'അന്ന് മനസിലാകാതെ പോയ ആ അനുഭവത്തിന് മാപ്പ്'; 'ശിവ'യിലെ ബാലതാരത്തോട് മാപ്പ് പറഞ്ഞ് രാം ഗോപാൽ വർമ
text_fields1989ൽ നാഗാർജുനയെ നായകനാക്കി രാം ഗോപാൽ വർമ സംവിധാനം ചെയ്ത ശിവ എന്ന ചിത്രം നവംബർ 14ന് റീ റിലീസിന് ഒരുങ്ങുകയാണ്. സ്റ്റൈലിസ്റ്റിക്കും ദൃശ്യപരമായി പുതുമയുള്ളതുമായ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ നിരവധി കാരണങ്ങളാൽ ചിത്രം പ്രേക്ഷകരെ കീഴടക്കിയിരുന്നു. നാഗാർജുന വളരെ വേഗത്തിൽ മുൻ സീറ്റിൽ ഒരു കൊച്ചുകുട്ടിയെ വെച്ചുകൊണ്ട് സൈക്കിൾ ചവിട്ടുന്ന രംഗം വളരെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വൻ ഹിറ്റായിട്ടും, ബേബി സുഷമ എന്ന പേരിൽ അറിയപ്പെട്ട ആ ബാലതാരം പിന്നീട് ഒരിക്കലും സിനിമകളിൽ അഭിനയിച്ചില്ല.
ഇപ്പോഴിതാ, ആ പഴയ ബാലതാരം എവിടെയാണെന്ന് രാം ഗോപാൽ വർമ പങ്കുവെച്ചിരിക്കുകയാണ്. സുഷമയുടെ ഫോട്ടോ പങ്കിട്ടുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കിട്ടു. സുഷമ ഇപ്പോൾ യു.എസ്.എയിൽ എ.ഐയിലും കോഗ്നിറ്റീവ് സയൻസിലും ഗവേഷണം നടത്തുകയാണ് എന്ന് അദ്ദേഹം എഴുതി. മറ്റൊരു പോസ്റ്റിൽ സംവിധായകൻ താരത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു.
'36 വർഷങ്ങൾക്ക് ശേഷം, എനിക്ക് അന്ന് മനസിലാകാതെ പോയ ആ ആഘാതകരമായ അനുഭവത്തിന് നിങ്ങളെ വിധേയമാക്കിയതിന് ഞാൻ ആത്മാർഥമായ ക്ഷമാപണം നടത്തുന്നു. നിങ്ങളെപ്പോലുള്ള ഒരു കൊച്ചു പെൺകുട്ടിയെ അത്തരം അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയത് എന്നിലെ സംവിധായകന്‍റെ അത്യാഗ്രഹമായിരുന്നു. ഒരിക്കൽ കൂടി ഞാൻ ക്ഷമ ചോദിക്കുന്നു' -അദ്ദേഹം എഴുതി.
അതേസമയം, അമലയും രഘുവരനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. രാം ഗോപാൽ വർമയുടെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ശിവ. അന്നപൂർണ സ്റ്റുഡിയോയുടെയും എസ്.എസ്. ക്രിയേഷൻസിന്റെയും കീഴിൽ അക്കിനേനി വെങ്കട്ടും യാർലഗദ്ദ സുരേന്ദ്രയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇളയരാജയാണ് സംഗീതം. എസ്. ഗോപാല റെഡ്ഡിയാണ് ഛായാഗ്രാഹകൻ. തോട്ട തരണി കലാസംവിധാനവും സത്തിബാബു എഡിറ്റിങ്ങും നിർവഹിച്ചു.


