വൈറലായി ആ താര സെൽഫി; ഫഫക്കൊപ്പം നിരന്ന് പേട്രിയറ്റ് ടീം
text_fieldsമമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന പേട്രിയറ്റ് 2026 മെയ് 1ന് തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസായി വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ട്രെയിലർ ലോഞ്ചിന് മുന്നോടിയായി ചിത്രത്തിലെ പ്രധാന അഭിനേതാക്കളെയും സംവിധായകനെയും ഒരുമിച്ച് ഒരു ഫ്രെയ്മിൽ കൊണ്ടുവന്ന് ഫഹദ് ഫാസിൽ ഒരു ചിത്രം പങ്കുവെച്ചു. ഈ സെൽഫിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ചിത്രത്തിൽ ഫഹദിനോടൊപ്പം മമ്മൂട്ടിയും മോഹൻലാലും ഉണ്ട്. സൂപ്പർസ്റ്റാറുകൾക്ക് പുറമേ, കുഞ്ചാക്കോ ബോബൻ, പ്രകാശ് വർമ്മ, രാജീവ് മേനോൻ, സംവിധായകൻ മഹേഷ് നാരായണൻ, സംഗീതജ്ഞൻ സുഷിൻ ശ്യാം എന്നിവരും ചിത്രത്തിൽ ഉണ്ട്. 'ഞങ്ങൾ വരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഫഹദ് ചിത്രം പങ്കുവെച്ചത്.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതിന് പുറമെ കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, രേവതി, ദർശന രാജേന്ദ്രൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ ഇതിവൃത്തം അണിയറപ്രവർത്തകർ രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കിലും പുറത്തിറങ്ങിയ ടീസർ ഇതൊരു ആക്ഷൻ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ ത്രില്ലർ ആണെന്ന സൂചനയാണ് നൽകുന്നത്.
ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ (IFFLA) ഉദ്ഘാടന ചിത്രമായി 'പേട്രിയറ്റ്' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽ കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും മനുഷ് നന്ദൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
പലതവണ മാറ്റിവെച്ച ചിത്രം ഒടുവിൽ മെയ് ഒന്നിന് തിയറ്ററുകളിലെത്തും. മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് റിലീസ് നീണ്ടുപോയതെന്ന് നിർമാതാക്കൾ അറിയിച്ചു. ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യു.എ.ഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.


