മികച്ച അഭിപ്രായം നേടി 'ദി ഗേൾഫ്രണ്ട്'; ചർച്ചയായി രശ്മിക മന്ദാനയുടെ പ്രതിഫലം
text_fieldsരശ്മിക മന്ദാനയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ദി ഗേൾഫ്രണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ മൊത്തമായി ഇതുവരെ 6.40 കോടി രൂപ നേടി. അതേസമയം ലോകമെമ്പാടുമായി ചിത്രത്തിന്‍റെ കലക്ഷൻ 11.10 കോടിയായി. സിനിമ വിജയിച്ചപ്പോൾ ചിത്രത്തിലെ രശ്മികയുടെ പ്രതിഫലത്തെക്കുറിച്ച് ചർച്ച ഉയരാൻ തുടങ്ങി.
ചിത്രത്തിന് രശ്മിക കുറഞ്ഞ പ്രതിഫലം മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്. സാധാരണയായി ഒരു തെലുങ്ക് സിനിമക്ക് അഞ്ച് മുതൽ ആറ് കോടി രൂപ വരെ ഈടാക്കാറുണ്ടെങ്കിലും, ദി ഗേൾഫ്രണ്ടിന് വേണ്ടി രശ്മിക ഏകദേശം മൂന്ന് കോടി രൂപ മാത്രമാണ് വാങ്ങിയത് എന്നാണ് റിപ്പോർട്ട്. കഥയുമായി അവർക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്നും വാണിജ്യ നിബന്ധനകൾ പരിഗണിക്കാതെ ചിത്രത്തെ പിന്തുണക്കാൻ താരം ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ധീരജ് മോഗിലിനേനി എന്റർടൈൻമെന്റ്, മാസ് മൂവി മേക്കേഴ്‌സ്, ഗീത ആർട്‌സ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിലെ രശ്മിക മന്ദാനയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
രാഹുൽ ആദ്യമായി കഥ പറഞ്ഞപ്പോൾ തനിക്ക് കരച്ചിൽ വന്നതിനെക്കുറിച്ച് രശ്മിക നേരത്തെ പറഞ്ഞിരുന്നു. വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ തന്റെ ഹൃദയത്തെ ഞെരുക്കിയ നിരവധി നിമിഷങ്ങളുണ്ടായിരുന്നു അതിലെന്നാണ് രശ്മിക പറഞ്ഞത്. 'ദി ഗേൾഫ്രണ്ട്' രശ്മികയുടെ കരിയറിലെ പ്രധാന നാഴികക്കല്ലാണ് എന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി രശ്മിക മാറുന്നു എന്നതിന്‍റെ തെളിവാണ് ചിത്രത്തിന്റെ പോസിറ്റീവ് പ്രതികരണവും കലക്ഷനും പ്രതിഫലിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


