Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമുംബൈ കഫേയിൽ ഇറാനി...

മുംബൈ കഫേയിൽ ഇറാനി ചായയും ബൺ മസ്കയും കഴിച്ച് നോളനും സ്പൈഡർമാനും മാറ്റ് ഡാമനും!

text_fields
bookmark_border
Christopher Nolan
cancel
camera_alt

നോളനും സ്പൈഡർമാനും മാറ്റ് ഡാമനും

ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളനും താരങ്ങളായ മാറ്റ് ഡേമണും ടോം ഹോളണ്ടും മുംബൈ നഗരത്തിൽ എത്തിയത് ആരാധകർക്ക് വലിയ ആവേശമായിരുന്നു. തന്റെ പുതിയ ചിത്രമായ 'ദ ഒഡീസി'യുടെ ഇന്ത്യൻ പ്രീമിയറിനായി മുംബൈയിൽ എത്തിയപ്പോഴാണ് കൊളാബയിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള 'ഒളിമ്പിയ കോഫി ഹൗസിൽ' ഇവർ അപ്രതീക്ഷിതമായി എത്തിയത്.

ഫോർമൽ സ്യൂട്ടുകൾ ധരിച്ചെത്തിയ നോളനും സംഘവും കൊളാബയിലെ ഈ തനി നാടൻ ഇറാനി കഫേയിൽ ഇരുന്ന് ചായയും ബൺ മസ്കയും ആസ്വദിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇവരെ കണ്ട അത്ഭുതത്തിലായിരുന്നു കഫേയിലെ ജീവനക്കാരും സന്ദർശകരും. തങ്ങൾ അന്ന് കഫേയിൽ എത്തിയവരെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും, പിന്നീട് ഗൂഗ്ളിൽ തിരഞ്ഞപ്പോഴാണ് താരങ്ങളെ മനസ്സിലായതെന്നും കഫേ മാനേജർ ഇനായത്ത് മരേദിയ പ്രതികരിച്ചു.

1918ൽ സയ്യിദ് മുഹമ്മദ് മെറാബ് എന്ന ഇറാനിയൻ സംരംഭകനാണ് ഒളിമ്പിയ കോഫി ഹൗസ് സ്ഥാപിച്ചത്. നൂറിലേറെ വർഷങ്ങളായി മുംബൈയുടെ പാചക സംസ്കാരത്തിന്റെ ഭാഗമാണ് ഈ കഫേ. പഴയ ബോംബെ നഗരത്തിന്റെ പാരമ്പര്യം ഇന്നും നിലനിർത്തുന്ന ഇവിടുത്തെ കീമ പാവ്, ഭേജ ഫ്രൈ, ദാൽ ഗോഷ്റ്റ് എന്നിവ വളരെ പ്രശസ്തമാണ്. പഴയകാലത്ത് പലചരക്ക് കടയായും പ്രവർത്തിച്ചിരുന്ന ഒളിമ്പിയ, കൊളാബയിലെ തൊഴിലാളികൾക്കും യാത്രക്കാർക്കും എന്നും ഒരു അഭയസ്ഥാനമായിരുന്നു.

നിലവിൽ പല ഇറാനി കഫേകളും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതിനിടെയാണ് ഹോളിവുഡ് താരങ്ങളുടെ ഈ സന്ദർശനം. ഉയർന്ന റിയൽ എസ്റ്റേറ്റ് വിലയും കുറഞ്ഞുവരുന്ന ഉപഭോക്താക്കളും കാരണം ബുദ്ധിമുട്ടുന്ന ഇത്തരം പൈതൃക സ്ഥാപനങ്ങൾക്ക് താരങ്ങളുടെ സന്ദർശനം വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. നോളന്റെയും സംഘത്തിന്റെയും വരവോടെ ഈ കഫേ വീണ്ടും ശ്രദ്ധാകേന്ദ്രമായി.

ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിമായ 'രാജാ ഹരിശ്ചന്ദ്ര' പ്രദർശിപ്പിച്ച ഒളിമ്പിയ തിയറ്റർ ഉൾപ്പെടെ, പഴയകാല ബോംബെയിൽ 'ഒളിമ്പിയ' എന്ന പേരിന് തന്നെ വലിയ പ്രശസ്തി ഉണ്ടായിരുന്നു. യൂറോപ്യൻ ശൈലിയിലുള്ള പേരുകൾ ഉപയോഗിക്കുന്നത് അന്നത്തെ കാലത്ത് ആധുനികതയുടെ അടയാളമായി കണക്കാക്കപ്പെട്ടിരുന്നു. ആ ചരിത്രപരമായ പാരമ്പര്യം തന്നെയാണ് ഇന്നും ഒളിമ്പിയ കോഫി ഹൗസ് കാത്തുസൂക്ഷിക്കുന്നത്.

Show Full Article
TAGS:Odyssey Christopher Nolan Matt Damon Tom Holland Bombay celebrity news 
News Summary - Nolan and The Odyssey Stars Visit Iconic Colaba Cafe
Next Story