ഇതാണ് റിയൽ ഇൻസ്പിരേഷൻ! കഠിനമായ വ്യായാമങ്ങളിലൂടെ അത്ഭുതപ്പെടുത്തി ജ്യോതിക; വിഡിയോ വൈറൽ
text_fieldsപ്രായമെന്നത് വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 47-ാം വയസ്സിലും അതിശയിപ്പിക്കുന്ന ശാരീരികക്ഷമത നിലനിർത്തുന്ന താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്റെ വർക്കൗട്ട് വിഡിയോയിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. കരുത്ത്, കോർ, ബാലൻസ് എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വിഡിയോ പങ്കുവെച്ചത്. ലളിതമായ ജിം സെഷനുപരിയായി, കരുത്തും ശരീരത്തിന്റെ സന്തുലിതാവസ്ഥയും വർധിപ്പിക്കുന്ന അതീവ സങ്കീർണ്ണമായ വ്യായാമങ്ങളാണ് ജ്യോതിക ചെയ്യുന്നത്.
കനത്ത ഭാരമുള്ള ഗോബ്ലറ്റ് സ്ക്വാറ്റുകൾ, കെറ്റിൽബെൽ പ്രസ്സുകൾ, എക്സ്പ്ലോസീവ് മെഡിസിൻ ബോൾ സ്ലാമുകൾ എന്നിവയിലൂടെ തന്റെ കരുത്ത് താരം പ്രകടമാക്കുന്നു. സ്വന്തം ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളായ ഹാങ്ങിങ് ലെഗ് റൈസസ്, വെയ്റ്റഡ് പുൾ-അപ്പുകൾ എന്നിവ അതിശയകരമായ നിയന്ത്രണത്തോടെ താരം ചെയ്യുന്നു. വയറിലെ പേശികളുടെ കരുത്ത് വർധിപ്പിക്കുന്ന അഡ്വാൻസ്ഡ് ഫ്ലോർ എക്സസൈസുകൾ, സീറ്റഡ് ലെഗ് ടക്കുകൾ എന്നിവ ജ്യോതിക അനായാസം ചെയ്യുന്നു.
വിഡിയോയുടെ അവസാന ഭാഗത്ത്, കറങ്ങുന്ന ഒരു യോഗ വീലിന് മുകളിൽ കയറി നിന്ന് കൈകൂപ്പി ബാലൻസ് ചെയ്യുന്ന ജ്യോതികയുടെ പ്രകടനം കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. ഇത് വലിയ ഏകാഗ്രതയും കോർ പേശികളുടെ കരുത്തും ആവശ്യപ്പെടുന്ന ഒന്നാണ്.
ഭർത്താവ് സൂര്യക്കൊപ്പം രണ്ട് കുട്ടികളുടെ അമ്മയായ ജ്യോതിക, സ്മിത്ത് മെഷീൻ, ലെഗ് പ്രസ്, ബാറ്റിൾ റോപ്‌സ് തുടങ്ങിയ വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രൊഫഷണലുകളെപ്പോലെയാണ് പരിശീലനം നടത്തുന്നത്.
വിഡിയോ വൈറലായതോടെ താരത്തെ 'ഫിറ്റ്‌നസ് ഐക്കൺ' എന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് വലിയൊരു പ്രചോദനമെന്നും ആരാധകർ വിശേഷിപ്പിച്ചു. ‘യഥാർത്ഥ പ്രചോദനം, വലിയ ബഹളങ്ങളൊന്നുമില്ലാതെ’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. മറ്റു ചിലർ ‘ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രചോദനാത്മകമായ വിഡിയോ’ എന്നും കുറിച്ചു. ഏത് പ്രായത്തിലും ചിട്ടയായ ജീവിതശൈലിയിലൂടെയും കഠിനാധ്വാനത്തിലൂടെയും മികച്ച ആരോഗ്യം കൈവരിക്കാമെന്ന് ജ്യോതിക കാണിച്ചുതരുന്നു.


