ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് പുതുമുഖ നടി; ‘ലൈംഗിക ചുവയോടെ സംസാരിച്ചു, വിൻസി പറഞ്ഞത് 100 ശതമാനം ശരിയാണ്’
text_fieldsകൊച്ചി: നടി വിൻസി അലോഷ്യസിന്‍റെ പിന്നാലെ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതിയുമായി പുതുമുഖ നടി അപർണ ജോൺസ്. സൂത്രവാക്യം സിനിമയുടെ സെറ്റിൽവെച്ച് തന്നോടും ഷൈൻ മോശമായി പെരുമാറിയെന്ന് അപർണ ജോൺസ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ലൈംഗിക ചുവയോടെ സംസാരിച്ചു. ചിത്രീകരണത്തിനിടെ ബുദ്ധിമുട്ടുണ്ടായി. താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപൊടി മേശപ്പുറത്തേക്ക് തുപ്പിയത്. വിൻസി പങ്കുവെച്ച അനുഭവം 100 ശതമാനം ശരിയാണ്. സാധാരണ ഒരാൾ ഇടപെടുന്നത് പോലെയല്ല ഷൈൻ പെരുമാറുന്നത്.
ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനർജിയാണ്. പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്. സ്ത്രീകളുള്ളപ്പോൾ അശ്ലീലം കലർന്ന രീതിയിലാണ് സംസാരിക്കുന്നത്.
സിനിമയിലെ ഐ.സി അംഗം അഡ്വ. സൗജന്യ വർമയോട് താൻ പരാതിപ്പെട്ടിരുന്നു. തന്‍റെ പരാതിയിൽ ഉടൻ തന്നെ ക്രൂ പരിഹാരം കാണുകയും ചെയ്തു. പിറ്റേദിവസത്തെ സീനുകൾ തലേ ദിവസം തന്നെ ചിത്രീകരിച്ച് തന്നെ സുരക്ഷിതമായി പറഞ്ഞയച്ചു.
നാട്ടിലായിരുന്നെങ്കിൽ നിയമനടപടി സ്വീകരിച്ചേനെയെന്നും ചലച്ചിത്ര താരസംഘടനയായ അമ്മക്ക് വിവരം കൈമാറിയെന്നും ആസ്ട്രേലിയയിൽ കഴിയുന്ന അപർണ ജോൺസ് വ്യക്തമാക്കി.
സിനിമ സെറ്റിൽവച്ച് ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയത്. നടൻ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് നടി പറഞ്ഞത്.
വെളിപ്പെടുത്തലിന് പിന്നാലെ ഫിലിം ചേംബര്‍, സിനിമയുടെ ഇന്‍റേണല്‍ കംപ്ലൈന്‍റ് കമ്മിറ്റി, അമ്മ എന്നിവക്ക് പരാതി നൽകി. തുടർന്ന് ഐ.സി.സിക്ക് മുമ്പിൽ ഹാജരായ ഷൈൻ വിൻസിയോട് ക്ഷമ പറഞ്ഞു. ഫിലിം ചേംബറിന് മുമ്പാകെയും ഷൈനും വിൻസിയും ഹാജരായിരുന്നു.