പാക് ടിക് ടോക്കർ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
text_fieldsപാകിസ്താൻ ടിക് ടോക്ക് കണ്ടന്‍റ് ക്രിയേറ്റർ സുമീറ രാജ്പുത്തിനെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹത്തിന് സമ്മർദം ചെലുത്തിയ ശേഷം വിഷം നൽകിയതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിന്ധിലെ ഘോത്കി ജില്ലയിലാണ് സംഭവം.
'ചിലർ സുമീറക്ക് വിഷ ഗുളികകൾ നൽകി, ഇത് അവളുടെ മരണത്തിലേക്ക് നയിച്ചു' എന്ന് മകൾ ആരോപിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടുപേരെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകളുടെ ആരോപണം ഘോട്കി ജില്ലാ പൊലീസ് ഓഫിസർ അൻവർ ശൈഖ് സ്ഥിരീകരിച്ചെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പോസ്റ്റ്‌മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബാബു രാജ്പുത്, മുഹമ്മദ് ഇമ്രാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ കൊലപാതകമാണെന്ന് സംശയിക്കുന്നതിന് പിന്നിലെ കൃത്യമായ കാരണത്തെക്കുറിച്ച് പൊലീസിന് വ്യക്തതയില്ല.
ടിക് ടോക്കിൽ 58,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്നു സുമീറക്ക്. കഴിഞ്ഞ മാസം 17 കാരിയായ ടിക് ടോക്കർ സന യൂസഫ് ഇസ്ലാമാബാദിലെ വീട്ടിൽ വെടിയേറ്റ് മരിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രതിയായ ഉമർ ഹയാത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.