Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightജസ്പ്രീത് ബുംറയെ...

ജസ്പ്രീത് ബുംറയെ ഫുട്ബാളറാക്കി റാം ചരൺ; സംഭവം ട്രോളായതോടെ മാപ്പപേക്ഷിച്ച് താരം -വിഡിയോ

text_fields
bookmark_border
ജസ്പ്രീത് ബുംറയെ ഫുട്ബാളറാക്കി റാം ചരൺ; സംഭവം ട്രോളായതോടെ മാപ്പപേക്ഷിച്ച് താരം -വിഡിയോ
cancel

ഭോപ്പാൽ: പൊതുവേദിയിൽ സംഭവിച്ച അമളിയിൽ പരസ്യമായി ക്ഷമാപണം നടത്തി തെലുങ്ക് സൂപ്പർ താരം റാം ചരൺ. തന്റെ പുതിയ ചിത്രമായ 'പെദ്ദി'യുടെ സംഗീത പ്രകാശന ചടങ്ങിനിടെയാണ് താരത്തിന് ഈ അബദ്ധം പിണഞ്ഞത്. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ട്രോളുകൾ നിറയുകയും ചെയ്തതോടെയാണ്, താരം എക്സിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

ചടങ്ങിനിടെ മാധ്യമപ്രവർത്തകർ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

ക്രിക്കറ്റിൽ ഇതിഹാസം തീർത്ത കായിക താരങ്ങളെ ഓരോന്നായി പരാമർശിക്കുമ്പോഴായിരുന്നു അബദ്ധം. സച്ചിൻ തെണ്ടുൽക്കറെ 'മഹാനായ ഇതിഹാസം' എന്നും, എം.എസ്. ധോണിയെ 'ശാന്തൻ' എന്നും, വിരാട് കോലിയെ 'അഗ്നി' എന്നും രാംചരൺ വിശേഷിപ്പിച്ചു. എന്നാൽ, ജസ്പ്രീത് ബുംറയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെ, ക്രിക്കറ്റിന് പകരം ബുംറയെ ഫുട്ബോൾ താരമെന്ന രീതിയിൽ മറുപടി നൽകുകയായിരുന്നു.

ബുംറയെ ഫുട്ബോൾ താരമായി ചിത്രീകരിക്കുന്ന രാം ചരന്റെ വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ക്രിക്കറ്റ് ആരാധകർ താരത്തിന്റെ അറിവില്ലായ്മയെ വിമർശിക്കാനും പരിഹസിക്കാനും തുടങ്ങിയതോടെ താരം തിരുത്തലുമായി മുന്നോട്ടുവരികയുണ്ടായി.

"ചില സമയങ്ങളിൽ പേരുകൾ ഓർത്തെടുക്കുന്നതിൽ എനിക്ക് വലിയ മറവി സംഭവിക്കാറുണ്ട്. ജസ്പ്രീത് ബുമ്ര ജിയോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആൾക്കൂട്ടത്തിന് നടുവിലും ചടങ്ങിന്റെ ആവേശത്തിനിടയിലും പറ്റിപ്പോയ ഒരു മനുഷ്യസഹജമായ പിഴവ് മാത്രമാണിത്," എന്ന് രാം ചരൺ എക്സിൽ കുറിച്ചു.

താൻ ബുംറയുടെ കളിയുടെ വലിയൊരു ആരാധകനാണെന്നും അദ്ദേഹത്തോട് വ്യക്തിപരമായി വലിയ ബഹുമാനമുണ്ടെന്നും രാം ചരൺ കൂട്ടിച്ചേർത്തു. ഇതോടെ താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ പെട്ടെന്നുള്ള പ്രതികരണത്തെ അഭിനന്ദിച്ച് ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

ഭോപ്പാലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാം ചരനൊപ്പം നടി ജാൻവി കപൂർ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു.

Show Full Article
TAGS:film industry Ram Charan Mistakes apologize Jasprit Bumrah Sportsman Celebrities 
News Summary - Ram Charan gets into a misunderstanding over a question about Jasprit Bumrah; The actor apologizes after the incident was trolled - Video
Next Story