേഷ്യം. പെൺകുട്ടികൾ കണ്ടാൽ ഷോക്കേറ്റപോലെ നിൽക്കും. എല്ലാവർക്കും വെറുപ്പ്. കണ്ടാൽ മുഖംതിരിക്കും. എന്നാൽ മിന്നൽ മുരളിയിൽ വില്ലനാണെങ്കിലും എല്ലാവർക്കും ഇഷ്ടവും സ്നേഹവുമാണ്. വില്ലൻ വേഷങ്ങൾ ചെയ്യാൻതന്നെയാണ് കൂടുതലിഷ്ടം. ഏറ്റവും വെറുക്കപ്പെട്ട വില്ലൻ അഞ്ചു സുന്ദരികളിലേതുതന്നെ. ഏറ്റവും ഇഷ്ടപ്പെട്ട വില്ലൻ മിന്നൽ മുരളിയിലേതും.
വില്ലന്‍റെ നായകപ്രഭാവം
മിന്നൽ മുരളിയും ആരണ്യകാണ്ഡവും ജോക്കറുമെല്ലാം എന്നെ തേടിവന്നതാണ്. തിയേറ്റർ പശ്ചാത്തലത്തിൽനിന്ന് വരുന്നവർക്ക് ഇതുപോലുള്ള കഥാപാത്രങ്ങളൊന്നും എളുപ്പം കിട്ടുന്നതല്ല. മിന്നൽ മുരളിയിലാണെങ്കിൽ അരുണും ജസ്റ്റിനും അങ്ങനെ എഴുതി. ഞാൻ ആ കഥാപാത്രത്തെ പഠിച്ചു. കഴിവിന്റെ പരമാവധി കഥാപാത്രമാവാൻ ശ്രമിച്ചു. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അഭിനയിക്കുമ്പോൾ മറ്റുള്ളവരുടെ അഭിനയവും ശ്രദ്ധിക്കുന്നയാളാണ് ഞാൻ. യൂണിറ്റിലെ എല്ലാവരുമായും സംസാരിക്കും. ഓരോരുത്തരുടെയും സംസാരരീതി, ചലനം, ശബ്ദം എല്ലാം നിരീക്ഷിക്കും.
മലയാളവും ഡബ്ബിങ്ങും
'അഞ്ചു സുന്ദരികളി'ൽ ദിലീഷ് പോത്തനാണ് എന്‍റെ കഥാപാത്രത്തിന് ശബ്ദം നൽകിയത്. മിന്നൽ മുരളിയിൽ ദാസനെ കൊല്ലുന്ന ഒരു സീനുണ്ടല്ലോ. അതിൽ അമ്മയെവിളിച്ചു കരയുന്ന രംഗം. അത് ഷൂട്ട് ചെയ്തപ്പോൾ സംവിധായകൻ ബേസിൽ പറഞ്ഞു, സിനിമയിലും നിങ്ങളുടെ ശബ്ദംതന്നെ വേണം എന്ന്. അങ്ങനെയാണ് തമിഴ് കലർന്ന മലയാളത്തിൽ ഷിബുവിനെ നിങ്ങൾ കേൾക്കുന്നത്. സിനിമയുടെ കഥ പറഞ്ഞശേഷം ഷൂട്ടിന് അഞ്ചു മാസമുണ്ടായിരുന്നു. ആ സമയം കൊണ്ട് യു ട്യൂബ് വഴി മലയാളം പഠിച്ചു. പുറമെ കുറെ ആശാന്മാർ, സെറ്റിൽ സംവിധായകനും ടോവിനോയും, എല്ലാവരും സഹായിച്ചു. ഭാഷക്ക് ഓരോ ഇടത്തിലും ഓരോ ശൈലിയുണ്ട് അത് മനസിലാക്കാൻ കഴിഞ്ഞു.
