ചുമരിൽ തലകൊണ്ട് ഇടിക്കാറുണ്ടായിരുന്നു, ഐശ്വര്യയോട് സൽമാന് ഭ്രാന്തമായ പ്രണയമായിരുന്നു; ആ പ്രണയകാലം ഒരു ദുഃസ്വപ്‌നം പോലെയായിരുന്നു -പ്രഹ്ളാദ് കക്കർ
text_fieldsഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പരസ്യ സംവിധായകരിൽ ഒരാളാണ് പ്രഹ്ളാദ് കക്കർ. ബോളിവുഡിലെ മിക്കവാറും എല്ലാ വലിയ താരങ്ങളുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സൽമാൻ ഖാനും ഐശ്വര്യ റായ് ബച്ചനും വേർപിരിഞ്ഞതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ബോളിവുഡിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയമാണ് സൽമാൻ ഖാന്‍റെയും ഐശ്വര്യ റായിയുടെയും. ബ്രേക്കപ്പിനുശേഷം ഒരിക്കൽപ്പോലും ഒരുവേദിയിലും ഒന്നിച്ചുവരാത്ത രീതിയിൽ ഇരുവരും മാനസികമായി അകന്നിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇതേക്കുറിച്ച് പ്രഹ്ളാദ് തുറന്നുപറഞ്ഞത്.
സഞ്ജയ് ലീലാ ബൻസാലിയുടെ 1999ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നത്. പക്ഷേ 2002ൽ ഏറെ വിവാദങ്ങൾക്കൊടുവിൽ ഇരുവരും വേർപിരിയുകയും ചെയ്തു. സല്‍മാനുമായി പിരിഞ്ഞശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐശ്വര്യ രംഗത്തെത്തിയിരുന്നു. ശാരീരികമായും മാനസികമായും സല്‍മാന്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആ പ്രണയകാലം ഒരു ദുഃസ്വപ്‌നം പോലെയായിരുന്നുവെന്നും ഐശ്വര്യ വെളിപ്പെടുത്തി. സല്‍മാനുമായി ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്നും അവര്‍ പ്രതിജ്ഞയെടുത്തു.
ഐശ്വര്യയോട് സൽമാന് ഭ്രാന്തമായ പ്രണയമായിരുന്നു. സൽമാൻ പലപ്പോഴും ഐശ്വര്യയുടെ വീട്ടിലെ ചുമരിൽ തലകൊണ്ട് ഇടിക്കാറുണ്ടായിരുന്നു. ഐശ്വര്യയെ ശാരീരികമായി ഉപദ്രവിക്കുകയും ഭ്രാന്തമായി സ്നേഹിക്കുകയും ചെയ്തിരുന്നു. ഐശ്വര്യ-സൽമാൻ പ്രണയം ബ്രേക്കപ്പ് ആവുന്നതിന് എത്രയോ മുമ്പുതന്നെ ഇരുവരും പിരിഞ്ഞിരുന്നു. അത് എല്ലാവർക്കും അവളുടെ മാതാപിതാക്കൾക്ക്, അവൾക്ക്, മുഴുവൻ ലോകത്തിനും ഒരു ആശ്വാസമായിരുന്നു.
വേർപിരിയലിൽ ഐശ്വര്യ അസ്വസ്ഥയായിരുന്നില്ല. പക്ഷേ എല്ലാവരും തന്റെ പക്ഷം കേൾക്കാതെ സൽമാന്റെ പക്ഷം സ്വീകരിക്കുന്നതിലായിരുന്നു അവൾ അസ്വസ്ഥയായത്. സത്യം അവളുടെ ഭാഗത്തായിരുന്നു. എന്നാൽ പൂർണ്ണമായും ഏകപക്ഷീയമായ കാര്യങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്. അവൾക്ക് ശരിക്കും അതൊരു വഞ്ചനയായി തോന്നി. ബ്രേക്കപ്പിനെ ഓർത്തല്ല മറിച്ച് എല്ലാവരും തന്റെ ഭാഗത്തുനിൽക്കാതെ സൽമാനെ പിന്തുണക്കുന്നതാണ് കൂടുതൽ ഐശ്വര്യയെ സങ്കടപ്പെടുത്തിയത്. അതിനുശേഷം ഐശ്വര്യ ഒരിക്കലും സിനിമാലോകത്തെ വിശ്വസിച്ചില്ല പ്രഹ്ളാദ് പറഞ്ഞു.