Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘പകരം വെക്കാനില്ലാത്ത...

‘പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ, നിങ്ങളെ ഞങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നു’; ശ്രീദേവിയുടെ ജീവചരിത്ര കവർ പുറത്തുവിട്ട് പ്രിയങ്ക ചോപ്ര

text_fields
bookmark_border
‘പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ, നിങ്ങളെ ഞങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നു’; ശ്രീദേവിയുടെ ജീവചരിത്ര കവർ പുറത്തുവിട്ട് പ്രിയങ്ക ചോപ്ര
cancel

ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം ശ്രീദേവിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, അവരുടെ വരാനിരിക്കുന്ന ജീവചരിത്ര പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് കവർ പുറത്തുവിട്ട് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 'എംപ്രസ്: ദി ഡിഫിനിറ്റീവ് ബയോഗ്രഫി ഓഫ് ശ്രീദേവി' (Empress: The Definitive Biography of Sridevi) എന്നാണ് ഈ പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. സിനിമാ ലോകത്തും വായനക്കാരിലും ഒരുപോലെ വലിയ ആകാംക്ഷയാണ് ഈ പ്രഖ്യാപനം സൃഷ്ടിച്ചിരിക്കുന്നത്.

എക്സിലൂടെയാണ് പ്രിയങ്ക പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകരുമായി പങ്കുവെച്ചത്. ശ്രീദേവിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്ക കുറിച്ച വരികൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ‘അതുല്യയായ ആ ഒരേയൊരാൾ. നിങ്ങളെ ഞങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നു. #Sridevi #Empress.... ഉടൻ വരുന്നു എന്നാണ് പ്രിയങ്ക കുറിച്ചത്.

പ്രശസ്ത എഴുത്തുകാരനായ ധീരജ് യു കുമാർ ആണ് ഈ ജീവചരിത്രം രചിച്ചിരിക്കുന്നത്. പ്രസാധകരായ വെസ്റ്റ്‌ലാൻഡ് ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കുന്നത്. 2023ൽ തന്നെ ഈ പുസ്തകത്തിന്റെ പ്രഖ്യാപനം നടന്നിരുന്നു. പുസ്തകത്തിന്റെ കവറിൽ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ഒരു പ്രത്യേക കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീദേവിയെ അദ്ദേഹം അപാരമായ പ്രതിഭയുടെ പ്രതീകം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ശ്രീദേവിയുടെ സമ്പന്നമായ സിനിമാ ജീവിതം, ബാലതാരമായി സിനിമയിലെത്തിയ കാലം, സൂപ്പർതാര പദവിയിലേക്കുള്ള കഠിനമായ വളർച്ച, ഒപ്പം ഇന്ത്യൻ സിനിമയിലെ അവരുടെ ലെഗസി എന്നിവ പുസ്തകം ആഴത്തിൽ ചർച്ച ചെയ്യുന്നു.

കേവലം നാലാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീദേവി, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഭാധനരായ നായികമാരിൽ ഒരാളാണ്. 1967ൽ പുറത്തിറങ്ങിയ 'കന്ധൻ കരുണൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീദേവി ബാലതാരമായി സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് 1972ൽ 'റാണി മേര നാം' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാ ലോകത്തും തന്റെ സാന്നിധ്യമറിയിച്ചു.

തുടർന്നങ്ങോട്ട് നിരവധി വാണിജ്യവിജയം നേടിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച അവർ, തന്റെ ശക്തമായ സ്ക്രീൻ പ്രസൻസിലൂടെയും അഭിനയപാടവത്തിലൂടെയും ഇന്ത്യൻ സിനിമയുടെ റാണിയായി മാറി. 1996ൽ പ്രമുഖ ചലച്ചിത്ര നിർമാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചു. ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരാണ് മക്കൾ. മക്കളും ഇന്ന് മാതാവിന്റെ പാത പിന്തുടർന്ന് അഭിനയരംഗത്ത് സജീവമാണ്.

അഭിനയ ജീവിതത്തിൽ നിരവധി വലിയ പുരസ്കാരങ്ങൾ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് 2013ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 2018ലാണ് ശ്രീദേവി മരിക്കുന്നത്. ബാത്ടബിൽ മുങ്ങിമരിക്കുകയായിരുന്നു.

Show Full Article
TAGS:sridevi Priyanka Chopra biography celebrity news Amitabh Bachchan 
News Summary - Priyanka Chopra Unveils Sridevi Biography First Look
Next Story