ഷിബു എന്ന കഥാപാത്രത്തിന് തമിഴ് കലർന്ന മലയാളം ഒരു കുറവും വരുത്തിയിട്ടില്ല. ദൃശ്യാനുഭവം ഒട്ടും ഹനിക്കാതെ ചെയ്യാൻ കഴിഞ്ഞു എന്നു തന്നെയാണ് തോന്നുന്നത്. ആത്മവിശ്വാസമില്ലാത്തതിന്റെ പേരിൽ ഒഴിവാക്കിയ സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ സുരാജ് ചെയ്ത റോൾ എനിക്ക് തന്നതായിരുന്നു. ഭാഷ പഠിച്ചാൽ പോര, കണ്ണൂർ സ്ലാങ് പഠിക്കണം. അതിൽ എനിക്ക് കോൺഫിഡൻസ് ഇല്ലായിരുന്നു.
പ്രണയക്കൊലകളുടെ വിമർശനം
പ്രണയക്കൊലയെ ഒരിക്കലും ന്യായീകരിക്കില്ല. ഒരു ദൃശ്യാവിഷ്കാരത്തെ പ്രേക്ഷകർ ഉൾക്കൊള്ളുന്നത് വ്യത്യസ്ത രീതിയിലാണ്. കടൽ എന്ന് കേൾക്കുമ്പോൾ ചിലർക്ക് പച്ചയും നീലയും കലർന്ന കടൽ ഓർമ വന്നേക്കാം. ചിലർക്ക് തിരമാലകൾ നിറഞ്ഞ കടലാവാം. ഒരു നാടകത്തിലെ സംഭാഷണം, അതിന് കാണികൾ എത്ര പേരുണ്ടോ അത്രയും അർഥങ്ങൾ, എന്നാൽ പറയുന്നത് ഒന്ന് മാത്രം. പ്രണയത്തിന് വേണ്ടി കൊല നടത്തുന്നു എന്നാണ് മിന്നൽ മുരളിയിൽ നേരിട്ട് കിട്ടുന്ന അർഥം. എന്നാൽ യഥാർത്ഥത്തിൽ ഷിബു തന്റെ ആത്മസംഘർഷങ്ങൾ മറികടക്കുകയാണ്. അനാഥനും അവഗണിക്കപ്പെട്ടവനുമായ ഷിബുവിന്റെ ഏക പ്രതീക്ഷ ഉഷയോടുള്ള പ്രണയമാണ്. അതിലേക്കെത്തിച്ചേരാനുള്ള ബാഹ്യവും ആന്തരികവുമായ തടസ്സങ്ങൾ മറി കടക്കുകയാണ് അയാൾ ചെയ്യുന്നത്.
'ജോക്കർ' എന്ന കരിയർ ബ്രേക്ക്
അഭിനയ ജീവിതത്തിലെ വഴിത്തിരിവ് തന്നെയായിരുന്നു 'ജോക്കർ'. അത് ചെയ്യുമ്പോൾ നല്ല ഓർമ്മയുണ്ട്, അമ്മാമന് എന്നെ വലിയ ഐ.എ.എസ് ഓഫിസറോ ഡോക്ടറോ ആക്കാനായിരുന്നു മോഹം. വലിയ മോഹം കൊണ്ട് മുൻ രാഷ്‌ട്രപതി ആർ. വെങ്കിട്ടരാമൻ ജനിച്ച സ്ഥലത്ത്, അവർ പഠിച്ച സ്‌കൂളിൽ, തഞ്ചാവൂർ ജില്ലയിൽ രാജമഠത്ത് എന്നെ ചേർത്തു. ആ സ്‌കൂളിൽ ഒരു വർഷം ഞാൻ പഠിച്ചു. ജോക്കർ ഒരു പൊളിറ്റിക്കൽ സിനിമയാണല്ലോ. ജനങ്ങളുടെ ഉള്ളിലുള്ള പരമാധികാരത്തിന്റെ മാതൃകയാണ് ജോക്കറിലെ കഥാപാത്രം. ജോക്കർ ഇറങ്ങിയപ്പോൾ അമ്മാവനോട് ഫോൺ ചെയ്തുപറഞ്ഞു. 'നിങ്ങൾ ആഗ്രഹിച്ചത് പൂർത്തിയായി, ഞാൻ പ്രസിഡന്റായി' എന്ന്.
