'പരസ്പര ബഹുമാനമുണ്ട്, ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഇല്ല'; ദിൽവാലേയിൽ നഷ്ടം നേരിട്ടിരുന്നില്ല -രോഹിത് ഷെട്ടി
text_fieldsബോളിവുഡിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു ഷാരൂഖ് ഖാനും സംവിധായകന്‍ രോഹിത് ഷെട്ടിയും ഒന്നിച്ചഭിനയിച്ച ചെന്നൈ എക്സ്പ്രസ്. എന്നാല്‍ പിന്നീട് ഇവര്‍ ചെയ്ത ദിൽവാലെ ബോക്സോഫീസില്‍ വലിയ തരംഗം ഉണ്ടാക്കിയില്ല. അതിനുശേഷം ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രോഹിത്ത് ഷെട്ടി.
'ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾക്ക് പരസ്പര ബഹുമാനമുണ്ട്. ദിൽവാലേക്ക് ശേഷം ഞാന്‍ സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു. നഷ്ടം സംഭവിച്ചാൽ അത് നമ്മുടെ ഉത്തരവാദിത്തമായിരിക്കുമെന്നതിനാൽ ഞാന്‍ എന്‍റെ രീതിയില്‍ സിനിമകള്‍ നിർമിക്കാൻ തീരുമാനിച്ചു. എന്നാല്‍ ദിൽവാലേയിൽ ഞങ്ങൾക്ക് നഷ്ടം നേരിട്ടിരുന്നില്ല'.
വിദേശത്ത് ദിൽവാലെ വിജയമായിരുന്നുവെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ഷാരൂഖ് ഖാനും ഗൗരി ഖാനും ചേർന്ന് റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഈ ചിത്രം നിർമിച്ചത്. 2015 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദിൽവാലെ 300 കോടിയോളം ആഗോള ബോക്സോഫീസില്‍ നേടിയെങ്കിലും ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം വലിയ നേട്ടമൊന്നും ഉണ്ടാക്കിയിരുന്നില്ല. ദീപിക പദുക്കോൺ, രൺവീർ സിങ്, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച സഞ്ജയ് ലീല ബൻസാലിയുടെ പീരിയഡ് ഡ്രാമയായ ബാജിറാവു മസ്താനിയുമായാണ് ദിൽവാലെ ഏറ്റുമുട്ടിയത്.
അജയ് ദേവ്ഗൺ, രൺവീർ സിങ്, ദീപിക പദുക്കോൺ എന്നിവരുമായുള്ള അടുപ്പത്തെ കുറിച്ചും താരം സംസാരിച്ചു. അജയ് ദേവഗണ്‍ ജ്യേഷ്ഠനെപ്പോലെയാണ്. ദീപിക നാല് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് സിങ്കം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരിക്കാന്‍ വന്നത് രോഹിത്ത് ഓര്‍ത്തു.