'എനിക്ക് അതിശയം തോന്നി! ഭരതനാട്യം നർത്തകിയുടെ യാത്ര പകർത്തിയ രീതിയാണ് എന്നെ ഏറ്റവും ആകർഷിച്ചത് -നവ്യ നായർ
text_fieldsവ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് കഥകൾ ഉൾപ്പെടുത്തിയ 'യുവ സപ്നോ കാ സഫർ' എന്ന ആന്തോളജിയിലെ ചിത്രമാണ് 'ബാക്ക് സ്റ്റേജ്'. 45 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കൈകാര്യം ചെയുന്ന പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടുന്നുണ്ട്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'ബാക്ക് സ്റ്റേജ്' ഒ.ടി.ടിയിലെത്തി. റിമ കല്ലിങ്കലും പദ്മപ്രിയയുമാണ് ബാക്ക് സ്റ്റേജിലെ നായികമാർ. 'വണ്ടര്‍ വുമണ്‍' ന് ശേഷം റിലീസിനെത്തിയ അഞ്ജലി മേനോൻ ചിത്രമാണ് ബാക്ക് സ്റ്റേജ്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ആറ് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വേവ്സ് ഒ.ടി.ടിയിലാണ് ബാക്ക് സ്റ്റേജ് സ്ട്രീം ചെയ്യുന്നത്. സിനിമാ മേഖലയിൽ നിന്ന് തന്നെ ഒട്ടേറെ പേരാണ് ചിത്രത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ളത്. നടി നവ്യ നായർ കഴിഞ്ഞ ദിവസം ചിത്രത്തെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
'അഞ്ജലി മേനോന്‍റെ പുതിയ ഷോർട്ട് ഫിലിം കണ്ടു, എനിക്ക് അതിശയം തോന്നി! ഒരു ഭരതനാട്യം നർത്തകിയുടെ യാത്ര പകർത്തിയ രീതിയാണ് എന്നെ ഏറ്റവും ആകർഷിച്ചത്. ഒരു അഭിനേതാവിൽ നിന്ന് മുഴുവൻ സമയ നർത്തകിയായി മാറിയ ഒരാളെന്ന നിലയിൽ, ഇരുവശത്തുനിന്നുമുള്ള വികാര വിചാരങ്ങൾ കാണുന്നത് ഹൃദയസ്പർശിയായിരുന്നു. അഞ്ജലി മേനോന്റെ സംവിധാനം ശരിക്കും ശ്രദ്ധേയമാണ്. കൂടാതെ തന്റെ വിഷയങ്ങളുടെ സത്ത പുറത്തുകൊണ്ടുവരാനുള്ള അവരുടെ കഴിവും പ്രശനീയമാണ്. നിങ്ങൾ അർത്ഥവത്തായ സിനിമയുടെയോ നൃത്തത്തിന്റെയോ ആരാധകനാണെങ്കിൽ, ഈ സിനിമ നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കില്ല! ഇത്രയും മനോഹരവും സ്വാധീനം ചെലുത്തുന്നതുമായ സിനിമ സൃഷ്ടിച്ചതിന് അഞ്ജലി മേനോന് അഭിനന്ദനങ്ങൾ' നവ്യ നായർ കുറിച്ചു.