തുടക്കത്തില്‍ തന്നെ പ്രമുഖ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. 'കടല്‍' എന്ന മണിരത്നത്തിന്‍റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ. എക്സൈറ്റ്മെന്‍റായിരുന്നു. സിനിമയുടെ കാര്യത്തിൽ വലുതെന്നോ ചെറുതെന്നോ നോക്കാറില്ല. ഞാനൊരു ആർട്ടിസ്റ്റാണ്, അഭിനയം എന്നത് എന്റെ ജോലിയാണ്.
പതിനൊന്നു കൊല്ലം നാടകരംഗത്ത് സജീവമായിരുന്നു. നിരവധി നാടകങ്ങൾ ചെയ്തു. പട്ടറൈ...നാ മുത്തുസ്വാമി സ്ഥാപിച്ച ട്രൂപ്പിലൂടെയായിരുന്നു നാടകപ്രവർത്തനം. സിനിമയിലെത്തിയത് പത്തു കൊല്ലം കഴിഞ്ഞാണ്. 2011 ൽ ആദ്യ പടം ആരണ്യകാണ്ഡം ഇറങ്ങി. പത്തു വർഷം, പതിനഞ്ചു പടങ്ങൾ, മൂന്ന് മലയാള സിനിമകൾ.
മോഹൻലാലിനൊപ്പം അഭിനയിക്കണം
മോഹൻ ലാൽ സാറിനൊപ്പം അഭിനയിക്കാൻ പെരിയ ആഗ്രഹം. 'ഇരുവർ' കണ്ടപ്പോഴാണ് അത് തുടങ്ങിയത്. ഹിസ് ഹൈനസ് അബ്ദുള്ള, ദൗത്യം, യോദ്ധ, കാലാപാനി... എല്ലാത്തിലും നല്ല അഭിനയം. കൂടെ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അവരുടെ സംവിധാനത്തിൽ അഭിനയിക്കാൻ പോവുകയാണ്, ബറോസിൽ. തമിഴിൽ നാല് ചിത്രങ്ങൾ പൂർത്തിയായി. മലയാളത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പമുള്ള 'ചട്ടമ്പി' ഷൂട്ട് കഴിഞ്ഞു.
ജീവിതത്തിൽ പകുതി കാലം തിയേറ്ററിലാണ് ചെലവിട്ടത്, മധുരയിൽ. സ്‌കൂൾ കാലത്ത് മോഹൻലാലിനെയായിരുന്നു കൂടുതലിഷ്ടം. അദ്ദേഹത്തിന്റെ നമ്പർ 20 മദ്രാസ് മെയിൽ... എത്ര അനായാസ അഭിനയമാണതിൽ. അതുപോലെ മമ്മൂട്ടിയുടെ അമരം, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്... ഒരാളുടെയും ഫാനൊന്നുമല്ല. എല്ലാവരുടെയും സിനിമകൾ കാണും. മോഹൻലാൽ, മമ്മൂട്ടി, രജനി, കമലഹാസൻ, ഷാരൂഖ് ഖാൻ... എല്ലാവരെയും ഇഷ്ടമാണ്.
ഈ 'മിന്നൽ' സുന്ദരം
മിന്നൽ മുരളി കണ്ട് ബ്രസീലിൽ നിന്ന് തിയറ്റർ ആർട്ടിസ്റ്റായ ഒരു സുഹൃത്ത് വിളിച്ചു. പോർച്ചുഗീസ് ഭാഷയിലാണ് കണ്ടത്. എല്ലാ സുഹൃത്തുക്കൾക്കും ഇഷ്ടമായെന്നു പറഞ്ഞു. നടൻ ജയസൂര്യയും വിനീത് ശ്രീനിവാസനുമെല്ലാം വിളിച്ച് സംസാരിച്ചു. നിരവധി സാധാരണക്കാർ ഫോൺ നമ്പർ അന്വേഷിച്ചു പിടിച്ച് വിളിച്ചതാണ് ഏറെ സന്തോഷിപ്പിച്ചത്.
(ഫോട്ടോ: ആദിശക്തി തിയേറ്റർ, പോണ്ടിച്ചേരി)