Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right...

ആത്മവിശ്വാസമുണ്ടായിരുന്ന ‘മിഥുനം’ വിചാരിച്ചത്ര വിജയം നേടിയില്ല, സംശയത്തോടെ ചെയ്ത ‘തേന്മാവിൻ കൊമ്പത്ത്’ ഇൻഡസ്ട്രി ഹിറ്റായി; തിയറ്ററിലെ വിജയം പ്രവചനാതീതമെന്ന് പ്രിയദർശൻ

text_fields
bookmark_border
ആത്മവിശ്വാസമുണ്ടായിരുന്ന ‘മിഥുനം’ വിചാരിച്ചത്ര വിജയം നേടിയില്ല, സംശയത്തോടെ ചെയ്ത ‘തേന്മാവിൻ കൊമ്പത്ത്’ ഇൻഡസ്ട്രി ഹിറ്റായി; തിയറ്ററിലെ വിജയം  പ്രവചനാതീതമെന്ന് പ്രിയദർശൻ
cancel

പ്രിയദർശനില്ലാതെ മോഹൻലാലോ, മോഹൻലാലില്ലാതെ പ്രിയദർശനോ ഇല്ല. മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയധികം വിജയങ്ങൾ സമ്മാനിച്ച മറ്റൊരു സംവിധായകൻ-നടൻ കൂട്ടുകെട്ട് വേറെയുണ്ടാകില്ല. പതിറ്റാണ്ടുകളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത എത്രയോ അനശ്വരമായ ചിത്രങ്ങളാണ് ഈ സൗഹൃദത്തിൽ നിന്നും പിറവിയെടുത്തത്. കുട്ടിക്കാലം മുതൽ തുടങ്ങിയ ഇവരുടെ സൗഹൃദം തന്നെയാണ് പിൽക്കാലത്ത് മലയാള സിനിമയുടെ സുവർണ്ണകാലമായി മാറിയത്.

1978ൽ പുറത്തിറങ്ങിയ 'തിരുനോട്ടം' എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്. ഇതേ ചിത്രത്തിൽ വി. അശോക് കുമാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രിയദർശനും തന്റെ സിനിമാ ജീവിതത്തിന് തുടക്കമിട്ടു. സെൻസർഷിപ്പ് പ്രശ്നങ്ങൾ കാരണം 2005ൽ മാത്രമാണ് ഈ ചിത്രം തിയറ്ററുകളിലെത്തിയത്. പിന്നീട് 1984ൽ പ്രിയദർശൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച 'പൂച്ചക്കൊരു മൂക്കുത്തി' എന്ന ചിത്രത്തിൽ മോഹൻലാലായിരുന്നു പ്രധാന വേഷത്തിൽ.

അവിടെ തുടങ്ങിവെച്ച കൂട്ടുകെട്ട് പിന്നീട് ബോക്സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്തു മുന്നേറി. തിയറ്ററുകളിൽ തുടർച്ചയായി 366 ദിവസങ്ങൾ ഓടി റെക്കോർഡിട്ട 'ചിത്രം' (1988). മലയാള സിനിമയിലെ ആദ്യത്തെ 5 കോടി ക്ലബ്ബ് ചിത്രമായ 'കിലുക്കം' (1991). കോമഡി ചിത്രങ്ങളിലൂടെ മലയാളികളെ കയ്യിലെടുത്ത ഇവർക്ക് ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, ചില പരാജയങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ തിയറ്ററുകളിൽ പരാജയപ്പെട്ട ഈ ചിത്രങ്ങളിൽ പലതും വർഷങ്ങൾക്കപ്പുറം വലിയ ആരാധകവൃന്ദമുള്ള ചിത്രങ്ങളായി മാറി.

സിനിമയിൽ വിജയത്തിന് കൃത്യമായ ഫോർമുലകൾ ഒന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് പ്രിയദർശൻ. താൻ കരിയറിൽ ഏറ്റവും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ചില ചിത്രങ്ങൾ പരാജയപ്പെടുകയും, ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ചിത്രം ചരിത്ര വിജയമാവുകയും ചെയ്ത അനുഭവം അദ്ദേഹം പങ്കുവെച്ചു.

‘ഞാൻ ഒരിക്കലും ഒരു സിനിമ പ്ലാൻ ചെയ്യാറില്ല, അത് സംഭവിച്ചു പോകുന്നതാണ്. അതൊരു റീമേക്കാണോ അതോ ഒറിജിനലാണോ എന്ന് ഞാൻ ചിന്തിക്കാറില്ല. എനിക്ക് ഇഷ്ടപ്പെടുന്ന ഒരു കഥ ഞാൻ ചെയ്യുന്നു, അത്രമാത്രം. എന്റെ കരിയറിൽ എനിക്ക് ഏറ്റവും ആത്മവിശ്വാസമുണ്ടായിരുന്ന ചിത്രങ്ങളായിരുന്നു 'മിഥുനം' (1993), 'മുകുന്ദേട്ടാ സുമിത്രാ വിളിക്കുന്നു' (1988) എന്നിവ. എന്നാൽ അവ തിയറ്ററുകളിൽ വിചാരിച്ചത്ര വിജയം നേടിയില്ല. നേരെ മറിച്ച്, എനിക്ക് ഒട്ടും ആത്മവിശ്വാസമില്ലാതിരുന്ന, ഏറെ സംശയത്തോടെ ചെയ്ത ചിത്രമായിരുന്നു 'തേന്മാവിൻ കൊമ്പത്ത്' (1994). എന്നാൽ അത് ഇൻഡസ്ട്രി ഹിറ്റായി മാറി. അതുകൊണ്ട് തന്നെ, തിയറ്ററിൽ ഏത് ചിത്രം ഓടും ഏത് ഓടില്ല എന്ന് പ്രവചിക്കാൻ ഇന്നും എനിക്ക് അറിയില്ല പ്രിയദർശൻ പറഞ്ഞു.

ബോയിങ് ബോയിങ് (1985), താളവട്ടം (1986), വെള്ളാനകളുടെ നാട് (1988), ആര്യൻ (1988), വന്ദനം (1989), അഭിമന്യു (1991), കാലാപാനി (1996), ചന്ദ്രലേഖ (1997), കാക്കക്കുയിൽ (2001), ഒപ്പം (2016), മരക്കാർ (2021) തുടങ്ങി നാൽപ്പതോളം ചിത്രങ്ങളിലാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചത്. കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ സിനിമാ ഓർമകളിൽ ഈ ലാൽ-പ്രിയൻ കൂട്ടുകെട്ട് സമ്മാനിച്ച വസന്തം എന്നും നിലനിൽക്കും.

Show Full Article
TAGS:priyadarshan Mohanlal celebrity news Malayalam Cinema Entertainment News 
News Summary - Priyadarshan says success in theaters is still unpredictable
Next Story