നടൻ റോബോ ശങ്കർ അന്തരിച്ചു
text_fieldsതമിഴ് നടനും ഹാസ്യതാരവുമായ റോബോ ശങ്കർ അന്തരിച്ചു. സിനിമ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 46 വയസ്സായിരുന്നു. ഗ്യാസ്ട്രോഇന്റസ്റ്റൈനൽ രക്തസ്രാവവും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തന വൈകല്യവും മൂലം ഗുരുതരാവസ്ഥയിലാണ് റോബോ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. കമൽ ഹാസൻ, കാർത്തി, സിമ്രാൻ, രാധിക ശരത് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി നിരവധിപേർ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 1990 കളുടെ അവസാനത്തിലാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. പടയപ്പ, ജൂട്ട്, ആയ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു.
ചെന്നൈ കാതൽ, ദീപാവലി, അഴകൻ അഴഗി, ഇതാർക്കുതനെ ആസൈപട്ടൈ ബാലകുമാര, വായ്മൂടി പേസവും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. ധനുഷ് നായകനായ മാരി എന്ന ചിത്രത്തിലെ റോബോ ശങ്കറിന്റെ കഥാപാത്രം ശ്രദ്ധേയമാണ്. മാരി 2, വിശ്വാസം, പുലി, മിസ്റ്റർ ലോക്കൽ, കോബ്ര തുടങ്ങി നിരവധി സിനിമകളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ട്.